നാടക കലയെയും സാഹിത്യത്തെയും ഒരു പോലെ മനസ്സിലാക്കി നാടകവഴികളിലൂടെ സഞ്ചരിച്ച നാടകക്കാരൻ. കൊല്ലം നീരാവിൽ കെട്ടിടത്തിൽ ജനാർദ്ദനൻ പിള്ളയുടെയും ചവറ പുളിമാന കൊച്ചുവീട്ടിൽ പത്മാക്ഷിയമ്മയുടെയും മകൻ പി.ജെ. ഉണ്ണിക്കൃഷ്ണന് നാടകം ജീവവായുവാണ്. ഒരു നാട്ടിലെ ജനതയുടെ കലാസ്വാദനശേഷി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നീരാവിൽ ഗ്രാമം. ഇന്ന് നാടകം എന്ന കലയിലൂടെ പേരും പ്രശസ്തിയും കൈവരിച്ചിട്ടുള്ള, നാടക റിഹേഴ്സലുകളാൽ സമ്പന്നമായ ആ ഗ്രാമത്തിൽ ഒരു കാലത്ത് ഓണത്തോടനുബന്ധിച്ചാണ് നാടകം ഒരുക്കിയിരുന്നത്. അതിന്റെ ചൂരും ചൂടും ഉയരുന്നത് ജെ. പരമേശ്വരൻ പിള്ളയുടെ വീടിനോടു ചേർന്നു തന്നെയുള്ള മറ്റൊരു വീട്ടിലും. നാടകം വേദിയിലെത്തുന്നതിന് രണ്ടു മാസം മുമ്പുതന്നെ അവിടെ റിഹേഴ്സൽ ആരംഭിക്കും. ആ നാടകക്കാഴ്ചകളാണ് കുഞ്ഞായിരുന്ന ഉണ്ണിയുടെ നാടകയാത്രക്ക് വഴിത്തിരിവാകുന്നത്.
നാടക സഞ്ചാരം
ടി.എം. എബ്രഹാം രചന നിർവ്വഹിച്ച് പി.എൻ. മോഹൻരാജ് സംവിധാനം ചെയ്ത ജ്വാലാമുഖികൾ എന്ന നാടകത്തിലൂടെയാണ് പി.ജെ. ഉണ്ണിക്കൃഷ്ണന്റെ നാടക സഞ്ചാരം ആരംഭിക്കുന്നത്. അച്ഛന്റെ ഭാഗത്തു നിന്ന് ലഭിച്ച ഉപദേശം അനുസരിച്ച് സയൻസ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് കായംകുളം എം.എസ് എം. കോളേജിലാണ് പഠിച്ചത്. ഡിഗ്രിക്കാകട്ടെ കൊല്ലം എസ്.എൻ കോളജിലെ മലയാള വിഭാഗത്തിലും. എസ്.എൻ കോളജിൽ ചേരുന്നതിന് മുമ്പ് തന്നെ സമീപസ്ഥമായ മറ്റ് കോളജുകളിൽ നാടകം ചെയ്തിരുന്നു. മോഹൻരാജ് സംവിധാനം ചെയ്ത പെരുന്തച്ചനിൽ പെരുന്തച്ചനായി അഭിനയിച്ചത് അക്കാലത്താണ്. ഏകാങ്കനാടക മത്സരങ്ങൾ സജീവമായ അക്കാലത്ത് കൊഴുത്ത കാളക്കുട്ടി എന്ന നാടകത്തിൽ അഭിനയിച്ചു.
