കടയ്ക്കൽ: എതിർപ്പുകളെയും ദുരിതങ്ങളെയും കല കൊണ്ട് അതിജീവിച്ചവളാണ് അമീന. അമീനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘നല്ലൊരു ബ്രഷോ പെയിന്റോ വാങ്ങാനുള്ള സാഹചര്യമില്ലാതിരുന്നിട്ടും ചിത്രകാരിയായവൾ’. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിലെ ചിത്രകല അധ്യാപികയായ അമീന ഇപ്പോൾ അധ്യാപനത്തിനൊപ്പം ചിത്ര പ്രദർശനങ്ങൾ ഒരുക്കുന്നതിന്റെയും കാരുണ്യപ്രവർത്തനങ്ങളുടെയും തിരക്കിലാണ്.
ചെറിയ ക്ലാസ് മുതൽ കുട്ടികളുടെ മാഗസിനിൽ വരക്കുകയും വീട്ടിലെ ഉപയോഗശൂന്യമായ പത്തായത്തിൽ സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന ചോക്കും മറ്റും ഉപയോഗിച്ച് ചിത്രങ്ങൾ കോറിയിട്ട് വളർന്ന പെൺകുട്ടി ഈ നേട്ടത്തിലേക്കെത്തിയത് ഒരുപാട് ദുരിതം കടന്നാണ്. വളർന്ന സാഹചര്യങ്ങൾ, വീട്ടിലെ സാമ്പത്തിക ബാധ്യതകൾ എല്ലാത്തിനുമിടയിൽ കലയോടുള്ള അഭിനിവേശം മനസ്സിലാക്കാൻ വീട്ടുകാർക്ക് സാധിച്ചിരുന്നില്ല.
എട്ടാം ക്ലാസിൽ തുടർ പഠനത്തിനായി ഹൈസ്കൂളിൽ ചേർത്തത് മകളെപ്പോലെ സ്നേഹിച്ച അയൽവാസിയും മലയാളം ടീച്ചറുമായ ഓമനയായിരുന്നു. വരക്കാനുള്ള ഇഷ്ടമറിഞ്ഞ് ചേച്ചിയുടെ ഭർത്താവാണ് ആദ്യമായി അവർക്ക് കളർ പേനകൾ സമ്മാനമായി നൽകുന്നത്. ഹയർ സെക്കൻഡറിക്ക് കൂട്ടുകാരിയുടെ മാതാവും ഡിഗ്രിക്ക് ആറ്റിങ്ങൽ ഗവ. കോളജിൽ മറ്റൊരു കൂട്ടുകാരിയുടെ പിതാവുമാണ് സഹായം നൽകി പഠിപ്പിച്ചത്.
പ്ലസ് ടു കഴിഞ്ഞ് ഫൈൻ ആർട്സ് കോളജിൽ പഠിക്കണമെന്ന മോഹവുമായി സൂക്ഷിച്ചുവെച്ചിരുന്ന കുടുക്ക പൊട്ടിച്ച പണവുമായി എൻട്രൻസ് പരീക്ഷ എഴുതാൻ പോയെങ്കിലും സാഹചര്യങ്ങൾ അനുകൂലമായില്ല. കോളജിൽ ഡിഗ്രിക്ക് ഇക്കണോമിക്സിന് പഠിക്കുമ്പോൾ ആരോടും ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതെ ലൈബ്രറിയിൽ പുസ്തകവുമായി ഒതുങ്ങിക്കൂടി. അവിടെനിന്ന് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ എച്ച്.ഒ.ഡി ഉഷയും പ്രഫ. ഹനീഫയുമായിരുന്നു വാക്കുകൾ കൊണ്ട് കരുത്ത് നൽകിയിരുന്നതെന്ന് അവൾ ഓർക്കുന്നു.
