ദുബൈ: ലോകത്തിലെ കലാവിസ്മയങ്ങൾ ഒരുമിക്കുന്ന ആർട്ട് ദുബൈക്ക് മികച്ച പ്രതികരണം. വ്യത്യസ്തതകളും പുതുമകളുമായെത്തിയ മേളയുടെ അഞ്ചാം സീസൺ ഇന്ന് സമാപിക്കും. ദുബൈ മദീനത്ത് ജുമൈറയിൽ നടക്കുന്ന പ്രദർശനം ലോകത്തിലെ തന്നെ ഏറ്റവും ഏറ്റവും വലിയ ആർട്ട് ഫെസ്റ്റിവലാണ്. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആർട്ട് ദുബൈ സന്ദർശിച്ചു.
25 ക്ഷണിതാക്കൾക്ക് പുറമെ 44 രാജ്യങ്ങളിലെ നൂറോളം പേരുടെ പ്രദർശനങ്ങളുണ്ട് ഇവിടെ. 30 ശതമാനവും പുതുമുഖങ്ങളാണ്. ആർട്ട് ദുബൈയുടെ ഏറ്റവും വലിയ എഡിഷനാണിത്. ടിക്കറ്റ് വിറ്റുകിട്ടുന്നതിന്‍റെ 25 ശതമാനം യുക്രെയ്നിലെ കെടുതി അനുഭവിക്കുന്നവർക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുനിസെഫ് വഴിയാണ് തുക നൽകുക. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ, ഗ്ലോബൽ സൗത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലകളെ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾ, ഇൻസ്റ്റലേഷൻ, ആർട് വർക്ക്, സിമ്പോസിയങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഓഫ്-സൈറ്റ് സന്ദർശനങ്ങൾ എന്നിവ നടക്കുന്നുണ്ട്. അക്കാദമിക്, വിമർശകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവർ നേതൃത്വം നൽകുന്ന സെഷനുകളും നടന്നു. ലക്ഷക്കണക്കിന് രൂപക്കാണ് ഓരോ കലാസൃഷ്ടികളും വിൽക്കുന്നത്.
ലോക പ്രശസ്ത കലാകാരൻമാരുടെ സൃഷ്ടികൾ ഏറ്റുവാങ്ങാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നു. ഇത്തവണ ഡിജിറ്റൽ സെക്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള വരകളുടെ പ്രദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.