കുണ്ടറ: പാതിരാത്രിയോടടുത്ത് അവസാനിച്ച എച്ച്.എസ്.എസ് വിഭാഗം ഒപ്പനയിൽ വേദിയിൽ കളിക്കുകയായിരുന്ന ടീമിനെ പ്രേത്സാഹിപ്പിക്കാൻ പരിശീലിപ്പിച്ച അധ്യാപികയെ കാണാത്തതിൽ സംശയിച്ച് അന്വേഷിച്ചുനടന്ന മറ്റൊരു ടീമിന്റെ അധ്യാപകൻ കണ്ടെത്തിയത് നാണിപ്പിക്കുന്ന ആൾമാറാട്ടതന്ത്രം.
മത്സരങ്ങൾ പൂർത്തിയായി ഫലം പ്രഖ്യാപിക്കാറായപ്പോഴാണ് കുട്ടികളുടെ കൂട്ടത്തിൽ വേദിയിൽ നൃത്താധ്യാപിക കളിച്ച കാര്യം വെളിച്ചത്തായത്. കരുനാഗപ്പള്ളി ഗവ. ബോയ്സ് എച്ച്.എസ്.എസ് ടീമിന്റെ ഒപ്പനസംഘത്തിലാണ് പരിശീലക കളിച്ചത്. മറ്റൊരു ടീമിന്റെ പരിശീലകൻ ഇത് മനസ്സിലാക്കി ഡി.ഡി.ഇക്ക് പരാതി നൽകി. അന്വേഷണത്തിനൊടുവിൽ തങ്ങളുടെ തെറ്റ് സമ്മതിച്ച് സ്കൂൾ സംഘം മാപ്പപേക്ഷ എഴുതി നൽകി. പരാതി ശരിയെന്ന് തെളിഞ്ഞതോടെ ടീമിനെ മത്സരത്തിൽനിന്ന് പുറത്താക്കി. തുടർന്നാണ് ഫലം പ്രഖ്യാപിച്ചത്.
കള്ളിയങ്കാട്ട് നീലിയുടെ കഥ തകർപ്പൻ പ്രകടനത്തിലൂടെ ഒന്നാം വേദിയിലെ നിറഞ്ഞ സദസ്സിന്റെ ഹൃദയത്തിലെത്തിച്ച് എസ്.വി എച്ച്.എസ്.എസ് ക്ലാപ്പനയിലെ മിടുക്കികൾ എച്ച്.എസ് വിഭാഗം സംഘനൃത്തത്തിൽ ഒന്നാമതായി. വർഷങ്ങളായി സംഘനൃത്തത്തിൽ തുടരുന്ന കുത്തക നിലനിർത്തിയാണ് ഇത്തവണയും സംസ്ഥാന വേദിയിലേക്ക് പോകുന്നത്.
നൃത്തം അവസാനിക്കുന്നതിനും ഏതാനും മിനിറ്റുകൾക്കു മുമ്പ് കർട്ടൻ പകുതി വീണതിലും കുട്ടികൾ കുലുങ്ങിയില്ല. നൃത്ത മുദ്രകളിലും ഭാവാഭിനയത്തിലും വേഷവിധാനത്തിലും മികവുറ്റ പ്രകടനമാണ് സംഘം നടത്തിയത്. നൃത്താധ്യാപകനായ സിദ്ധാർഥ് ആണ് പരിശീലകൻ.
അരിക്കൊമ്പന്റെ കഥയുമായി അകിര
നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിലെ എസ്. അകിര എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. ലളിതകല അക്കാദമി പുരസ്കാര ജേതാവായ ആർ.ബി. ഷജിത്തിന്റെയും സ്മിത എം. ബാബുവിന്റെയും മകനാണ്.
