ആൽവാർ: രാജസ്ഥാനിലെ ആൽവാറിൽ ഗോരക്ഷ ഗുണ്ടകളുടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. 17കാരനായ സാബിർ ഖാനാണ് മരിച്ചത്. മുൻ വൈരാഗ്യമാണ് സാബിറിനെ കൊലപ്പെടുത്താൻ കാരണമെന്ന് കുടുംബം ആരോപിച്ചു. സാബിറും സുഹൃത്തുക്കളും റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. പശുക്കടത്തുകാരെന്ന് ആരോപിച്ച് മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ സാബിറിനെ ഇടിക്കുകയായിരുന്നു. ചോപൻകി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
രണ്ടുവാഹനങ്ങളും സാബിറിനെ ഇടിച്ചതായാണ് വിവരം. ഒരു വാഹനം മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ രണ്ടുവാഹനങ്ങളും സാബിറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, രണ്ടു വാഹനങ്ങളും സാബിറിനെ ഇടിച്ചോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
രാവിലെ സുഹൃത്തുക്കളോടൊപ്പം സാബിർ ഓടാൻ പോയതാണെന്നും ബജ്രംഗ്ദൾ പ്രവർത്തകരാണ് സാബിറിനെ വാഹനം ഇടിപ്പിച്ചതെന്നും സാബിറിന്‍റെ ബന്ധുവായ ഹുസ്സൈനുദീൻ ആരോപിച്ചു. സാബിറിനെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയിരുന്നു. പിന്നീട് വാഹനം തവാഡു സ്റ്റാൻറിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നുവെന്നും ടയറിൽ രക്തക്കറയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായും തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും ഹുസ്സൈനുദീൻ കൂട്ടിച്ചേർത്തു.
സാബിറിന്‍റെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുകയും മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ അനിൽ ഗുർജാറിനും മറ്റു ആറുപേർക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ അനിൽ ദിവസങ്ങൾക്ക് മുമ്പ് സാബിറിനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. താനൊരു ഹിന്ദു സംഘടന പ്രവർത്തകൻ ആണെന്നും റോഡിലൂടെ ഇനി ഓടിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. അനിൽ മനപൂർവം സാബിറിനെ വാഹനം ഇടിപ്പിച്ചതാെണന്ന് കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.