വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ 3.11 കോടി തട്ടി; തിരികെ നല്‍കാന്‍ ഉത്തരവ്

അബൂദബി: വിവാഹം കഴിക്കാമെന്ന വ്യാജേന യുവതിയില്‍നിന്ന് 14 ലക്ഷം ദിര്‍ഹം (31111913 ഇന്ത്യൻ രൂപ) തട്ടിയെടുത്ത പ്രതികളോട് തുക തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ വിദേശവനിതയാണ് പ്രതികള്‍ക്കെതിരെ അബൂദബി കോടതിയെ സമീപിച്ചത്.

അബൂദബിയില്‍ താമസിക്കുന്നയാള്‍ക്കുവേണ്ടിയെന്ന വ്യാജേന രണ്ട് സ്ത്രീകളാണ് പരാതിക്കാരിയുമായി ആശയവിനിമയം നടത്തുകയും പണം തട്ടുകയും ചെയ്തത്. ഒരു പുരുഷന്‍റെ അക്കൗണ്ട് നിര്‍മിച്ചശേഷം ഇതുപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇവര്‍ക്കൊപ്പം മറ്റൊരു പുരുഷനും തട്ടിപ്പിന് കൂട്ടുനിന്നിരുന്നു.

അബൂദബിയില്‍ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഇവര്‍ യുവതിയോട് പണം ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം യുവതി ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുനല്‍കി. പണം നല്‍കിയശേഷമാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

അബൂദബി ക്രിമിനല്‍ കോടതി നേരത്തേ മൂന്ന് പ്രതികളെയും മൂന്നുമാസത്തേക്ക് ശിക്ഷിക്കുകയും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശി പുരുഷനെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ പരാതിക്കാരി പ്രതികള്‍ക്കെതിരെ വീണ്ടും കോടതിയെ സമീപിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ട കോടതി പ്രതികളോട് 14 ലക്ഷം ദിര്‍ഹം തിരികെനല്‍കാനും നഷ്ട പരിഹാരമായി 20,000 ദിര്‍ഹംകൂടി (4.44 ലക്ഷം രൂപ) നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. പരാതിക്കാരിയുടെ കോടതിച്ചെലവും പ്രതികള്‍ വഹിക്കണം.

Tags:    
News Summary - Woman cheated of ₹3.11 crores on promise of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.