'ആരുടെയും പേരുവിവരങ്ങൾ പുറത്താകില്ലെന്ന് ഹേമ കമ്മിറ്റി ആവര്‍ത്തിച്ച് ഉറപ്പ് നൽകി'-മാല പാര്‍വതി

തിരുവനന്തപുരം: ആരുടെയും പേരുവിവരങ്ങൾ പുറത്താകില്ലെന്ന് ഹേമ കമ്മിറ്റി ആവര്‍ത്തിച്ച് ഉറപ്പ് നൽകിയിരുന്നുവെന്ന നടി മാല പാര്‍വതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് മാല പാര്‍വതിക്കെതിരെ ഡബ്യു.സി.സി രംഗത്തെത്തി. ഇപ്പോഴിതാ എന്തുകൊണ്ട് തന്‍റെ നിലപാട് എന്ന് വിശദീകരിക്കുകയാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. 'ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ!' എന്ന തലക്കെട്ടിലാണ് വിശദമായ പ്രതികരണം എത്തിയിരിക്കുന്നത്.

മാല പാര്‍വതിയുടെ കുറിപ്പില്‍ നിന്ന്

ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിക്ക് മുന്നിൽ, എൻ്റെ അനുഭവം പറയാൻ പോയത്, ആ കമ്മിറ്റിയെ കുറിച്ചും, ആ കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അന്ന് മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എഫി.ഐ.ആർ ഇട്ട്, അന്വേഷണം ആരംഭിച്ചപ്പോൾ, കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്ന് എസ്.ഐ.ടി യെ അറിയിച്ചു.

എന്ത് കൊണ്ട് താല്പര്യമില്ല എന്ന് ചോദിച്ചാൽ, ഒരു കംപ്ലെയിൻ്റ് രജിസ്റ്റർ ചെയ്യാനല്ല ഞാൻ കമ്മിറ്റിടെ മുമ്പാകെ പോയത് എന്നതാണ് ആദ്യ ഉത്തരം. അതിന് പല കാരണങ്ങൾ ഉണ്ട്. കമ്മിറ്റി ഉണ്ടാക്കിയപ്പോൾ, ഉള്ള terms of reference-ൽ ഒരിടത്ത് പോലും കുറ്റക്കാരെയും, കുറ്റകൃത്യങ്ങളും കണ്ടെത്താനുള്ള ഒരു അന്വേഷണ സംഘമാണ് ഈ കമ്മിറ്റി എന്ന് പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് പരമ പ്രഥാനമായ കാര്യം.7 കാര്യങ്ങളാണ് അവരുടെ അന്വേഷണ പരിധിയിൽ പറഞ്ഞിരുന്നത്.

ഒന്നാമത്തെ ഉദ്ദേശ്യം, "സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന, അനുഭവിച്ച പ്രശ്നങ്ങളും അതിൻ്റെ പരിഹാരങ്ങളും.!"

ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞ പല കാര്യങ്ങൾ ഉണ്ട്. എൻ്റെ അനുഭവങ്ങളും, കേട്ട് കേഴ്‌വിയും.പതിയിരിക്കുന്ന അപകടങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും , പരിഹാരങ്ങളും അങ്ങനെ പലതും. "ആരുടെയും " പേരോ വിവരമോ പുറത്ത് പോകില്ല എന്ന ആവർത്തിച്ചുള്ള ഉറപ്പിൻ്റെയും, വിശ്വസിപ്പിക്കലിൻ്റെയും അടിസ്ഥാനത്തിൽ വിശദമായി തന്നെ, കമ്മിറ്റിയിൽ സംസാരിച്ചിരുന്നു. അവരെ 3 പേരെയും വിശ്വസിച്ചാണ് ഇത്രയും വിശദമായി സംസാരിച്ചത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇത് നാളെ, കേസാകേണ്ട രേഖയാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ തരത്തിൽ അല്ല ഞാൻ സംസാരിക്കുക. പക്ഷേ,ഇത് സിനിമാ മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരു പഠനമാണ്, എന്നത് കൊണ്ടാണ് ഇത്രയും വിശദമായി സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ, പോക്സോ കേസ് അടക്കം അതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും , അതിൽ കേസ് എടുക്കേണ്ടതുണ്ടെന്നതും ചർച്ചയായി. POCSO പോലെ ഗുരുതരമായ കേസുകൾ, സർക്കാരിൻ്റെയോ, കോടതിയുടെയോ മുന്നിൽ എത്തിയാൽ അവർക്ക് കേസ് ആക്കിയേ പറ്റു. പക്ഷേ മറ്റ് വിഷയങ്ങളിൽ, സിനിമ മേഖലയിലെ പ്രശ്നങ്ങൾ വിശദീകരിച്ചവർക്ക് കേസുമായി മുന്നോട്ട് പോകാൻ താല്പര്യമുള്ളവർക്ക് കേസാക്കാനും, താല്പര്യമില്ലാത്തവർക്ക് , അതിൽ നിന്ന് ഒഴിവാകനുള്ള അനുമതിയും വേണം.SIT, സമീപിച്ചപ്പോൾ, കേസ് ആക്കാനോ, കേസുമായി മുന്നോട്ട് പോകാനോ താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞത് അത് കൊണ്ടാണ്.

