‘Art is not just a reflection of reality, but a reality itself...’ പ്രമുഖ അമേരിക്കൻ കലാചിന്തകൻ ഹാരൾഡ് റോസംബർഗിന്റെ ഈ നിരീക്ഷണത്തോട് ചേർന്നുനിൽക്കുന്നവയാണ് ചിത്രകാരൻ ബാസിത് ഖാന്റെ കലാകൃതികൾ. മനോഹാരിതകളുടെ ചിത്ര വിസ്മയങ്ങളോ അലങ്കാര ചമയങ്ങളുടെ ചാരുതകൾ നെയ്യുന്ന ആകർഷണീയതകളോ കാൽപനികവികാര ഭാവാത്മതകയോ ബാസിതിന്റെ കലാകൃതികൾ തിടമ്പേറ്റുന്നില്ല. മറിച്ച്, പൂർണമായും കാലികപ്രസക്തമായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള കാഴ്ചയായി ഈ കലാകൃതികൾ നേരിട്ടു പ്രേക്ഷകനുമായി സംവദിക്കുന്നു. നിറങ്ങളും ഇമേജറികളും പശ്ചാത്തലമാകുന്ന ഉത്സവക്കാഴ്ചയല്ല ഇവിടെ. മറിച്ച് വലിയ സാമൂഹിക അടരുകളിലേക്ക് തുറക്കുന്ന കരുതലുകളെ, മാനവമൂല്യങ്ങളെ, ജാഗ്രതകളെ, വേദനകളെ, സംഘർഷങ്ങളെ, പാരസ്പര്യങ്ങളെ ബാസിത് അഭിസംബോധന ചെയ്യുന്നു.
ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഇസ്ലാമിക ദർശനങ്ങളുടെ സാമൂഹിക പരിപ്രേക്ഷ്യം മുൻനിർത്തി ‘ഇൻസൈറ്റ് എക്സിബിഷൻ’ എന്ന പേരിൽ ഇൻസ്റ്റലേഷൻ ആർട്ടുകളുടെ വൈവിധ്യമായ പ്രദർശനമൊരുക്കിയിരുന്നു. രണ്ടുമാസം നീണ്ട ഈ പ്രദർശനത്തിൽ മുഖ്യ പങ്കുവഹിച്ചത് ബാസിത് ഖാൻ ആയിരുന്നു. ബൃഹത്തായ കാൻവാസ് ബോർഡുകളിൽ ബാസിത് ഖാൻ ചിത്രങ്ങൾ വരച്ചു. അനേകം വാക്കുകൾ നിറയുന്ന ചിത്രങ്ങൾ. 2024 സെപ്റ്റംബർ 14 മുതൽ 20 വരെ ആയിരുന്നു ഖത്തർ ആർട് ഫാക്ടറിയുടെ ആർട്ട് ഗാലറിയിൽ ബാസിത് ഖാന്റെ അമ്പതോളം പെയിന്റിങ്ങുകളുടെ ഏകാംഗ പ്രദർശനം നടന്നത്. വ്യത്യസ്ത സാമൂഹിക വ്യാപ്തിയിലേക്ക് സൂക്ഷ്മമായി സഞ്ചരിക്കുന്നവയായിരുന്നു ബാസിതിന്റെ കലാകൃതികൾ ഓരോന്നും. സാമൂഹിക അനീതികൾ, പാരിസ്ഥിതിക ആശങ്കകൾ, അധികാരസ്ഥാപനങ്ങളുടെ അധീശത്വ ഗർവുകൾ, യുദ്ധക്കെടുതികളുടെ ഹൃദയഭേദകമായ ഫലസ്തീൻ കാഴ്ചകൾ, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നിസ്സഹായതകൾ, സാംസ്കാരികാധിനിവേശങ്ങൾ, ആധുനികമായ സാംസ്കാരിക പൈതൃക ഭാവനകൾ, സമാധാനത്തിന്റെ-പ്രതീക്ഷകളുടെ പ്രതീകാഖ്യാനങ്ങൾ, സ്നേഹവും ആദരവും കരുതലും ചേരുന്ന ഇഴയടുപ്പമുള്ള അയൽബന്ധങ്ങൾ, ഗാന്ധിയൻ മാനവീയ മൂല്യ പ്രബോധനങ്ങളുടെ ഓർമപ്പെടുത്തലുകൾ തുടങ്ങി സമഗ്രമായ ദൃശ്യാഖ്യാനങ്ങൾ ബാസിത് ഖാന്റെ ഏകാംഗ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കോഴിക്കോട് മുക്കം ചേന്ദമംഗലൂർ ആണ് ബാസിതിന്റെ സ്വദേശം. 28 വർഷമായി കുടുംബ സമേതം ഖത്തറിൽ ജീവിക്കുന്നു. ഇപ്പോൾ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ ഗ്രാഫിക് ഡിസൈനർ ആയി സേവനം അനുഷ്ഠിക്കുകയാണ്. ദേശീയ-അന്തർദേശീയ കലാപ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. നിരവധി അവാർഡുകളും ബാസിത് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.