തളിപ്പറമ്പ്: മോഷ്ടിച്ച ബൈക്കും 4.6 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ സ്വദേശി പിടിയിൽ. തളിക്കുളം സ്വദേശി കെ.പി. പ്രണവ് ദീപിനെയാണ് (30) ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽനിന്ന് മോഷ്ടിച്ച നാലു ലക്ഷത്തോളം വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കുമായി യുവാവ് തളിപ്പറമ്പ് ഭാഗത്തേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.
ബൈക്ക് റൈഡേഴ്സിന്റെ വാട്സ് ആപ് ഗ്രൂപ്പുകളിലും മോഷണംപോയ ബൈക്കിന്റെ വിഡിയോകൾ ഷെയർ ചെയ്തിരുന്നു. ഇത് കാണാനിടയായ ബൈക്ക് പ്രേമികൾ ഓരോസ്ഥലത്തും മോഷ്ടിക്കപ്പെട്ട ബൈക്ക് എത്തുന്നത് ഗ്രൂപ്പുകളിൽ അറിയിച്ചു.വെള്ളിയാഴ്ച തളിപ്പറമ്പിൽ എത്തിയ പ്രണവ് സ്വകാര്യ ലോഡ്ജിൽ താമസിച്ചശേഷം ശനിയാഴ്ച ഉച്ചയോടെ തളിപ്പറമ്പ് മന്നയിൽ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിക്കുന്ന സ്ഥാപനത്തിൽ ബൈക്കുമായി എത്തി. ഈ സമയം കടയിലുണ്ടായിരുന്നവർ ബൈക്ക് തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഗ്രൂപ്പിൽ വന്ന വിഡിയോയിൽനിന്നാണ് ഇവർ ബൈക്ക് തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കോതേരി, എസ്.ഐ സി. റുമേഷ് എന്നിവർ എത്തിയാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. മോഷണം, മയക്കുമരുന്ന് തുടങ്ങിയ പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രണവ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.