ബ​ദ​ർ അ​ൽ ജു​റൈ​ദി ‘സൂ​ഖ്​ അ​ൽ സ​ലി’​ലെ ത​​ന്റെ പ്ര​ദ​ർ​ശ​ന​ശാ​ല​യി​ൽ 

ഓർമകളിലെ മൺവീടുകൾ പടുത്ത് ബദർ അൽ ജുറൈദി

റിയാദ്: ബാല്യകാലത്തെ കാഴ്ചകൾ ഓർമകളിൽനിന്നെടുത്ത് മണ്ണിൽ പടുത്ത് ഗൃഹാതുരതയുടെ ലഹരി അനുഭവിക്കുകയാണ് ബദർ അൽ ജുറൈദി എന്ന സൗദി കലാകാരൻ. 1980കളിലെ സൗദി ഗ്രാമീണ ജീവിതത്തെ കരവിരുതുകൊണ്ട് പുനരാവിഷ്കരിച്ചാണ് ആളുകളെ ആകർഷിക്കുന്നത്. റിയാദ് സീസൺ ആഘോഷത്തിന്റെ ഭാഗമായി ബത്ഹക്കുസമീപം ദീര സൂഖിൽ സംഘടിപ്പിച്ചിട്ടുള്ള ‘സൂഖ് അൽ സലി’ൽ ബദർ തന്റെ സൃഷ്ടികൾക്കായി പ്രദർശന ശാല ഒരുക്കിയിട്ടുണ്ട്.

തന്റെ കുട്ടിക്കാലത്തുകണ്ട സൗദിയുടെ നഗരങ്ങളും ഗ്രാമങ്ങളും കൃഷിയിടങ്ങളും കളിമണ്ണും മറ്റ് വസ്തുക്കളും കൊണ്ട് ചെറിയ കാഴ്ചകളാക്കി നിർമിച്ചാണ് കലാകാരന്റെ ഓർമ പുതുക്കൽ. കൃത്രിമ മണ്ണ് ഉൾപ്പെടെ നിരവധി ആർട്ട് മെറ്റീരിയലുകൾ ചേർത്താണ് കരവിരുത്. നിർമിക്കുന്ന കെട്ടിടത്തിന്റെയോ നഗരത്തിന്റെയോ അക്കാലത്തെ ചിത്രം വെച്ചുനോക്കിയാൽ കൃത്യമായ മിനിയേച്ചറാണ് ബദറിന്റെ സൃഷ്‌ടി.

45 വർഷം മുമ്പുള്ള കൃഷിയിടത്തിന്റെ മാതൃക സൃഷ്‌ടിച്ച് ബദർ പ്രദർശത്തിന് എത്തിച്ചിട്ടുണ്ട്. കൃഷിക്കാരുടെ വിശ്രമസ്ഥലം, വെളിച്ചം നൽകുന്ന റാന്തലുകൾ, നനക്കാൻ ഉപയോഗിക്കുന്ന മോട്ടോറും അത് പ്രവർത്തിക്കുന്ന ശബ്ദം തുടങ്ങി കൃഷി നടന്നുകൊണ്ടിരിക്കുന്ന വയലിലേക്ക് ചെന്നാൽ എന്തെല്ലാം സാമഗ്രികൾ കാണുമോ അതെല്ലാമുണ്ട് ബദറിന്റെ പ്രദർശന ശാലയിൽ.

പുരാതന അറേബ്യ പുനർജനിച്ച അനുഭവമാണ് സന്ദർശകർക്ക് ബദറിന്റെ സൃഷ്‌ടികൾ പകർന്നുനൽകുന്നത്. മസ്മക് കൊട്ടാരവും മുറ്റവും മനോഹരമായി പണിതീർത്ത് കാഴ്ചക്കാർക്കുമുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്. അക്കാലത്തെ അറേബ്യയുടെ സംസ്കാരവും ജീവിതശൈലിയും ചരിത്രവും ചോദിച്ചാൽ നിമിഷനേരംകൊണ്ട് ഒന്നും ചേരാതെയും ചേർക്കാതെയും കൃത്യമായി ചരിത്രം പറയുന്ന ചരിത്രകാരനാകും ബദർ.

സൂഖ് അൽ സലിൽ ബദറിന്റെ പവലിയൻ വ്യത്യസ്തമാണ്. സൃഷ്ടിപരമായ കലാരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥികളും അധ്യാപകരും ആസ്വാദകരും ബദറിന്റെ സ്റ്റാളിൽ എത്തുന്നുണ്ട്. ബിസിനസാണ് ബദറിന്റെ പ്രധാന ഉപജീവന മാർഗം. കലയോടുള്ള അഭിനിവേശമാണ് തിരക്കിനിടയിലും കരകൗശല നിർമിതിക്കുള്ള സമയം കണ്ടെത്തുന്നതിന് കാരണമെന്ന് ബദർ പറയുന്നു.

ഈ അപൂർവ സൃഷ്ടികൾ, കാണാൻ മാത്രമല്ല വിൽപനക്കും കൂടിയുള്ളതാണ്. 300 റിയാൽ മുതൽ 3,000 റിയാൽ വരെ വിലയുള്ള ആർട്ട് വർക്കുകൾ സ്റ്റാളിലുണ്ട്. കൗതുകം കൊണ്ടും വീടുകളിലെ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കാനും ഓഫിസുകളിൽ സ്ഥാപിക്കാനുമെല്ലാം താൽപര്യക്കാർ ആർട്ട് വാങ്ങുന്നുണ്ട്.

Tags:    
News Summary - Badar Al Juraidi in Riyadh Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.