തമ്പിയാശാനും സംഘവും ചവിട്ടുനാടക വേഷത്തിൽ

ഫോട്ടോ: മുസ്തഫ അബൂബക്കർ

ഒരു തുരുത്തിന്‍റെ ചുവടുകൾ

പുഴ വന്ന് കടലിൽ ചേരുന്നതുപോലെ അറബിക്കടലിന്റെ കച്ചവട ചാലിലൂടെ പോർച്ചുഗീസ് തീരത്തുനിന്നു സമുദ്രതീര നാടക വേദി തീരദേശ ജനതയെ തൊട്ടു. മിത്തും ചരിത്രവും ഭാവനയുമൊന്നിച്ച കലാസൃഷ്ടിയെ ആ ജനത നെഞ്ചിലേറ്റി. കക്കവാരിയും കടലിൽ വലയെറിഞ്ഞും രാത്രിയിൽ തെളിയുന്ന ഫ്ലൂറസെന്റ് ലൈറ്റുകൾക്ക് കീഴിൽ അവർ ചക്രവർത്തിയും മന്ത്രിയും യോദ്ധാക്കളുമായി...

ഒറ്റയ്‌ക്കൊരു തോണി തുഴഞ്ഞു കയറി ചെല്ലാൻ തോന്നും. പക്ഷികൾ ആകാശത്ത് വട്ടമിട്ടു പറക്കുന്ന, പച്ചമരത്തലപ്പുകൾ തല ഉയർത്തിപ്പിടിച്ച, വീതിയേറിയ റോഡുകൾ ഇഴഞ്ഞെത്താത്ത, നദികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഗോതുരുത്തിലേക്ക്. കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർമാത്രം അകലെ ഗോതുരുത്ത് ദ്വീപിന്റെ പടിഞ്ഞാറേ അറ്റത്താണ് കടൽവാത്തുരുത്ത് ഹോളിക്രോസ് ദേവാലയം.

പള്ളിയുടെ അൾത്താരയിൽനിന്നാൽ നദിക്കു കുറുകെയുള്ള - മൂത്തകുന്നം ശ്രീനാരായണ ക്ഷേത്രവും അവിടത്തെ കാഴ്ചകളും കാണാം. കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലാണ് പ്രസിദ്ധമായ ഇരുട്ടുകുത്തി വള്ളംകളി നടക്കുന്നത്.

 

പഴയ വാണിജ്യ തുറമുഖമായിരുന്ന മുസിരിസിന്റെ ഭാഗം കൂടിയാണ് പച്ചപ്പും പൗരാണികതയും തിങ്ങിനിറഞ്ഞ ഈ ഭൂപ്രദേശം. ചവിട്ടുനാടകവും വള്ളംകളിയും രക്തത്തിൽ അലിഞ്ഞുചേർന്ന മനുഷ്യരുടെ നാട്. അവിടെ ചവിട്ടുനാടകത്തെ​ നെഞ്ചിലേറ്റിയ കുറേ മനുഷ്യരുണ്ട്. ചവിട്ടുനാടകവും ജീവിതവും ഇഴപിരിഞ്ഞു കിടക്കുന്ന കഥ.

ഗോതുരുത്തിലേക്ക് ചുവടിയെറിഞ്ഞ അണ്ണാവി

പാരീസിലെ നോത്ര് ഡാം കത്തീഡ്രലിനു മുന്നിൽ നിൽക്കുന്ന, അശ്വാരൂഢനായ ഷാൾമെയ്ൻ ചക്രവർത്തിയുടെ പ്രതിമപോലെ ഗോതുരുത്തിന്റെ മണ്ണിലും തല ഉയർത്തിപിടിച്ചു നിൽപ്പുണ്ട് കാറൽമാൻ ചക്രവർത്തിയുടെ വേഷവിധാനങ്ങളോടുകൂടിയ സാക്ഷാൽ ചിന്നത്തമ്പി അണ്ണാവി.