സംസ്കൃത നാടകമായ സുബാലവജ്രതുണ്ഡത്തിന്റെ ഇംഗ്ലീഷ് സമ്മറിയിൽ നിന്ന് എലികളെ കഥാപാത്രങ്ങളാക്കി കുട്ടികൾക്കു വേണ്ടി എഴുതിയ നാടകമാണ് പി.ജെയുടെ ആദ്യ രചന. കേന്ദ്രസംഗീത നാടക അക്കാദമി പ്രൊജക്ടിനു വേണ്ടി ദക്ഷിണ മേഖലയിൽ നിന്ന് അനുവദിച്ച നാടകമായ അഗ്നിയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ സമകാലീനരായിരുന്നവർ ചേർന്ന് പുതിയൊരു രംഗപാഠമൊരുക്കി. വിജയവാഡയിലായിരുന്നു മത്സരം. ആ സമയത്താണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി.ജിക്ക് അഡ്മിഷൻ ലഭിച്ചത് എന്നതുകൊണ്ട് അവിടെ ചേരാൻ സാധിച്ചില്ല. തുടർന്ന് ഹൈദ്രാബാദ് സെൻഡ്രൽ യൂണിവേഴ്സിറ്റിയിൽ പഠനം ആരംഭിക്കുകയും അവിടെ കൾച്ചർ സെക്രട്ടറിയാകുകയുമൊക്കെ ചെയ്തു. ആ രണ്ടു വർഷക്കാലം നിരവധി പ്രോഗ്രാമുകളുടെ ഭാഗമാകാൻ സാധിച്ചുവെന്ന് മാത്രമല്ല പി.എസ്.ആർ. അപ്പറാവുനെപ്പോലെയും ബാലമുരളീകൃഷ്ണയെപ്പോലെയുമുള്ളവരുടെ പാഠങ്ങൾ തന്റെ നാടകവഴികളിൽ പുതിയ അരങ്ങുപാഠങ്ങളാക്കാൻ സാധിച്ചു. പി.ജി പഠനശേഷം നാടകം പ്രാക്ടിക്കലായി ചെയ്യാനാണ് തീരുമാനിച്ചത്. അതിനും സ്വന്തം നാടിനെത്തന്നെ കളരിയാക്കി. പി.ജെ. ഉണ്ണിക്കൃഷ്ണനും ജയപ്രകാശും കോഓഡിനേറ്റർമാരായി കൊല്ലം സോപാനം കേന്ദ്രമാക്കി സെന്റർ ഫോർ പെർഫോമിങ് ആർട്ട്സ് ആരംഭിച്ചതോടെ കൊല്ലത്ത് ഒരു നാടകപഠനകേന്ദ്രത്തിന് തുടക്കമായി. മികച്ച നിരവധി നാടകങ്ങൾക്ക് സെന്റർ ഫോർ പെർഫോമിങ് ആർട്ട്സ് രംഗഭാഷ്യം ചമച്ചു. വർക്ഷോപ്പുകളും ദേശീയനാടകോത്സവങ്ങളും അവിടെ സംഘടിപ്പിച്ചു.
നാടകത്തിന്റെ പുതിയ ഭാഷ്യം
കുട്ടികൾക്കു വേണ്ടി ഒരുക്കുന്ന നാടകങ്ങളിൽ തന്റേതായ സ്റ്റൈലൈസ്ഡ് ആക്ടിങ് വികസിപ്പിച്ചെടുത്ത് നാടകത്തിന് പുതിയൊരു ഭാഷ്യം ചമയ്ക്കാൻ പി.ജെക്ക് സാധിച്ചു. ധർമ്മക്ഷേത്ര കുരുക്ഷേത്ര പ്രകാശ് കലാകേന്ദ്രത്തിന് വേണ്ടി അരീന വേദിയൊരുക്കിയാണ് ചെയ്തത്. അഞ്ച് അവാർഡുകൾ വരെ ലഭിച്ച മറ്റൊരു രംഗാവതരണമായിരുന്നു മേരി ലോറൻസ്. പകയുടെ ഈശ്വരൻ എന്ന നാടകമാണ് പ്രകാശ് കലാകേന്ദ്രത്തെ ആദ്യമായി സംഗീത നാടക അക്കാദമി മത്സരത്തിലേക്ക് നയിച്ചത്. പകയുടെ ഈശ്വരന്റെ രചന നിർവഹിക്കുകയും സംവിധാനം ചെയ്യുകയും അതിൽ അശ്വത്ഥാമാവായി അഭിനയിക്കുകയും ചെയ്തു.
പകയുടെ ഈശ്വരൻ നാടകം കണ്ട പ്രശാന്ത് നാരായണൻ ഛായാമുഖിയുമായി നീരാവിലെത്തുകയാണ് ചെയ്തത്. പിന്നീട് മോഹൻലാലും മുകേഷുമൊക്കെ അഭിനയിച്ച, തികച്ചും ഗ്രാമീണസുന്ദരിയായ ഛായാമുഖിയുടെ പിറവി പ്രകാശ് കലാകേന്ദ്രത്തിലാണ് ആദ്യം നടന്നത്. പിന്നീടാണ് മോഹൻലാലും മുകേഷുമൊക്കെയുള്ള താരനിര ഛായാമുഖിയുടെ ഭാഗമാകുന്നത്. ആ സമയത്ത് പി.ജെ. കെ.പി.എ.സി.യുടെ ഇന്നലെകളിലെ ആകാശം എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നതുകൊണ്ടുതന്നെ ഛായാമുഖിയിൽ അഭിനയിക്കാൻ സാധിച്ചില്ല. കെ.പി.എസ്.സിയുടെ നാടകം സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിൽ സമ്മാനാർഹമാകുകയും ചെയ്തു. കട്ടക്കിൽ സി.എൻ. ശ്രീകണ്ഠൻനായരുടെ ലങ്കാലക്ഷ്മി കളിക്കാൻ പോയ സമയത്താണ് ഛായാമുഖി കലാകേന്ദ്രത്തിൽ വളരുന്നത്. കട്ടക്കിൽ നിന്ന് തിരികെ വന്നപ്പോൾ കീചക വേഷത്തിലഭിനയിച്ച ഡോ. ശ്രീജിത്ത് രമണൻ തുടർപഠനത്തിന് വേണ്ടി പോകുകയും പി.ജെ. കീചകവേഷം അണിയുകയും ചെയ്തു. വിജു വർമ്മ സംവിധാനം ചെയ്ത മൃച്ഛഘടികത്തിൽ ശർവ്വിലകൻ എന്ന കള്ളൻ്റെ വേഷത്തിൽ അഭിനയിക്കുകയും അതിലെ പാട്ടുകൾ രചിക്കുകയും ചെയ്തു. സനൽ വാസുദേവ് സംവിധാനം ചെയ്ത അരാജകവാദിയുടെ മരണത്തിലെ മാന്യൻ പി.ജെ. യുടെ ശ്രദ്ധേയമായ വേഷമാണ്.