ചിത്രരചന പഠിക്കാനുള്ള ആഗ്രഹം മനസ്സിലാക്കിയ കൂട്ടുകാരികൾ ഒരു ചിത്രകല സ്ഥാപനത്തിൽ പഠിപ്പിക്കാൻ വഴിയൊരുക്കി. പത്തൊമ്പതാമത്തെ വയസ്സിലെ വിവാഹത്തോടെ ജീവിതം ട്രാക്ക് മാറി. ഭർത്താവിന്റെ ആരോഗ്യപ്രശ്നങ്ങൾ ജോലി കിട്ടിയേ മതിയാകൂ എന്ന അവസ്ഥയിലെത്തിച്ചു. അങ്ങനെ പാതിയിൽ നിർത്തിയ ചിത്രകലാപഠനം പുനരാരംഭിച്ചു. പഠനത്തിനായി ചെറിയ ജോലികൾ ചെയ്തു. ജ്വല്ലറി മേക്കിങ് പഠിച്ച് അത് പഠിപ്പിക്കാൻ തുടങ്ങി.
ഫേബ്രിക് പെയിന്റിങ് ഉൾപ്പെടെ പഠിപ്പിച്ച് കിട്ടിയ വരുമാനമുപയോഗിച്ച് പഠിച്ചു. പഠനം പൂർത്തിയായ ഉടൻ സ്വകാര്യ സ്കൂളിലൂടെ അധ്യാപന രംഗത്തെത്തി. കൂടെ പി.എസ്.സി ജോലിക്കായി ശ്രമം. ഒപ്പം ഫാഷൻ ഡിസൈനിങ്ങും ടൈപ്റൈറ്റിങ് കോഴ്സും പൂർത്തിയാക്കി. രണ്ടാമതായി എഴുതിയ പി.എസ്.സി പരീക്ഷയിൽ തന്നെ റാങ്ക് ലിസ്റ്റിൽ പേര് വന്നപ്പോൾ ഞെട്ടി. രണ്ടു വർഷങ്ങൾക്കുശേഷം കടയ്ക്കൽ ഗവ. എച്ച്.എസ്.എസിൽ ചിത്രകല അധ്യാപികയായി.
സർക്കാർ ജോലി കിട്ടിയ ശേഷമാണ് ആദ്യമായി ഒരു ക്യാൻവാസ് വാങ്ങിയത്. താൻ നേരിട്ട പ്രതിസന്ധികൾ, അവഗണനകൾ, സങ്കടം പറയാൻ ഒരാളില്ലാത്ത അവസ്ഥ അങ്ങനെ ഒരു കുട്ടിയുമുണ്ടാകാൻ പാടില്ലെന്ന ആഗ്രഹത്തിൽ ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസിന്റെ പ്രവർത്തനം ചടയമംഗലം സബ് ജില്ലയിൽ അമീന ഏറ്റെടുത്തു.
കോവിഡ് സമയത്ത് മുന്നിൽ വന്നു കരഞ്ഞ തന്റെ വിദ്യാർഥിക്ക് ഗൂഗിൾ പേ ചലഞ്ച് വഴി സ്കൂളിലെ അധ്യാപകരുടെ സഹായം കൊണ്ടും പ്രമാണം വീണ്ടെടുക്കാൻ സാധിച്ചത് ഏറ്റവും വലിയ സന്തോഷമായി. കേരളത്തിലെ പലയിടങ്ങളിൽ ഇതിനകം ചിത്രപ്രദർശനങ്ങൾ നടത്തി. ജില്ലയിലെ ഏറ്റവും നല്ല ജൂനിയർ റെഡ് ക്രോസ് കൗൺസിലർ പുരസ്കാരവും തേടിയെത്തി. ‘ആയിരമായിരം കുട്ടികളിലൂടെ എനിക്ക് നഷ്ടപ്പെട്ട ഒരു കുട്ടിക്കാലം ഇന്നെനിക്ക് സ്വന്തമാണ്. അധ്യാപനത്തോടൊപ്പം തന്നെ എന്റെ പഠനവും ഞാനിപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നു.’-അമീന ടീച്ചർ പറയുമ്പോൾ പിന്തുണയുമായി ഭർത്താവ് സുൽഫിക്കറും മകൾ ദിൽമ ജന്നതും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.