റോമന്‍ കത്തോലിക്കാ മത ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പതിനാറാം നൂറ്റാണ്ടിൽ മിഷനറിമാർ തമിഴ്നാട്ടിൽനിന്നും മട്ടാഞ്ചേരിയിലേക്ക് എത്തിച്ച ക്രിസ്ത്യൻ പണ്ഡിതൻ. കൊച്ചിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യചുവടി തയാറാക്കി. കൊച്ചിക്കാരെ നാടകം ചൊല്ലിപ്പഠിപ്പിച്ച അണ്ണാവി പക്ഷേ, തന്റെ ചുവടി ഗോതുരുത്തുകാർക്കു കൊടുക്കാൻ തയാറായില്ല. ഗോതുരുത്തിലെ കലാസ്നേഹിയായ കയറുകച്ചവടക്കാരന്‍ ഒരുദിവസം അണ്ണാവിയെ തന്റെ നാട്ടിലേക്കു സ്നേഹസൽക്കാരങ്ങൾക്കായി ക്ഷണിച്ചു. ഗോതുരുത്തിനെ ചുറ്റിയൊഴുകുന്ന ജലപ്പരപ്പിലൂടെ വലിയ വഞ്ചിയിൽ ഒരു നീണ്ട യാത്ര അദ്ദേഹത്തിനായി ഒരുക്കി. ആ ഹരം പിടിപ്പിക്കുന്ന കാഴ്ചയ്ക്കിടെ മധുരക്കള്ള് കുടിച്ച് ലഹരിയിലാറാടിയ അണ്ണാവി ഉറക്കെ പാടാൻ തുടങ്ങി. താളത്തിൽ വഞ്ചിയുടെ തണ്ടു വലിച്ചുകൊണ്ടിരുന്ന തുഴക്കാർ തുരുത്തിനെ പലവട്ടം വലം വച്ചു. അണ്ണാവി പാട്ട് തുടർന്നു. കാതിൽപ്പതിഞ്ഞ ഈരടികളത്രയും കലാകാരന്മാർ കേട്ടെഴുതി. അങ്ങനെ ഗോതുരുത്തിൽ ചവിട്ടുനാടകം താളം ചവിട്ടി എന്നാണ് വാമൊഴിക്കഥ.

 

തീരപ്രദേശത്ത് വേരോടിയ കലാരൂപം

തീരപ്രദേശങ്ങളിലെ ലത്തീൻ സമുദായകാർക്കിടയിൽ പ്രചാരത്തിലുള്ള നടന്മാർ തന്നെ പാടി അഭിനയിക്കുന്ന, ആയോധന വൃത്തിയുമായി ഗാഢബന്ധം നിലനിർത്തുന്ന, വീരരസ പ്രധാനമായ സംഗീതനാടക കലയാണ് ചവിട്ടുനാടകം. സാധാരണക്കാർക്കിടയിൽ പുരോഗമിച്ച ആ കലാരൂപം ആസ്വദിക്കാൻ ആളുകൾ ചൂട്ടും കത്തിച്ച് പുലരുവോളം പള്ളിമുറ്റത്ത് കുത്തിയിരുന്നു. പ്രധാന ഭാഗങ്ങൾ ഏറെയും പാട്ടുകളായപ്പോൾ കാണികൾ ഏറ്റുപാടി. വടക്ക് ചാവക്കാടു മുതൽ തെക്കു കൊല്ലം വരെയും തീരപ്രദേശങ്ങളിലെ സാധാരണക്കാരിൽ സാധാരണക്കാർക്കിടയിൽ ഒരു അനുഷ്ഠാനംപോലെ അതു വളർന്നു.

ഇതിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, തിരുത്തൂര്‍, മതിലകം, മുതലായ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന കൊടുങ്ങല്ലൂർ ഭാഗങ്ങളും, കൊച്ചി പട്ടണവും, സമീപസ്ഥലങ്ങളായ വടുതല, പാലാരിവട്ടം, ചിറ്റൂര്‍, കോതാട്, പള്ളുരുത്തി, എറണാകുളം, മാനാശ്ശേരി, കമ്പളങ്ങി, വൈപ്പിൻ കര, വെണ്ടുരുത്തി, പോഞ്ഞിക്കര, വല്ലാർപ്പാടം മുതലായ പ്രദേശങ്ങളും കൊച്ചിക്കു തെക്ക് ചേർത്തല, വാർത്തുങ്കൽ, ആലപ്പുഴ, കൊല്ലം മുതലായ സ്ഥലങ്ങളിലും വിപുലമായ തരത്തിൽ ചവിട്ടുനാടകം വേരോടിയെങ്കിലും ഗോതുരുത്തു പക്ഷേ പറുദീസയായി വളർന്നു.

