കൽപറ്റ: ലോക റെക്കോഡ് നേടി വയനാടിന്റെ തുടിതാളം. കേരളത്തിലെ 702 നാട്ടുകലാകാരന്മാർ സമ്മേളിച്ച കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ തുടിയും ചീനിയും വട്ടക്കളിയും സമന്വയിപ്പിച്ചപ്പോൾ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ് വയനാടിന് സ്വന്തമായി. കേരളത്തിലെ നാട്ടുകലാകാരന്മാരുടെ കൂട്ടായ്മയാണ് ലോക റെക്കോഡിനായി പരിപാടി അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 702 നാട്ടുകലാകാരന്മാര് അവതരിപ്പിച്ച ‘അറബുട്ടാളു’ എന്ന് പേരിട്ട തുടിക്കളിക്ക് ഒരുമണിക്കൂർ നേരം ഉയർന്ന തുടിതാളം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡിലൂടെ ലോകത്തിന്റെ നെറുകയിലെത്തി.
നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തിയത്. പാരമ്പര്യ ഗോത്ര വാദ്യോപകരണമായ തുടിയുടെ ആകൃതിയില്‍ കലാകാരന്മാരെ വിന്യസിച്ചാണ് ‘അറബുട്ടാളു’ അവതരിപ്പിച്ചത്. തുടിക്കളിയില് അണിനിരന്നതില്‍ 200ല്‍പരം കലാകാരന്മാര് വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്നിന്നുള്ളവരായിരുന്നു. നേരത്തേ ചിട്ടപ്പെടുത്തിയതനുസരിച്ച് കലാകാരന്മാരിൽ ഒരുവിഭാഗം തുടികൊട്ടിപ്പാടി.
അതേസമയം, മറ്റൊരു കൂട്ടം വട്ടക്കളി കളിച്ചു. അവതരണത്തിനു മുമ്പ് രണ്ടുതവണ റിഹേഴ്സല്‍ നടത്തിയാണ് റെക്കോഡിലേക്കെത്തിയത്. വിശിഷ്ട വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ പരിപാടിയുടെ അവസാനം ലോക റെക്കോഡ് പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
രമേഷ് ഉണർവും മറ്റ് സംഘാടകരും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിക്ക് ലഭിക്കുന്ന നാലാമത് ലോക റെക്കോഡാണിത്. രമേഷ് കരിന്തലക്കൂട്ടം, ഉദയന്‍ കുണ്ടുംകുഴി, വിജയന് ഗോത്രമൊഴി, ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക, ബൈജു തൈവ മക്കൾ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്കൊടുവിൽ യുദ്ധത്തിനെതിരെയുള്ള സന്ദേശമായി കലാകാരന്മാർ തുടിതാളം മുഴക്കി. ചടങ്ങിന് ടി. സിദ്ദീഖ് എം.എൽ.എ, നടൻ അബുസലിം, പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ തുടങ്ങി നിരവധി പേർ ദൃക്സാക്ഷികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.