കൽപറ്റ: കഅ്ബാലയം കാണിക്കണേ അല്ലാഹ് എന്നത് ലോകമൊട്ടുക്കുമുള്ള വിശ്വാസികളെ സംബന്ധിച്ച് കേവലമൊരു ഗാനമല്ല, അവരുടെ മനസ്സും കണ്ണുകളും നിറക്കുന്ന ഒരു പ്രാർഥനയാണ്. അതിന് പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല. അങ്ങനെ ഒരു ഭാഗ്യം വയനാട് പൊഴുതന ആറാം മൈലിലെ അമൽ ഫാത്തിമക്ക് പ്ലസ് ടുവിന് പഠിക്കുേമ്പാൾ ലഭിച്ചു, കഅ്ബ കാണാൻ. ചിത്രരചനയിൽ ചെറുപ്പം മുതലേയുള്ള താൽപര്യം കാലിഗ്രഫിയിലേക്ക് വഴിമാറിയപ്പോൾ അന്ന് മനസ്സിൽ പതിഞ്ഞിരുന്ന കഅ്ബയുടെ വാതിൽ വരക്കണമെന്ന ആഗ്രഹം വളർന്നു.
ലോക്ഡൗൺ കാലത്ത് വിശുദ്ധവചനങ്ങളും ആശംസ കാർഡുകളുമെല്ലാം എമ്പാടും വരച്ചുവെങ്കിലും കഅ്ബയുടെ വാതിൽ എന്ന ലക്ഷ്യം മനസ്സിൽതന്നെ നിലനിന്നു. ഏറെനാളായി അതു സംബന്ധിച്ച ഗവേഷണത്തിലായിരുന്നു. കഅ്ബയെ മൂടുന്ന കിസ്വയുടെ ഓരോ ഭാഗത്തും എഴുതിയിരിക്കുന്നതെന്തെന്ന് പഠിച്ചു. ഒരു മാസമെടുത്ത് തങ്ക-രജത വർണങ്ങളാൽ പൂർത്തിയാക്കിയ ആകർഷകമായ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഅ്ബയുടെ വാതിൽ ഇത്ര സൂക്ഷ്മമായി കേരളത്തിൽനിന്ന് ഒരു കലാകാരി ചിത്രീകരിച്ചു കാണുന്നത് ഇതാദ്യമാെണന്നാണ് പാളയം പള്ളി മുൻ ഇമാം ഡോ. യൂസുഫ് നദ്വി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കും വീട്ടമ്മമാർക്കുമിടയിൽ വ്യാപകമായിരുന്ന കാലിഗ്രഫി താൽപര്യം മാനസിക വളർച്ചക്ക് ഏറെ സഹായകമായി മാറിയിട്ടുണ്ടെന്നാണ് അമൽ ഫാത്തിമയുടെ പക്ഷം.
ചിത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലെ 'പർപ്പിൾ പെൻ' എന്ന പേജിലൂടെ വിശുദ്ധവചനങ്ങൾക്ക് പുറമെ വിശേഷ ദിവസങ്ങളിൽ സമ്മാനമായി നൽകാനുള്ള ചിത്രങ്ങളും കാർഡുകളും തയാറാക്കാനും നിരവധി പേർ ബന്ധപ്പെടുന്നുണ്ട്. ഖത്തർ പ്രവാസി പിതാവ് മുസ്തഫയും ഉമ്മ സുബൈദയും ഉദ്യമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു. വിദ്യാർഥികളായ സഹോദരങ്ങൾ അഖീൽ മുഹമ്മദും ആയിഷ ഹനയുമാണ് മുഖ്യ പ്രചോദകരും വിമർശകരും. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയായ അമലിന് അറബി ഭാഷയിലും കാലിഗ്രഫിയിലും തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.