തമ്പിയാശാനും സംഘവും​ ഫോട്ടോ: ടി.ബി. രതീഷ് കുമാർ

 

ഗോതുരുത്തിന്റെ കാറൾസ്മാൻ

യൂറോപ്യൻ ഭരണാധികാരിയായിരുന്ന ഷാൾമെയ്ൻ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ 12 പടനായകരുടെയും കഥയായ കാറൾസ്മാൻ ചരിതം ദ്വീപിലെ കൊച്ചുകുട്ടികൾക്കുപോലും മനഃപാഠമാണ്. ചവിട്ടുനാടകം പഠിപ്പിക്കുന്ന ആശാന്മാരുടെ കളരികളായിരുന്നു ചെറുപ്പംതൊട്ടേ അവരുടെ കളിക്കളം. ആടയാഭരണങ്ങളും താളവും ആട്ടവുമെല്ലാം ആദ്യം മനസ്സിലേക്ക്. പിന്നെ ദക്ഷിണവെച്ച് അരങ്ങത്തേക്ക്. ഗോതുരുത്തിലെ ശക്തന്മാരായ പാരികളുടെ സംരക്ഷണയിൽ ജീവിച്ച ജൂതസ്ത്രീയായയ സാറയുടെ കഥയും തലമുറകളെ പാരികളായി ജീവിക്കാൻ പ്രേരിപ്പിച്ചു.

ഗോതുരുത്ത് കടൽവാതുരുത്ത് പള്ളിക്കുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചിന്നതമ്പി അണ്ണാവി പ്രതിമ

 

കഥകളിക്ക് കാറൽമണ്ണയെന്നപോലെ

ഗോതുരുത്തിലെ ഓരോ മനുഷ്യനും ചവിട്ടുനാടകത്തിന്റെ ഭാഗമായി. ഒന്നുകിൽ സ്വയം ചവിട്ടുനാടക കലാകാരൻ അല്ലെങ്കിൽ കുടുംബത്തിൽനിന്നൊരാൾ നാടകസമിതി അംഗം. അല്ലെങ്കില്‍ പൂര്‍വികരില്‍ ആരെങ്കിലും ഭാഗമായിട്ടുണ്ടാകും. അത്രമാത്രം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന, നാടിനെ ഐക്യപ്പെടുത്തുന്ന വികാരമായി ഗോതുരുത്തകാര്‍ക്ക് ആ കപ്പലോട്ട കലാരൂപം മാറി. കയറുപിരിച്ചും, മീന്‍പിടിച്ചും കൂലിപ്പണിക്കുപോയും മൂലധനം കണ്ടെത്തി ആശാന്മാരും ശിഷ്യരും നാടൊട്ടാകെ നാടകവേദിയെ വളര്‍ത്തി.

1930ലെ പള്ളിവിലക്ക്

ആദ്യ പ്രേമം ചവിട്ടുനാടകത്തോട് എന്നു പറയുന്നവരേറെയായിരുന്നു ഗോതുരുത്തില്‍. പണിയെടുത്തും വിറ്റുപെറുക്കിയും നാടകത്തെ പോറ്റുന്ന സ്ഥിതി വന്നപ്പോള്‍ പലരുടെയും ജീവിതത്തിന്റെ താളംതെറ്റി. ആ കാലത്ത് വൈദിക ശ്രേഷ്ഠര്‍ സജീവമായി ചര്‍ച്ചചെയ്ത് പള്ളിവിലക്ക് നടത്താം എന്ന തീരുമാനം കൈക്കൊണ്ടു. അതൊരു ശനിയാഴ്ചയായിരുന്നു. അന്നത്തെ ചവിട്ടുനാടകത്തില്‍ ആരെങ്കിലും അഭിനയിച്ചാല്‍ പിറ്റേ ദിവസം പ്രായശ്ചിത്തമായി പ്രാര്‍ഥനാസമയത്ത് മരക്കുരിശും പിടിച്ചു പള്ളിക്ക് പുറത്ത് കുര്‍ബാന തീരുംവരെ നില്‍ക്കണം എന്നായിരുന്നു ശാസനം. പിറ്റേന്ന് വികാരി പള്ളിയിലെത്തുമ്പോള്‍ ഇടവകയിലെ ഭൂരിഭാഗംപേരും മരക്കുരിശുമേന്തി പുറത്തുനില്‍ക്കുന്നു.

