ഗിരീഷ് കർണാട് രചിച്ച 'അഞ്ചു മല്ലികെ' നാടകമാണ് അവസാന ദിവസമായ നാലിന് അവതരിപ്പിക്കുക
തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ നാലാം സെമസ്റ്റർ ബി.ടി.എ വിദ്യാർഥികളുടെ നാടക പരമ്പരകളുടെ അവതരണം തുടങ്ങി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകാവതരണം സ്കൂൾ ഓഫ് ഡ്രാമയിലെ പ്രഫ. എസ്. രാമാനുജം തിയറ്ററിൽ ദിവസവും വൈകീട്ട് ഏഴു മുതലാണ്. 'ഹാജർ ചൗരാശിർ മാ' എന്ന മഹാശ്വേതദേവിയുടെ നോവലിനെ അടിസ്ഥാനമാക്കി 1974ൽ മഹാശ്വേതദേവി തന്നെ രചിച്ച 1084ന്റെ അമ്മ എന്ന നാടകമാണ് ബുധനാഴ്ച അവതരിപ്പിച്ചത്.
എൺപതുകളിൽ അടിമക്കച്ചവടത്തെപ്പറ്റി സെൻസേഷണലായ ഒരു ലേഖനമെഴുതാൻ ഉത്തരേന്ത്യയിലെ അടിമച്ചന്തയിൽ നിന്നു കമല എന്ന സ്ത്രീയെ വിലക്ക് വാങ്ങി അടിമക്കച്ചവടത്തിൽ പങ്കാളിയായ പത്രപ്രവർത്തകന്റെ വിഷയം ആധാരമാക്കി വിജയ് തെണ്ടുൽക്കർ രചിച്ച കമല എന്ന നാടകമാണ് വ്യാഴാഴ്ച. വെള്ളിയാഴ്ച ജഗദീഷ്ചന്ദ്ര മാധുറിന്റെ ബന്ദിയും ശനിയാഴ്ച കുട്ടികളുടെ നാടകമായ അന്റോയിൻ ഡി സെന്റ്-എക്സുപെരിയുടെ ദി ലിറ്റിൽ പ്രിൻസും അവതരിപ്പിക്കും.
പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിലെ വംശീയ സംഘർഷത്തെ ആധാരമാക്കി ഗിരീഷ് കർണാട് രചിച്ച അഞ്ചു മല്ലികെ എന്ന നാടകമാണ് അവസാന ദിവസമായ നാലിന് അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.