പാലക്കാട്: പണപ്പിരിവും അഴിമതിയും അരങ്ങുവാഴുന്നത് അഴിമതിരഹിത ചെക്ക്പോസ്റ്റ് എന്ന് സർക്കാർ കൊട്ടിഘോഷിച്ച വാളയാറിലെ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ. ഇതിനു മുമ്പും പലതവണ ഈ ചെക്ക്പോസ്റ്റിൽനിന്ന് വിജിലൻസ് അനധികൃത പണം പിടികൂടിയിരുന്നു. കൈക്കൂലി വാങ്ങിയതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നെങ്കിലും വളരെ അപൂർവമായി മാത്രമേ വകുപ്പുതല നടപടികൾ ഉണ്ടാവാറുള്ളൂ.
ഭരണാനുകൂല സർവിസ് സംഘടനകളുടെ സംരക്ഷണത്തിൽ വകുപ്പുതല നടപടികൾ തേച്ചുമായ്ച്ചു ഇല്ലാതാക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ പലരും രക്ഷപ്പെടുകയും ചെയ്തു. ചിലരെ സസ്പെൻഡ് ചെയ്തെങ്കിലും ഏതാനും മാസങ്ങൾക്കകം തിരിച്ചുകയറ്റി. കൈക്കൂലി തടയാൻ വകുപ്പുതല നടപടികളൊന്നും ട്രാൻസ്പോർട്ട് കമീഷണറേറ്റ് സ്വീകരിച്ചില്ല. കോവിഡ് ലോക്ഡൗണിനുശേഷം അതിർത്തി തുറന്നതോടെയാണ് ചെക്ക്പോസ്റ്റിൽ വീണ്ടും പണപ്പിരിവ് തുടങ്ങിയത്. വിജിലൻസിൽ പരാതികൾ വന്നുതുടങ്ങിയതോടെ ഡയറക്ടറുടെ നിർദേശപ്രകാരം പാലക്കാട് വിജിലൻസ് സംഘം റെയ്ഡിന് ഇറങ്ങുകയായിരുന്നു. വേഷം മാറിയെത്തിയതിനാൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് അറിയാൻ പറ്റിയില്ല. ഇതിനാലാണ് ഉദ്യോഗസ്ഥരും ഏജന്റുമാരും കുടുങ്ങിയത്. യാക്കരയിലെ ഹരി എന്ന ഏജന്റ് മുഖേനയാണ് ഇവർ പണം പിരിച്ചുകൊണ്ടിരുന്നത്. വിജിലൻസ് സാന്നിധ്യം മനസ്സിലാക്കി ഡ്യൂട്ടിയിലുള്ള ഒരു എം.വി.ഐ കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റൊരാൾ അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിലൊരാൾ സർവിസിൽ കയറിയിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അവധിയിലാണെന്നും മറ്റൊരാൾ മൊഴി നൽകി. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ഇലകളിലാണ് നോട്ടുകൾ ചുരുട്ടി പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്.
ചരക്കുവാഹനങ്ങളിൽ കൊണ്ടുവരുന്ന പഴവും പച്ചക്കറിയും മറ്റും ചെക്ക്പോസ്റ്റിൽ വാങ്ങിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്മസ്, ഓണം ഉത്സവകാലത്ത് ചരക്കുവണ്ടിക്കാരിൽനിന്ന് വലിയ തുക പാരിതോഷികമായി കൈപ്പറ്റിവരുന്നതായും സൂചനയുണ്ട്. ചെക്ക്പോസ്റ്റ് റെയ്ഡിന് തടയിടാൻ, വിജിലൻസ് ഇടപെടലിനെ വകുപ്പുതല പ്രശ്നമായി മാറ്റിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും യൂനിയനുകളും ശ്രമിച്ചിരുന്നു. വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്തിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുവരുന്നത് യൂനിയനുകളുടെ സമ്മർദം മൂലമാണ്. ഈ ശീതസമരത്തിന്റെ പ്രതിഫലനമെന്നോണമാണ് വിജിലൻസ് സംഘമെത്തുന്നത് അറിയാൻ വാളയാറിലെ ചെക്ക്പോസ്റ്റിന് സമീപം സി.സി.ടി.വി സ്ഥാപിച്ചത്. ഇത് പിന്നീട് വൻ വിവാദമായി. ആളെ തിരിച്ചറിയാതിരിക്കാനാണ് വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ചെക്ക്പോസ്റ്റിൽ എത്തിയത്.
താൽക്കാലിക പെർമിറ്റിനും നൽകണം പണം
പാലക്കാട്: ടൂറിസ്റ്റ് വാഹനങ്ങൾക്ക് അന്തർ സംസ്ഥാനങ്ങളിലേക്ക് താൽക്കാലിക പെർമിറ്റ് ലഭിക്കാൻ വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ കൈക്കൂലി നൽകണം. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റും പോകുന്ന ടെമ്പോ ട്രാവലറുകൾക്കും ടൂറിസ്റ്റ് ബസുകൾക്കുമെല്ലാം താൽക്കാലിക പെർമിറ്റ് (ടി.പി) കിട്ടണമെങ്കിൽ ചെക്ക്പോസ്റ്റിൽ ആളൊന്നു വെച്ച് കവറിലാക്കി പണം നൽകണം. പെർമിറ്റിൽ കൂടുതൽ ആളുകളെ വണ്ടിയിൽ കയറ്റിയിട്ടുണ്ടെങ്കിൽ അതിനും പ്രത്യേക നിരക്കുണ്ട്. ആർ.സി ബുക്കിനൊപ്പം ആളുകളുടെ പട്ടികയും തുകയും കൗണ്ടറിൽ ഏൽപിക്കണം. തുക കുറഞ്ഞാൽ പെർമിറ്റ് ലഭിക്കില്ല. ഇങ്ങനെ പണം പിരിച്ചെടുക്കുന്ന വിവരം സർക്കാറിനും വകുപ്പ് മന്ത്രിക്കും മോട്ടോർ വാഹന വകുപ്പിലെ മേലധികാരിക്കുമെല്ലാം അറിയാം. എന്നിട്ടും ഇതിനെതിരെ ഒരുകാലത്തും നടപടി ഉണ്ടാവാറില്ല. വിജിലൻസ് റെയ്ഡുകൾ ഇടക്കിടെ നടക്കാറുണ്ടെങ്കിലും ചെക്ക്പോസ്റ്റിലെ മാമൂലുകൾക്ക് ഒരു മാറ്റവുമില്ലെന്ന് വാഹന ഡ്രൈവർമാർ പറയുന്നു. ഉന്നതങ്ങളിൽ ലക്ഷങ്ങൾ നൽകി ചെക്ക്പോസ്റ്റിൽ നിയമനം തരപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പരമാവധി തുക പിരിച്ചെടുക്കാൻ മത്സരിക്കുന്നതാണ് വാളയാറിലെ കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.