ഗോതുരുത്തിലെ മനുഷ്യര്‍ക്ക് ചവിട്ടുനാടകവും ഒരു പുണ്യപ്രവൃത്തിയാണെന്നുള്ള അരുള്‍പ്പാടായിരുന്നു അത്. പിന്നീടങ്ങോട്ട് ചവിട്ടുനാടക കല ഉയിര്‍ന്നെഴുന്നേല്‍ക്കുകയാണുണ്ടായത്. 1937ല്‍ കാട്ടിപ്പറമ്പില്‍ വാറു ആശാന്‍ സത്യപാലകന്‍ എന്ന നാടകം അവതരിപ്പിച്ചു. കോവള ചന്ദ്രിക, സത്യപാലകന്‍, ദാവീദ് വിജയം, ഗീവര്‍ഗീസ് തുടങ്ങിയ ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ അരങ്ങുവാണു. സാറകേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം എഴുതിയ സാറാ വിജയം എന്ന പാട്ട് ഗോതുരുത്തിലെ മുത്തശ്ശിപ്പാട്ടായി. അദ്ദേഹത്തിന്റെ കാലശേഷമുണ്ടായ വിടവിലേക്കാണ് സെബീന ടീച്ചര്‍ കടന്നുവരുന്നത്.

 

സെബീന റാഫിയും യുവജന കലാസമിതിയും

‘1954ല്‍ മുതിര്‍ന്ന കലാകാരന്മാരുടെ യോഗത്തില്‍ ഗോതുരുത്തില്‍ യുവജന കലാസമിതിക്ക് രൂപം കൊടുത്തു. പ്രസിദ്ധ സാഹിത്യകാരനായിരുന്ന പോഞ്ഞിക്കര റാഫിയുടെ ഭാര്യ സെബീന റാഫിയാണ് അതിന് നേതൃത്വം നല്‍കിയത്. ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവു കൂടിയായിരുന്നു അവര്‍.

കടകത്ത് ഫ്രാന്‍സിസ് ആശാന്‍, പാറക്കാട്ട ചീക്കമ്മാശാന്‍, അമ്മാഞ്ചേരി നടരാജന്‍ ആശാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് കടകത്തിനെ സമിതിയുടെ ആശാനായി തെരെഞ്ഞെടുത്തു. 1954ല്‍ അദ്ദേഹം മരണപ്പെട്ടതോടെ കാട്ടിപ്പറമ്പില്‍ പൗലോസ് ആശാന്‍ ചുമതലയേറ്റു. 5, 6 മാസം വരെ ചുവടുകളും കളരിമുറകളും അഭ്യസിപ്പിക്കും. ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴാണ് കഥയിലേക്ക് പ്രവേശിക്കുന്നതും റോളുകള്‍ നിശ്ചയിക്കുന്നതും. ആശാന്മാരുടെ നേതൃത്ത്വത്തില്‍ കലാകാരന്മാര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കി.

