അമ്പലപ്പുഴ: വാക്തർക്കത്തെതുടർന്ന് ജ്യേഷ്ഠനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരനെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ സന്തോഷിനെ (46) കൊലപ്പെടുത്തിയ കേസിൽ അനുജൻ ബിസിയെയാണ് (42)അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അടിയുടെ ആഘാതത്തിൽ സന്തോഷിന്റെ തലയോട്ടി പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മുഖത്ത് മാരകമായ അഞ്ച് മുറിവുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അമ്പലപ്പുഴ സി.ഐ ദ്വിജേഷ് പറഞ്ഞു.
ശനിയാഴ്ച പകൽ മൂന്നോടെയായിരുന്നു സംഭവം. ഓഹരി സംബന്ധമായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനാൽ ഇവരുടെ ഭാര്യമാർ പിണങ്ങി മാറിനിൽക്കുകയാണ്. മാതാവ് രതിയോടൊപ്പമാണ് ഇരുവരും താമസിക്കുന്നത്. സംഭവദിവസം ഉച്ചക്ക് സന്തോഷ് ഊണ് കഴിച്ചശേഷം കറിയിൽ എന്തോ പൊടികലക്കിയെന്നും തന്നെ കൊലപ്പെടുത്താനാണെന്ന സംശയത്തിന്റെ പേരിലാണ് ആക്രമിച്ചതെന്നുമാണ് ബിസി പൊലീസിന് നൽകിയ മൊഴി. കൃത്യം നടത്തിയശേഷം ഓടിക്കളയാൻ ശ്രമിച്ച പ്രതിയെ അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നിർദേശാനുസരണം സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ പ്രദീപ് ലാൽ, ഉദ്യോഗസ്ഥരായ ധനീഷ്, അരുൺ, സജിമോൻ, സജിത്ത്, സുരാജ്, വിനു, നിഖിൽ, ദിലീഷ്, ജയൻ, നൗഫൽ, നിഷ, ബിബിൻദാസ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.