കുന്ദമംഗലം: പ്രകൃതിരമണീയമായ കുന്നിൻമുകളിലെ മനോഹര കാമ്പസായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം) മനോഹരമായ കലാസൃഷ്ടി ഒരുങ്ങി. കഥകളിയിലെ സ്ത്രീവേഷമാണ് ആകർഷകമായി സംവിധാനിച്ചിരിക്കുന്നത്. ലാസ്യവും ലാളിത്യവും സൗന്ദര്യവും നിറയുന്ന മനോഹരമായ സൃഷ്ടി.
കാട്ടുവള്ളിയുടെ ഇലപ്പടർപ്പിനു മുന്നിൽ വാഴകൾക്കിടയിലൂടെ സ്ത്രീവേഷമിട്ട് അരങ്ങിലേക്കെത്തുന്ന കഥകളിയിലെ ചിത്രമാണ് ഒരുക്കിയത്. മിനുക്കുവേഷം എന്നാണ് ഈ സ്ത്രീവേഷത്തിന് പറയുന്നത്. പ്രകൃതിദത്തമായ സസ്യജാലങ്ങളിൽനിന്ന് പുറത്തേക്കു നോക്കുന്ന രീതിയിലാണ് ചിത്രീകരണം. കാമ്പസിലെ വാട്ടർ ടാങ്കിന്റെ കൂറ്റൻ ടവറിലാണ് ചിത്രമൊരുക്കിയത്.
കേരളത്തിൽ മിക്കവാറും, കഥകളിയിലെ പുരുഷവേഷമാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ, ഇത്രയും വലിയ കാൻവാസിൽ മനോഹരമായാണ് ആർട്ടിസ്റ്റുകൾ പെൺ കഥകളി വേഷം വരച്ചുചേർത്തത്. വടകര സ്വദേശിയായ ആർട്ടിസ്റ്റ് അമ്പിളി മൈഥിലിയാണ് ഡിസൈൻ തയാറാക്കിയത്. കേരളത്തനിമയുള്ള ആശയം വേണമെന്ന് ഐ.ഐ.എം അധികൃതർ പറഞ്ഞപ്പോഴാണ് വ്യത്യസ്തമായ ചിത്രത്തെക്കുറിച്ച് അവരോട് പറഞ്ഞതെന്ന് ആർട്ടിസ്റ്റ് അമ്പിളി മൈഥിലി പറഞ്ഞു. പൂർണമായും എമൽഷൻ പെയിന്റിൽ ചെയ്തതാണ് ചിത്രം. മലപ്പുറം സ്വദേശി സുബീഷ് കൃഷ്ണ, കോഡൂർ സ്വദേശി ഷഹീൻ, കൊപ്പം സ്വദേശി ഉണ്ണി മണ്ണേങ്ങോട് എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.
ആറുദിവസംകൊണ്ടാണ് ഇവർ ഈ കഥകളി ചിത്രം ജീവസുറ്റതാക്കിയത്. 45 അടി ഉയരവും 20 അടി വീതിയുമുള്ളതാണ് കലാസൃഷ്ടി. പെയിന്റിങ്ങിന്റെ മൊത്തം വിസ്തീർണം 920 ചതുരശ്ര അടിയാണ്. കാമ്പസിന്റെ മറ്റിടങ്ങളിലും ഇതുപോലെ പുതുമയാർന്ന ചിത്രങ്ങൾ വരക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഐ.ഐ.എം സിവിൽ എൻജിനീയറിങ് ടീമിന്റെ നേതൃത്വത്തിലാണ് ചിത്രമൊരുക്കുന്നതിന് ഏകോപനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.