ചെറിയ പ്രായത്തിൽ തന്നെ വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് സിയ. അഞ്ചാം വയസ്സിൽ തന്നെ നൃത്തത്തിലും ചിത്രരചനയിലും ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, ചിത്രരചന, കവിത ചൊല്ലൽ, കഥ പറയൽ തുടങ്ങിയ മേഖലകളിലും കരാട്ടെയിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. തുടക്കത്തിൽ നൃത്തത്തോടുള്ള ശ്രദ്ധേയമായ അഭിരുചി പ്രകടമാക്കിയ സിയ, ഭരതനാട്യം അവതരിപ്പിച്ചാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. പിന്നീട് നാടോടി നൃത്തത്തിൽ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 7 വയസുള്ളപ്പോഴാണ് കരാട്ടെ പരിശീലിക്കാൻ തുടങ്ങിയത്. വൈദഗ്ധ്യവും അർപ്പണബോധവും കരാട്ടെയിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ സഹായിച്ചു. കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അധ്യാപകർ സിയയുടെ വരക്കാനുള്ള കഴിവ് തിരിച്ചറിയുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. 2022ൽ ഗുരുവായൂർ ക്ഷേത്രത്തിലാണ് നൃത്ത അരങ്ങേറ്റ പ്രകടനം നടത്തിയത്.
അതിലൂടെ തന്നെ ആസ്വാദകരുടെ മനം കവരാൻ സിയക്ക് സാധിച്ചു. കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിലേക്ക് ചുവടുവച്ചുകൊണ്ട് അവളുടെ നൃത്ത മേഖല കൂടുതൽ വിശാലമാക്കി.
യു.എ.ഇയിലെ വിവിധ സ്റ്റേജുകളിലിലും മത്സരങ്ങളിലും നൃത്തം അവതരിപ്പിച്ച സിയക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മംഗലാപുരം, ഉഡുപ്പി സ്വദേശികളാണെങ്കിലും മലയാളികളോടും മലയാളി കൂട്ടയ്മകളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണിവർ. സിയയുടെ കൂട്ടുകാർ അധികവും മലയാളികളാണ്. കേരളീയ കലകളോട് ഏറെ പ്രിയമാണ്.
പഠനത്തിലും മിടുക്കിയാണ്. സിയയുടെ കഴിവിനും കഠിനാധ്വാനത്തിനുമൊപ്പം, മാതാപിതാക്കളും രണ്ട് മൂത്ത സഹോദരന്മാരുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയോടെ അവളുടെ യാത്ര തുടരുകയാണ്. അൽഐൻ അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സിയ. അൽഐൻ റൊട്ടാന ഹോട്ടൽ ഫൈനാൻസ് ഡയറക്ടർ വസന്തകുമാറാണ് പിതാവ്. മാതാവ്: രേവതി വസന്തകുമാർ. മിഥുൽ, റിതിക് എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.