മേപ്പാടി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുക, വിപണനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടത്തിവരുന്ന 'യോദ്ധാവ്' ആന്റി നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മേപ്പാടി എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിൽ, വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടിൽ നാസികിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന പെപ്പർ സ്പ്രേ എടുത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ അടിക്കുകയും വലതു കൈത്തണ്ടയിൽ ശക്തമായി കടിച്ച് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സംഘം ഇയാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആന്ധ്രയിൽനിന്നാണ് ഇയാൾ മൊത്തമായി കഞ്ചാവ് വാങ്ങുന്നത്. ട്രെയിനിലും തുടർന്ന് ഓട്ടോറിക്ഷയിലുമായി അതിർത്തി കടത്തി കൊണ്ടുവരുകയാണ് പതിവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ചേരമ്പാടി അതിർത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കിൽ കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാൻ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ചെറിയ പാക്കറ്റുകൾ ആക്കി ചില്ലറ വിൽപന ചെയ്യുകയാണ് ഇവരുടെ രീതി.
നാസിക്കിനെ മുമ്പും കഞ്ചാവുമായി പിടികൂടിയതിന് അമ്പലവയൽ, കൽപറ്റ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഇയാൾക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വെക്കുന്നതിനും സഹായങ്ങൾ ചെയ്യുന്ന കൂട്ടുകച്ചവടക്കാരനായ കോട്ടത്തറ വയൽ പാറായിൽ മണിയെയും(25) പൊലീസ് അറസ്റ്റ് ചെയ്തു. എസ്.സി.പിഒമാരായ നൗഫൽ, മുജീബ്, പ്രശാന്ത്, ഗോവിന്ദൻകുട്ടി, വിമൽ കുമാർ, ശ്രീജിത്ത്, മജീദ്, സി.പി.ഒമാരായ സഹീർ അഹമ്മദ്, ഷാജഹാൻ, ഷാലു എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.