പൂച്ചാക്കൽ (ആലപ്പുഴ): പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊന്നു. ഒരാൾ അറസ്റ്റിൽ. തൈക്കാട്ടുശ്ശേരി പത്താം വാർഡ് പനിയാത്ത് കോളനിയിൽ പരേതനായ രാമചന്ദ്രെൻറയും ലീലയുടെയും മകൻ വിപിൻലാലാണ് (37) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി മണപ്പുറം കണിയാൻചിറവീട്ടിൽ സുജിത്തിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുജിത്തിനെ തൈക്കാട്ടുശ്ശേരിയിൽനിന്ന് ഞായറാഴ്ച പുലർച്ചയാണ് പിടികൂടിയത്.
ശനിയാഴ്ച രാത്രി 12നുശേഷമാണ് സംഭവം. വിപിൻ ലാലിെൻറ ഉടമസ്ഥതയിലുള്ള മാലിന്യം നീക്കം ചെയ്യുന്ന ടാങ്കറിെൻറ ഡ്രൈവർ മനുവിെൻറ സഹോദരിക്ക് മൊബൈൽ ഫോണിൽ സഭ്യമല്ലാത്ത സന്ദേശമയച്ചതിെൻറ പേരിൽ ചിലരുമായി തർക്കവും വാക്കേറ്റവും കഴിഞ്ഞദിവസം നടന്നിരുന്നു. ഈ പ്രശ്നം ഒത്തുതീർക്കാനെന്ന പേരിൽ വിപിൻ ലാലിെൻറ വീട്ടിൽ രാത്രി രണ്ടുപേരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മനുവിന് ഒപ്പം സ്കൂട്ടറിൽ എത്തിയ വിപിൻ ലാലിനെ, മന്തൻ കവലക്ക് സമീപത്തെ കോളനി റോഡിൽ വെച്ച് ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. വിപിൻ ലാലിനെ തലക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷമാണ് അക്രമിസംഘം കടന്നുകളഞ്ഞത്.
മനു, വിപിെൻറ വീട്ടിലെത്തി ഭാര്യ രശ്മിയെയും കൂട്ടിവന്ന് തുറവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി നില ഗുരുതരമായപ്പോൾ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനുശേഷം തിങ്കളാഴ്ച പൂച്ചാക്കലിലെ കുടുംബവീട്ടിൽ സംസ്കരിക്കും.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട മറ്റുപ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിപിൻലാലിെൻറ മക്കൾ: അശ്വിൻ ലാൽ, അശ്വതിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.