അന്തിക്കാട്: പരാതി അന്വേഷിക്കാനെത്തിയ വനിത എസ്.ഐയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി മരോട്ടിക്കൽ ശ്രീരജിനെയാണ് (40) എസ്.എച്ച്.ഒ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
ശ്രീരജിന്റെ അനുജൻ ശ്രീജിത്തിന് കഴിഞ്ഞദിവസം മർദനമേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയും പ്രതിക്ക് ജാമ്യവും ലഭിച്ചു. മർദിച്ച പ്രതിയുടെ കടയിൽ കയറി ശ്രീരജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനായി എത്തിയ അന്തിക്കാട് വനിത എസ്.ഐയെ കൈയേറ്റം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, പൊലീസ് കള്ളക്കഥ ചമയ്ക്കുകയാണെന്ന ആക്ഷേപവുമായി ശ്രീരജിന്റെ മാതാപിതാക്കൾ രംഗത്ത് വന്നു.
ഞായറാഴ്ച വീട്ടിലെത്തിയ വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിതാവ് സുരേന്ദ്രനോട് കയർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ശ്രീരജിനെ വീട്ടിൽനിന്ന് ബലമായി ജീപ്പിൽ കയറ്റുകയുമാണ് ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് സെല്ലിൽ അടച്ച് കള്ളകേസെടുക്കുകയുമാണ് ചെയ്തതെന് ശ്രീരജിന്റെ മാതാപിതാക്കൾ പറയുന്നത്.
സംഭവത്തിൽ നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പറഞ്ഞു. സ്റ്റേഷനിലെത്തിയ തന്നോടും സി.ഐ അപമര്യാദയായി പെരുമാറിയതായി വാർഡ് അംഗം കെ. രാഗേഷ് പറഞ്ഞു.
ധിക്കാരപരമായും മര്യാദയില്ലാതെയും പെരുമാറിയ എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും കെ. രാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.