1956 ജൂലൈ മാസത്തില്‍ ചവിട്ടുനാടകം എന്ന ലേഖനം പരിഷത്ത് മാസികയില്‍ സെബീന ടീച്ചറുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തില്‍ ചവിട്ടുനാടകത്തെ സംബന്ധിച്ച് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമായിരുന്നു അത്. തൊട്ടടുത്ത കൊല്ലം സാഹിത്യ പരിഷത്തിന്റെ കോട്ടയം സമ്മേളനത്തില്‍ ഗോതുരുത്തിലെ ചവിട്ടുനാടക സംഘത്തിന്റെ ‘വീരകുമാരന്‍’ നാടകം സെബീന അവതരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി 1959ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമുള്ള സദസ്സിനു മുമ്പില്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. നാടകത്തിലെ പടനായകന്റെ കിരീടം വാങ്ങി നെഹ്‌റു തലയില്‍ ചൂടി. ഒപ്പം അനുമോദനങ്ങളും മെഡലുകളും നേടി. 1960കള്‍ക്കു ശേഷം ഗോതുരുത്തിനെ സംബന്ധിച്ച് ചവിട്ടു നാടക കലാരംഗത്ത് സുവര്‍ണ അധ്യയത്തിന് തുടക്കം കുറിക്കുകയായിരുന്നു. 1964ല്‍ പുറത്തിറങ്ങിയ സെബീന ടീച്ചറുടെ ചവിട്ടുനാടകം എന്ന ഗ്രന്ഥവും കേരളത്തില്‍ ചവിട്ടുനാടകത്തിന് പുതിയമാനം നല്‍കി.

ചവിട്ടുനാടകം അന്യംനില്‍ക്കാതെ സംരക്ഷിക്കുന്നതില്‍ സെബീനയുടെ പങ്ക് വലുതായിരുന്നു. ഗോതുരുത്തില്‍ സ്ത്രീകളെ തയ്യല്‍ ജോലിയെടുക്കാന്‍ പ്രേരിപ്പിച്ചു സെബീന. ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങളുടെ മിന്നുന്ന ഉടുപ്പുകള്‍ സ്ത്രീകൾ സാരി വെട്ടി തയച്ചുണ്ടാക്കി. ഓരോ മുത്തും പണവട്ടവും തുന്നിപ്പിടിപ്പിച്ച് അലങ്കാരങ്ങള്‍ ഒരുക്കി. അവിടന്നങ്ങോട്ട് പുരുഷലോകമായ ചവിട്ടുനാടക സംഘാടനം സെബീന എന്ന സ്ത്രീയിലൂടെ പുനരുജ്ജീവിക്കപ്പെടുകയായിരുന്നു.

ഇതേ കാലയളവില്‍ വടക്കേക്കടവ് കേന്ദ്രീകരിച്ചു വെങ്ങളത്ത് ഔസോ ആശാന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കിപ്പോന്നു. 1959 ക്രിസ്മസ് പിറ്റേന്ന് വിശുദ്ധ ഗീവര്‍ഗീസ് നാടകം കുട്ടികള്‍ അവതരിപ്പിച്ചു. ആദ്യമായി സ്ത്രീകളുടെ വേഷം സ്ത്രീകള്‍തന്നെ അവതരിപ്പിച്ചു. ഗോതുരുത്തിലെ പ്രശസ്തനായ ജോര്‍ജ് കുട്ടി ആശാന്‍, പടമാടന്‍ ഔസോ ആശാന്‍ എന്നിവരൊക്കെ രംഗപ്രവേശം ചെയ്യുന്നതും ഇ കാലത്താണ്. 1980 കളില്‍ ജോര്‍ജ്കുട്ടി ആശാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. പരിസരപ്രദേശങ്ങളിലേക്കും അദ്ദേഹം ചവിട്ടുനാടകം വ്യാപിപ്പിച്ചു. കാലാനുസൃതമാന മാറ്റങ്ങള്‍ കൊണ്ടുവന്ന് ജോസഫ് സലിം ആശാനും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട് - ചവിട്ടുനാടക ചരിത്ര ഗവേഷകൻ- ജോയി ഗോതുരുത്ത് പറയുന്നു

കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ് ജേതാവും

പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവൻ ചവിട്ടു നാടക സമിതി അംഗവുമായ അലക്സ്‌ താളൂപ്പാടത്ത്

 

