കൊല്ലം: വിസ്മയക്കേസിൽ പ്രതി കിരൺകുമാറിനെതിരെ കുറ്റപത്രത്തിൽ ഉൾപ്പെടാത്ത ഡിജിറ്റൽ തെളിവുകൾ. കുറ്റപത്രം സമർപ്പിക്കുമ്പോൾ കിരൺകുമാറിന്റെയും വിസ്മയയുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിരുന്നില്ല. ഇരുവരുടെയും ഫോണിൽ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ വിവാഹ കാലഘട്ടം മുതലുള്ള ഫോൺ സംഭാഷണം ലഭിച്ചിട്ടുണ്ട്.
വില കൂടിയ കാർ സ്ത്രീധനമായി ആവശ്യപ്പെടുന്നതുൾപ്പടെ സംഭാഷണത്തിലുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പുതിയ തെളിവുകളിലൂടെ ഖണ്ഡിക്കാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
പ്രതിഭാഗത്തിന്റെ ആരോപണം വിസ്മയയുടെ പിതാവ് നിഷേധിച്ചു
കൊല്ലം: വിസ്മയക്ക് എവിടെയെങ്കിലും പോകണമെങ്കിൽ പുതിയ കാറില്ലെങ്കിൽ നാണക്കേടാകുമെന്നതിനാൽ പ്രതി കിരൺകുമാറിന്റെ തലയിൽ കെട്ടിവെച്ചതാണ് കാർ എന്ന പ്രതിഭാഗത്തിന്റെ ആരോപണം സാക്ഷി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ നിഷേധിച്ചു.
കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്തിനു മുമ്പാകെ നടക്കുന്ന എതിർവിസ്താരത്തിലാണ് ത്രിവിക്രമൻ നായർ പ്രതിഭാഗം ആരോപണങ്ങൾ നിഷേധിച്ചത്. മകന്റെ വിവാഹം വിളിക്കാൻ വരണമെന്ന് കിരണിനെ വിസ്മയ മുഖാന്തരം അറിയിെച്ചന്നും എന്നാൽ, വരാത്തതുകൊണ്ടുള്ള വിരോധംകൊണ്ടാണ് വിസ്മമയയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയതെന്നുമുള്ള ചോദ്യവും നിരസിച്ചു. കിരണിന്റെ സമ്മതപ്രകാരം വിസ്മയ കിരണിനെ ഫോൺ വിളിച്ച് അനുവാദം വാങ്ങിയിട്ടാണ് പോയതെന്ന ചേദ്യത്തിനു തനിക്കറിയില്ലെന്നാണ് മൊഴി.
2021 ജനുവരി 11 നു വിസ്മയയും കിരണും തമ്മിലുള്ള സംഭാഷണം കോടതിയിൽ കേൾപ്പിച്ചതിൽ അത് ഇരുവരും തമ്മിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിക്കു വേണ്ടി അഡ്വ. പ്രതാപചന്ദ്രൻ പിള്ളയുടെ എതിർവിസ്താരം ബുധനാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.