മൂവാറ്റുപുഴ: നഗരത്തിലെ മാരുതി വർക്ക്ഷോപ്പിൽ പട്ടാപ്പകൽ മോഷണം നടത്തി കടന്നയാളെ വർക്ക്ഷോപ് തൊഴിലാളികൾ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. മറയൂർ സ്വദേശി സതീശൻ എന്നയാളെയാണ് തൊഴിലാളികൾ ഓടിച്ചുപിടികൂടിയത്. വാഴപ്പിള്ളി ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന എ.ബി.എസ് മാരുതി സർവിസ് സെൻററിൽ കയറിയ മോഷ്ടാവ് ക്വാളിസ് ലീഫ് സെറ്റും സ്പെയർപാർട്സുമായി കടക്കുകയായിരുന്നു. ലീഫ് കടത്തിക്കൊണ്ട് പോകുന്നതുകണ്ട നാട്ടുകാർ തൊഴിലാളികളെ വിവരം അറിയിച്ചതോടെയാണ് ഇവർ പിന്തുടർന്ന് പിടികൂടിയത്.ആഗസ്റ്റിൽ വർക്ക്ഷോപ്പുകളിൽനിന്നടക്കം മോഷണം നടത്തുന്ന ഒഡിഷ സ്വദേശിയെ വർക്ക്ഷോപ് ഉടമ പിടികൂടി പൊലീസിൽ ഏൽപിച്ചങ്കിലും കേസ് എടുക്കാതെ വിട്ടയച്ചതു വിവാദമായിരുന്നു. വാഴപ്പിള്ളിയിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു വർക്ക്ഷോപ്പിൽനിന്ന് ബാറ്ററികളും എൻജിനും മോഷ്ടിച്ച സംഭവത്തിൽ പിടിയിലായയാളെയാണ് വെറുതെ വിട്ടത്.
വർക്ക്ഷോപ്പിൽനിന്ന് മോഷ്ടിച്ച ബാറ്ററികളിൽ ഒരെണ്ണം ജീവനക്കാർ ഇയാളുടെ താവളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്താൽ തൊണ്ടിമുതലായി ബാറ്ററി കോടതിയിൽ ഹാജരാക്കേണ്ടി വരുമെന്നും തിരിച്ചുകിട്ടാൻ വർഷങ്ങൾ എടുത്തേക്കുമെന്നും ഉടമയെ ബോധ്യപ്പെടുത്തിയാണ് കേസെടുക്കാതെ പ്രതിയെ വിട്ടയച്ചത്. വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളിലെ വർക്ക്ഷോപ്പുകളിലെ വിവിധ വാഹനങ്ങളുടെ ബാറ്ററിയും എൻജിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും മോഷണം പോകുന്നത് പതിവാണ്. അന്ന് പിടിയിലായ ഒഡിഷ സ്വദേശി വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷണസംഘത്തെ കുറിച്ച് വിശദമായി വിവരങ്ങൾ നൽകിയിരുന്നു. മലയാളികൾ അടക്കമുള്ളവർ സംഘത്തിലുെണ്ടന്നും പറഞ്ഞിരുന്നു.
വർഷങ്ങളായി മൂവാറ്റുപുഴയിൽ താമസിക്കുന്നയാളായിരുന്നു ഒഡിഷ സ്വദേശി. ഇയാളെ പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ളവർ മദ്യവും പണവും നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് മോഷണസംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് പറഞ്ഞത്. ഇയാളുടെ വിശദീകരണങ്ങൾ അടങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് ഇവർ പൊലീസിന് കൈമാറിയത്. എന്നാൽ, അന്വേഷണം നടത്താതെയാണ് അന്ന് കൈയിൽ കിട്ടിയ പ്രതിയെ പൊലീസ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.