എൻ്റെ ഉദ്ദേശം തന്നെ മറ്റൊന്നായിരുന്നു. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല എന്ന് വീഡിയോയിലും, എഴുതിയും കൊടുക്കുകയും ചെയ്തു. താല്പര്യമില്ലെങ്കിൽ, കേസ് എടുക്കില്ല എന്ന് മറുപടിയും ലഭിച്ചു. അതിന് ശേഷവും, കേസുമായി നേരിട്ട് ബന്ധമില്ലാത്ത, നല്ല മനുഷ്യരെ എൻ്റെ മൊഴിയുടെ പേരിൽ, സാക്ഷികളായിട്ടാണെങ്കിലും, വിളിച്ച് വരുത്തി, മാനസിക സംഘർഷത്തിൽ പെടുത്തുന്നു എന്നറിഞ്ഞപ്പോൾ ഞാനാകെ വിഷമത്തിലായി.കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലാത്തവരെ ഒഴിവാക്കി തരണം എന്ന് നാടിൻ്റെ പരമോന്നത നീതി പീഠത്തിനോട് അപേക്ഷിച്ചിട്ടുണ്ട്. കോടതിക്ക് ഉചിതമായ നടപടി എടുക്കാം.

തള്ളിയാലും കൊണ്ടാലും വ്യക്തത വരും എന്ന കാര്യത്തിൽ തീർച്ച. നമ്മൾ ഒരു വിഷയത്തിൽ ഇടപെടുമ്പോൾ, അതിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ വിശ്വസിച്ചാണ് സഹകരിക്കുന്നത്. അതിൻ്റെ ഉദ്ദേശവും, ലക്ഷ്യവും വഴിക്ക് വച്ച് മാറുമ്പോൾ, അതുമായി ബന്ധപ്പെട്ടവർക്ക് ആശങ്ക ഉണ്ടാവും. അത് സ്വാഭാവികം. കാരണം, ഒരു Breach ഉണ്ട് .Trust ൻ്റെ, Confidentiality - ടെ.അത് അങ്ങനെ ഒക്കെയാണ്, അത് ഉൾക്കൊള്ളണം എന്ന് നിർബന്ധിച്ചാലും, അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.നിയമം ഉണ്ടാകും എന്ന് പറഞ്ഞത് നടന്നിട്ടുമില്ല.5 വർഷമായി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ട്.