പകയുടെ ഈശ്വരൻ, ഉതുപ്പാന്റെ കിണർ, ഏകാന്തം, നഷ്ടമാകുന്ന എന്റെ മുഖം, ബിനാലെ, വർത്തമാനം, ഉദകക്രിയ, മുക്തി, കുട്ടികളുടെ നാടകങ്ങളായ നാരായണൻകുട്ടി, കു കു കു കു തീവണ്ടി, കൂത്താടികൾ ബൈബിൾ നാടകങ്ങളായ സഹനം, ജോസഫ് -ഒരു താരതമ്യനാടകം എന്നിവയുടെ രചനയും സംവിധാനം ചെയ്തവയുടെ കൂട്ടത്തിൽ മേരി ലോറൻസ്, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, പകയുടെ ഈശ്വരൻ, ലങ്കാലക്ഷ്മി, ഈ സദാചാരകാലത്ത്, ശുദ്ധമദ്ദളം എന്നിവയുമൊക്കെ എടുത്തു പറയേണ്ടവയാണ്. അഞ്ചു നാടകങ്ങളുടെ സമാഹാരമായ ഏകാന്തം ആണ് പി.ജെ.യുടെ ആദ്യ പുസ്തകം. ‘നാം‘ എന്ന പേരിൽ പി.ജെ. ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തിൽ നീരാവിൽ കേന്ദ്രീകരിച്ച് ഒരു സംഘടന തുടങ്ങി. നാമിൻ്റെ പ്രവർത്തനങ്ങളിലൂടെ കിട്ടുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും എല്ലാവരാലും മറന്നു പോകപ്പെട്ട കലാകാരന്മാരെ കണ്ടെത്തി അവർക്ക് വേണ്ട അംഗീകാരം നൽകുകയും ചെയ്തു വരുന്നു.
ഏകപാത്രം
കൊല്ലം കേന്ദ്രമാക്കി തുടങ്ങിയ തിയേറ്റർ ഇനിഷ്യേറ്റീവ് ഒരുക്കിയ കെ.ആർ രമേഷ് രചനയും സംവിധാനവും നിർവ്വഹിച്ച രണ്ടു മുറി അടുക്കള തിണ്ണ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം തന്റെ കൂട് പൊളിച്ച് പുറത്തേക്കുവന്ന് നാടകം ചെയ്യുന്നത്. ആ നാടകത്തിലെ അഭിനയ സമയത്താണ് തന്നിലെ അഭിനേതാവിന്റെ മൂല്യം മറ്റുള്ളവർ തനിക്ക് മനസ്സിലാക്കിത്തരുന്നതെന്ന് അദ്ദേഹം പറയുന്നു. ആ നാടകം തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതിനുശേഷം കെ.ആർ. രമേഷിന്റെ തന്നെ ആർട്ടിക്കിൽ അഭിനയിച്ചു. ആ വർഷം ഇറ്റ്ഫോക്കിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവച്ച നാടകമായിരുന്നു ആർട്ടിക്. ഇപ്പോൾ അരങ്ങിലഭിനയിച്ചുകൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഏകപാത്ര നാടകമായ കാണ്മാനില്ലായുടെയും രചനയും സംവിധാനവും കെ.ആർ രമേഷാണ്. ഭാര്യ ശ്രീലതയും മക്കളായ ഉത്തരാ പ്രിയദർശിയും ആദിത്യ തേജസ്സും അതുല്യ തേജസ്സുമടങ്ങുന്നതാണ് പി.ജെ.യുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.