മിമിക്രി വേദിയിൽ സ്ഥിരം ഐറ്റങ്ങൾ നിറഞ്ഞപ്പോൾ നിലവാരത്തകർച്ചയും പ്രകടമായി. ബീറ്റ് ബോക്സിങ്ങിൽ രാഷ്ട്രീയ പ്രവർത്തകരുടെ ശബ്ദം കോർത്തിണക്കിയ വാളകം ആർ.വി.വി എച്ച്.എസിലെ ആർ.ജെ. വസുദേവ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതായി. പെൺകുട്ടികളിൽ തേവലക്കര ഗേൾസ് എച്ച്.എസിലെ ബെറ്റ്സി ബിനു ഒന്നാമതായി.
മൂന്നു ഭാഷകളിൽ നാടകത്തിൽ ഒരേ സ്കൂളിന് ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടം പാവുമ്പ ഹൈസ്കൂളിന്. ജനറൽ മലയാളം, സംസ്കൃതം, അറബിക് എച്ച്.എസ് വിഭാഗം നാടക വേദികൾ ആണ് ഈ സ്കൂളിലെ മൂന്ന് വ്യത്യസ്ത ടീമുകൾ കീഴടക്കിയത്. രണ്ടാം ദിനം ‘കെണി’ എന്ന നാടകത്തിലൂടെ തുടങ്ങിയ നേട്ടം സംസ്കൃതത്തിൽ ‘ബെഡിശം’ കളിച്ച് ആവർത്തിച്ചപ്പോൾ അറബിക് വിഭാഗത്തിൽ ‘സമനിത്അ:’
നാടകത്തിന് മുന്നിലും മറ്റാരുമുണ്ടായില്ല. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയാണ് പാവുമ്പ എച്ച്.എസിന്റെ വിജയരഹസ്യം. സന്തോഷ് ഏച്ചിക്കാനത്തിന്റെ ജനശ്രദ്ധയാകർഷിച്ച ബിരിയാണി എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് അറബിക് നാടകവേദിയിൽ വേറിട്ടുന്നിന്നത്. മുഹമ്മദ് അബൂബക്കർ മൊഴിമാറ്റം വരുത്തി പരിശീലിപ്പിച്ചാണ് ഒന്നാംസ്ഥാനം നേടിയത്. ബിരിയാണിയിലെ അതിഥി ത്തൊഴിലാളിയായി അംജാദ് വേഷമിട്ടു.
മണി...മണി മാരൻ മതിയൊത്ത മാരനെന്ന് തുടങ്ങുന്ന ഗാനത്താൽ നിർത്താതെയുള്ള കരഘോഷത്താൽ സദസ്സ് അത് ഏറ്റുപാടി. ഇന്നലെ വേദിയെ പുളകംകൊള്ളിച്ചത് മൊഞ്ചത്തിമാരാണെങ്കിൽ ഇന്നത് പുതിയാപ്ലയും കൂട്ടരുമായി. കടൽപോലെ ഒഴുകുന്ന പ്രണയം. നിക്കാഹിനൊരുങ്ങിയ മണവാളൻ..., ഒന്ന് കാതോർത്താൽ സ്വപ്നങ്ങളുടെ തിരയടി കേൾക്കാം.
മാപ്പിള ഇശലുകൾക്കൊപ്പം ആടിയും ഉലഞ്ഞുമുള്ള വട്ടപ്പാട്ട് കാണാൻ കാണികളും ഏറെയുണ്ടായിരുന്നു. നല്ല സാഹിത്യം കൊണ്ടും ഇശലുകൾ കൊണ്ടും സംസ്ഥാന നിലവാരം പുലർത്തുന്ന ഒന്നായിരുന്നു ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട്.
