'ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയുന്നതിന്റെ തലേരാത്രിയില്‍ മരണവംശം വായിക്കുകയായിരുന്നു

കോഴിക്കോട് : വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയുടെയും പ്രതികാരത്തിന്റെയും ആവിഷ്കരാമായ മരണവംശം എന്ന നോവൽ എഴുതിയ പി.വി. ഷാജികുമാറിന് അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയുന്നതിന്റെ തലേരാത്രിയിലാണ് വി.ഡി സതീശൻ മരണവംശം എന്ന നോവൽ വായിച്ചത്.

കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചനയിലൂടെ കടന്നുപോയപ്പോൾ ടെന്‍ഷനൊന്നും അറിഞ്ഞില്ലെന്നാണ് വി.ഡി സതീശൻ പറയുന്നത്. ടെന്‍ഷനൊക്കെ സാധാരണ പുസ്തകം വായിച്ചാണ് അദ്ദേഹം കളയുന്നത്. വായിക്കുമ്പോള്‍ പുസ്തകം തരുന്ന ലോകത്തെത്തായിരിക്കും. മരണവംശം വായിച്ച് ഏര്‍ക്കാനയിലെത്തിയത് പോലെ തോന്നിയെന്നും സതീശൻ ഷാജി കുമാറിനോട് പറഞ്ഞു. വി.ഡി സതീശനുമായിട്ടുള്ള കണ്ടുമുട്ടൽ പി.വി. ഷാജികുമാർ ഫേസ്ബുക്കിൽ കുറിച്ചു.

പി.വി. ഷാജികുമാറിന്റെ കുറിപ്പന്റെ പൂർണ രൂപം

കഴിഞ്ഞ ഞായറാഴ്ച നാട്ടില്‍ നിന്ന് ട്രെയിനില്‍ മടങ്ങുമ്പോള്‍ അപരിചിതമായ നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. 'ഷാജികുമാറല്ലേ, ഞാന്‍ വി.ഡി. സതീശനാണ്...' ഞാനൊന്ന് പകച്ചു. 'ഷാജിയുടെ മരണവംശം വായിച്ചു. ഗംഭീരപുസ്തകം..' സ്ഥലകാലത്തിലേക്ക് തിരിച്ചെത്തി ഞാന്‍ സന്തോഷം അറിയിച്ചു.

'വായിക്കാന്‍ വൈകിയതില്‍ വലിയ കുറ്റബോധമുണ്ട്..' നോവലിനെക്കുറിച്ച് അങ്ങനെ പലതും പറയവെ റേയ്ഞ്ച് പോയി സംസാരം മുറിഞ്ഞു കൊണ്ടിരുന്നു. 'നാളെ പുലര്‍ച്ചെ ശബരിമല പോകുന്നുണ്ട്. അതുകഴിഞ്ഞ് ഞാന്‍ ഷാജിയെ വിളിക്കാം. എനിക്ക് നിങ്ങളെ ഒന്ന് കാണണം..'

അദ്ദേഹം ഫോണ്‍ വെച്ചു. പിറ്റേന്ന് വൈകുന്നേരം പറഞ്ഞത് പോലെ അദ്ദേഹം വിളിച്ചു. 'മരണവംശം' തന്നെയായിരുന്നു വിഷയം.'പതിമൂന്നിന് കൊച്ചിയിലുണ്ടാവും.. കാണാം. ' അദ്ദേഹം തീയ്യതിയുറപ്പിച്ചു.

ഇന്നലെ വീണ്ടും വിളിച്ച് പന്ത്രണ്ട് മണിക്ക് കാണുമല്ലോയെന്ന് ഓര്‍മപ്പെടുത്തി. എന്നെപ്പോലൊരു സാധാരണക്കാരന് അദ്ദേഹം നല്‍കുന്ന പരിഗണന സന്തോഷപ്പെടുത്താതിരുന്നില്ല. അങ്ങനെ ഇന്ന് കണ്ടു,ഒരു മണിക്കൂറോളം സംസാരിച്ചു. ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ആശ്ചര്യത്തോടെ ഞാന്‍ കേട്ടുനിന്നു. ഇത്രയും തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ വായനയ്ക്ക് സമയം കണ്ടെത്തുന്നതിന്റെ ഔന്നത്യം മനസ്സില്‍ വന്നു.

'ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയുന്നതിന്റെ തലേരാത്രിയില്‍ ഞാന്‍ നോവല്‍ വായിക്കുകയായിരുന്നു.. അതുകൊണ്ട് തന്നെ ടെന്‍ഷനൊന്നും അറിഞ്ഞില്ല. ടെന്‍ഷനൊക്കെ ഞാന്‍ പുസ്തകം വായിച്ചാ കളയുക. വായിക്കുമ്പോള്‍ നമ്മള്‍ പുസ്തകം തരുന്ന ലോകത്തെത്തായിരിക്കുമല്ലോ, മരണവംശം വായിച്ച് ഞാന്‍ ഏര്‍ക്കാനയിലെത്തിയത് പോലെ..' എന്റെ മനസ്സറിഞ്ഞത് പോലെ അദ്ദേഹം പറഞ്ഞു.

'പുസ്തകം വായിക്കാത്തയാള്‍ ഒരു ജീവിതമേ ജീവിക്കുന്നുള്ളൂ, പുസ്തകങ്ങള്‍ വായിക്കുന്നയാള്‍ പല ജീവിതങ്ങള്‍ ജീവിക്കുന്നു.' എന്ന വാചകം ഓര്‍മയിലെത്തി. ഇറങ്ങുന്നേരം ബാഗില്‍ നിന്ന് ക്രോസിന്റെ Classic Century Medalist പേന നല്‍കികൊണ്ട് മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞു: 'പേന എനിക്ക് ആര്‍ക്കും കൊടുക്കാന്‍ തോന്നാറില്ല.. എന്നാല്‍ ഷാജിക്ക് തരണമെന്ന് തോന്നി, മരണവംശമെന്ന നോവലുണ്ടാക്കിയ തോന്നല്‍..' ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞ് ഞാന്‍ സമ്മാനം ഏറ്റുവാങ്ങി.

'വായനക്കാരായ രാഷ്ട്രീയക്കാര്‍ ഉള്ളയിടത്ത് ജനാധിപത്യത്തിന് കൂടുതല്‍ തെളിച്ചമേറും..' അങ്ങനെ പറയാന്‍ തോന്നി, പറഞ്ഞില്ല. പ്രതിപക്ഷനേതാവിന്റെ തിരക്കുകള്‍ക്കിടയിലും കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു മനുഷ്യന്റെ നോവല്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിലുള്ള അദ്ഭുതം അപ്പോഴും ഉള്ളിലുണ്ടായിരുന്നു.

Tags:    
News Summary - Death Race written by P.V. Shajikumar Congratulating , V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.