വാഷിങ്ടൺ: അമേരിക്കയിൽ സഹോദരിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഒരു വർഷത്തോളം കാറിൽ സൂക്ഷിച്ച 33കാരി അറസ്റ്റിൽ. കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ സൂക്ഷിച്ച ശേഷം അവർ സാധാരണപോലെ അമേരിക്കൻ നിരത്തുകളിൽ വാഹനമോടിക്കുകയും ചെയ്തിരുന്നു. പരിശോധനക്കിടെ ഇവർ പിടിയിലാകുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു.
അമേരിക്കൻ മോട്ടോറിസ്റ്റായ നികോളെ ജോൺസണാനാണ് പൊലീസിന്‍റെ പിടിയിലായത്. കിഴക്കൻ തീരമായ ബാൾട്ടിമോർ സ്വദേശിയാണ് ഇവർ. ഇവർക്കെതിരെ ബാലപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഏഴുവയസുകാരിയായ മരുമകളുടെയും അഞ്ചുവയസായ ആൺക്കുട്ടിയുടെയും മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞവർഷം മേയിലാണ് നികോളെ മരുമകളെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി കാറിൽ സൂക്ഷിക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷമായിരുന്നു ആൺകുട്ടിയുടെ കൊലപാതകം. ഈ വർഷം മേയിൽ കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപം സൂക്ഷിക്കുകയായിരുന്നു. പിന്നീട്, സാധാരണപോലെ അവർ നഗരത്തിൽ വാഹനമോടിക്കുകയും ചെയ്തു.
ബുധനാഴ്ച അമിതവേഗത്തിലെത്തിയ വാഹനം പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയിൽ വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ നികോളെക്ക് കഴിഞ്ഞില്ല. ഇതോടെ പൊലീസ് കാർ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടുകിട്ടുന്നത്.
2019മുതൽ കുട്ടികളുടെ പരിചരണം നികോളെ ഏറ്റെടുക്കുകയായിരുന്നുവെന്ന് സഹോദരി െപാലീസിനോട് പറഞ്ഞു. രണ്ടു കുട്ടികളെയും നിരന്തരം മർദിച്ചിരുന്നതായി നികോളെ സമ്മതിച്ചു. തല തറയിലിടിച്ച് വീണാണ് പെൺകുട്ടി മരിച്ചതെന്ന് നികോളെ സമ്മതിച്ചു. എന്നാൽ ആൺകുട്ടിയുടെ മരണം എങ്ങനെയാണെന്ന് അവർ പറയാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.