14 ടീമുകൾ മാറ്റുരച്ചതിൽ കുണ്ടറ ഉപജില്ലയിൽനിന്ന് ടി.കെ.എം എച്ച്.എസ്.എസ് കരിക്കോട് ഒന്നാംസ്ഥാനം നേടി. മാനു ചിട്ടപ്പെടുത്തി മണി...മണി മാരൻ എന്ന ഗാനത്തോടെയാണ് മാറ്റുരച്ചത്. പാട്ടുകൾക്കൊപ്പം കൈത്താളവും ശരീരവും ഒരുപോലെ സഞ്ചരിച്ചാണ് അവതരണം മികച്ചതാക്കിയത്. മനു, ഫൈസൽ, ഫഹദ്, സെയ്ദു, ബിലാൽ എന്നിവരുടെ പരിശീലനത്താൽ ഫഹദ്, അൻസിൽ, നൗഫൽ, അൽത്താഫ്, സൈദാലി, ആരിഫ്, യാസീൻ, സഫ്വാൻ, സുഫിയാൻ, സുഹൈറലി ഇവർ മത്സരാർഥികളായിരുന്നു.
കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ നിലവിലെ ജേതാക്കളായ കരുനാഗപ്പള്ളിയുടെ കുതിപ്പ് തുടരുകയാണ്. 573 പോയന്റുമായി ഉപജില്ലകളിൽ ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ള പുനലൂരിന് 511 പോയന്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ചാത്തന്നൂരാണ് 500 പോയന്റ് കടന്ന മറ്റൊരു ഉപജില്ല. 504 പോയന്റാണ് ഇതുവരെയുള്ളത്. നാലാം സ്ഥാനത്ത് അഞ്ചലും (474) അഞ്ചാമത് കുണ്ടറയുമാണ്.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ 91 പോയന്റുമായും എച്ച്.എസിൽ 95 പോയന്റുമായി ചാത്തന്നൂർ ഉപജില്ലയാണ് ഒന്നാമത്. അറബിക് കലോത്സവം യു.പി വിഭാഗത്തിൽ 65 പോയന്റുള്ള ചവറയും എച്ച്.എസിൽ 95 വീതംപോയന്റുള്ള കരുനാഗപ്പള്ളിയും ശാസ്താംകോട്ടയും ഒന്നാമതാണ്.
സ്കൂളുകളിൽ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് 180 പോയന്റുമായി മുന്നേറ്റം തുടരുന്നു. ആതിഥേയരായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം. എച്ച്.എസ്. 156 പോയന്റുമായി രണ്ടാമതുണ്ട്. കുളക്കട വെണ്ടാർ എസ്.വി.എം.എം എച്ച്.എസ്.എസ് (146), 137 വീതം പോയന്റുള്ള കടയ്ക്കൽ ഗവ.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.
‘ടീച്ചറുടെ വരികൾ പാടി ഞങ്ങൾ ഫസ്റ്റ് അടിക്കും ഉറപ്പ്’ -കഴിഞ്ഞ വർഷം ടീച്ചർക്ക് നൽകിയ വാക്ക് പൊന്നാക്കി കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ് സംഘഗാന പെൺപട.
എച്ച്.എസ്.എസ് വിഭാഗം സംഘഗാനത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിറങ്ങിയ സംഘത്തെ ചേർത്തുപിടിച്ച് സുതീഷ്ണ എന്ന അധ്യാപികയും പുഞ്ചിരിച്ചു. സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ സുതീഷ്ണ എഴുതിയ ‘ധന്യം ഈ പുണ്യ ഭൂമി തൻ മണ്ണിൽ’ പാടിയാണ് കുട്ടികൾ ഒന്നാമതെത്തിയത്. ആനന്ദൻ കാവുംവട്ടം സംഗീതം നൽകിയ പാട്ട് പാടിയ സംഘങ്ങൾ 2018, 2019 എന്നീ വർഷങ്ങളിൽ ജില്ലയിൽ ഒന്നാമതായിരുന്നു. വിവിധ സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡുകൾ നേടിയ നിരവധി ലളിതഗാനങ്ങളുടെ രചയിതാവ് കൂടിയാണ് സുതീഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.