രണ്ടാമത്, ഇതുമായി നേരിട്ട് ബന്ധമില്ലാത്തവരെ, ബുദ്ധിമുട്ടിക്കുക എന്ന കാര്യം. ഞാനൊരു കഥ പറയാം. എൻ്റെ ജീവിതത്തിലെ ഒരു അനുഭവമാണ്. 1999-ൽ എൻ്റെ വീട്ടിൽ ഒരു മോഷണം നടന്നു. വീട്ടിലെ ജനൽ അഴികൾ എല്ലാം തകർത്ത് കള്ളന്മാർ വീട്ടിൽ കയറി. 24 പവൻ മോഷ്ടിക്കപ്പെട്ടു.പോലീസ് വന്നു.30 വർഷമായി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ചേട്ടനെ ചോദ്യം ചെയ്യാൻ കൊണ്ട് പോകാനൊരുങ്ങി. ചോദ്യം ചെയ്യാൻ.കുറ്റക്കാരനാക്കാനല്ല. അദ്ദേഹം കണ്ണ് നിറഞ്ഞ് അച്ഛനെ നോക്കി. എൻ്റെ അച്ഛൻ പരാതി പിൻവലിച്ചു.

''ക്രൈം " നടന്നു. ശരിയാണ്. പക്ഷേ എൻ്റെ മനസ്സിൽ അച്ഛനാണ് ശരി. ചില കാര്യങ്ങളെ തെറ്റ്, ശരി എന്ന രണ്ട് കളത്തിൽ കുറിക്കാൻ പറ്റില്ല. പ്രിയപ്പെട്ടവരെ, നമ്മൾ ബഹുമാനിക്കുന്നവരെ, ശരി പക്ഷത്ത് നിന്നവരെ വേദനിപ്പിക്കാതിരിക്കുന്നതിലും ഒരു ശരിയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിലെ രീതികൾക്ക് ഞാൻ ഒരു തെറ്റായിരിക്കാം. വലിയ പോരാട്ടങ്ങൾക്കൊപ്പം ചേർക്കാൻ പറ്റാത്ത ആളാവാം. ആ കുറ്റങ്ങൾ എന്നിൽ ഉണ്ട് എന്ന് തന്നെ കരുതിക്കോളു.

ഹേമ കമ്മിറ്റിയിലെ വിവരങ്ങളുടെ പേരിൽ FIR പലതുണ്ട്.സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയ WCC യിലെ ശക്തരായ, നട്ടെല്ലുള്ള പെൺ കുട്ടികൾ ഉണ്ട്.ക്രിമിനൽ നടപടി ഉണ്ടാകും എന്നവർക്ക് അറിവുണ്ടായിരുന്നിരിക്കാം. അവർ കേസുമായി മുന്നോട്ട് പോകും എന്നാണ് ഞാൻ കരുതുന്നത്. പോകണം എന്നാണ് ആഗ്രഹവും. ആ കാര്യത്തിനെ ഒന്നും ഞാൻ കൊടുത്ത പരാതി തടസ്സപ്പെടുത്തില്ല. എൻ്റെ ഹർജ്ജി പരാതി ഉള്ളവർക്ക് മുന്നോട്ട് പോകാൻ തടസ്സമാവില്ല.ഉറപ്പ്.

ചില സംശയങ്ങൾ ഉണ്ടാകുമ്പോൾ അടിസ്ഥാനം എന്തായിരുന്നു എന്നന്വേഷിക്കുകയാണ് ഉചിതം. കേസ് കൊടുത്ത്, കുറ്റക്കാരെ കാട്ടി കൊടുക്കാനല്ല ഹേമ കമ്മിറ്റിക്ക് മുന്നാകെ ഞാൻ പോയത് എന്ന് അടിവരയിടുന്നു.അങ്ങനെ ഒരു ഉദ്ദേശമുള്ളതായി അവരും പറഞ്ഞില്ല. മറകൾ മാറ്റി വച്ച ഒരു തുറന്ന സംസാരം എന്ന വാക്ക് വിശ്വസിച്ചത് വിനയായി എന്ന് ഏറ്റ് പറയുന്നു! സ്ത്രീകളുടെ സുരക്ഷ പരമ പ്രധാനമായ കാര്യം തന്നെയാണ്. അത് സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്നാണ് അന്തരീക്ഷം ഒരുക്കേണ്ടത്.ഒരുമിച്ച് മുന്നോട്ട് നീങ്ങുന്നതാണ് ജനാധിപത്യപരം. ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അതായിരുന്നു എൻ്റെ ശ്രമം!

Tags:    
News Summary - 'The Hema Committee has repeatedly assured that no one's name will be leaked' - Mala Parvati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.