ഭർത്താവ് മർദിച്ചുവെന്ന് കരഞ്ഞുകൊണ്ട് വിസ്മയ... പിതാവിനോട് തന്റെ ദുരിതം പറയുന്ന ശബ്ദരേഖ പുറത്ത്

കൊല്ലം: വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെ ഭർത്താവിൽ നിന്നും താൻ​ നേരിട്ട പീഡനങ്ങൾ പിതാവിനോട് പറയുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് കിരൺ മർദിച്ചുവെന്ന് കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നു. `ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല. എനിക്ക് പറ്റത്തില്ല അച്ഛാ.. എനിക്ക് പേടിയാ. എന്നെകൊണ്ട് പറ്റൂല്ല അച്ഛാ.. സഹിക്കാൻ കഴിയുന്നില്ല...' എന്നിങ്ങനെയാണ് വിസ്മയ പറയുന്നത്. ഈ ശബ്ദരേഖ നേരത്തെ വിചാരണവേളയിൽ കോടതിക്ക് മുൻപാകെ എത്തിയതാണ്. ഇന്നാണ്, ശബ്ദരേഖ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ സംഭാഷണം നടന്നത്. 

ഈ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് നാളെ വിധി പ്രഖ്യാപിക്കുക. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.

വിസ്മയ മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപാണ് കേസിൽ വിചാരണ പൂർത്തിയായി വിധി പറയുന്നത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. ജനുവരി പത്തിനാണ് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചത്.

2021 ജൂൺ 21നാണ് വിസ്മയയെ കിരണിന്‍റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ വലിയ ബോധവൽകരണം സംസ്ഥാനത്ത് നടന്നിരുന്നു. 

Tags:    
News Summary - Vismaya murder case verdict tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.