വിഷ്ണുപ്രിയ കൊലപാതകം: പഴുതടച്ച് പൊലീസ്, പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ് രംഗത്ത്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സാക്ഷികളെയാണ് ​ലഭിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തും പ്രതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയൽവാസിയുമാകും കേസിലെ സാക്ഷികൾ. ഞായറാഴ്ച കോടതി അവധിയായതിനാൽ തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്പോഴാണ് കസ്റ്റഡി അപേക്ഷ കൊടുക്കുക.

കസ്റ്റഡിയിൽ കിട്ടിയ ശേഷം പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം വിഷ്ണുപ്രിയയുടെ ശവ സംസ്കാരം നടക്കുന്നതിനാലാണ് തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതി പിടിയിലായപ്പോൾ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്താനായത് പൊലീസിന് നേട്ടമായി. ചുറ്റിക, കയ്യുറ, മാസ്ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തണം. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിന്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കും. വിഷ്ണുപ്രിയയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ ശ്യാംജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. അയാളുടെയും മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പഴുതടച്ച കുറ്റപത്രമൊരുക്കാൻ തന്നെയാണ് പൊലീസ്​ ശ്രമിക്കുന്നത്. ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.

ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

Tags:    
News Summary - Vishnu Priya murder Police close the loophole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.