കുടിലിലെ രാജാക്കന്മാര്‍

ആദ്യകാലങ്ങളില്‍ പത്തോളം കലാസമിതികള്‍ ഗോതുരുത്തില്‍ ഉണ്ടായിരുന്നതായി സമിതിയുടെ ഇപ്പോഴത്തെ ആശാന്‍ തമ്പി പയ്യപ്പിള്ളി പറയുന്നു. സാമ്പത്തികബുദ്ധിമുട്ടില്‍ ഓരോന്നായി നിന്നുപോയി. പണ്ട് ഭക്ഷണം മാത്രം പ്രതീക്ഷിച്ചാണ് പ്രോഗ്രാമിനു പോകുക. ദിവസങ്ങളോളം പരിപാടി നീളും. ഇന്നിപ്പോള്‍ രണ്ടു രണ്ടര മണിക്കൂര്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാണ് അവതരണം. സ്ത്രീകളടക്കം പല പ്രായത്തിലുള്ള 50 പേരോളം സമിതിയിലുണ്ട്. ഇന്നത്തെ തലമുറക്ക് ഇതുകൊണ്ട് ജീവിക്കാനാകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദികള്‍ കിട്ടുന്നുണ്ട്.

അതിദാരിദ്ര്യത്തിലും രോഗാവസ്ഥയിലും ചവിട്ടുനാടകത്തെ നെഞ്ചോടു ചേര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ഗോതുരുത്തിലെ ജോര്‍ജുകുട്ടി ആശാന്‍. അരങ്ങിലും അണിയറയിലും രാജാവായി തിളങ്ങുമ്പോഴും കുറുമ്പത്തുരുത്തിലെ കുടിലില്‍നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് കയറാന്‍ മത്സ്യത്തൊഴിലാളികൂടിയായ അദ്ദേഹത്തിനായില്ല. എന്നാല്‍, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കാഴ്ചയുടെയും ശബ്ദങ്ങളുടെയും ആവിഷ്‌കാരമാകാന്‍ അദേഹത്തിന് കഴിഞ്ഞു.

വ്യക്തമായ, ചിട്ടയായ ചവിട്ടുനാടക ചുവടുകള്‍, വായ്ത്താരികള്‍ ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പില്‍ക്കാലത്ത് മറ്റാര്‍ക്കും അദ്ദേഹത്തിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. തലമുറകള്‍ നീണ്ട ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹം തന്റെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും അതീവ താല്‍പരനായിരുന്നു -തമ്പി പയ്യപ്പിള്ളി പറയുന്നു. ഇന്ന് സര്‍ക്കാറിന്റെയും മറ്റുസാംസ്‌കാരിക സംഘടനകളുടെയും ഇടപെടലുകള്‍​െകാണ്ട് കലാകാരന്മാര്‍ക്ക് നിരവധി വേദികള്‍ കിട്ടുന്നുണ്ട്. അന്ന് ഓരോ കുടുംബത്തിലും എട്ടും പത്തും മക്കളുണ്ടായിരുന്നു. ജീവിച്ചുപോകാന്‍തന്നെ പെടാപാട്. ആശാന് ദക്ഷിണവെക്കാന്‍പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്നും മീന്‍പിടുത്തക്കാരും കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളും ഒക്കെത്തന്നെയാണ് കലാകാരന്മാര്‍.

ചുവടുകളുമായി പുതു തലമുറ

ജീവിതം തിരിച്ചുപിടിക്കുന്നതോടൊപ്പം തങ്ങളുടെ ജന്മസിദ്ധമായ കലാജീവിതവും തിരിച്ചുപിടിക്കാനുള്ള അതിതീവ്ര ശ്രമത്തിലാണ് ഗോതുരുത്തിലെ ഓരോ കലാകാരനും. ഒഴിവു വേളകളിലെ വിനോദമായി ചുരുങ്ങുന്നതിനപ്പുറം മുഖ്യധാരയിലേക്ക് ചവിട്ടു നാടകം കൊണ്ടുവരാനുള്ള പുത്തന്‍ പരീക്ഷണങ്ങളും ഈ രംഗത്തുള്ളവര്‍ നടത്തുന്നുണ്ട്. അമ്പതോളം കലാസമിതികള്‍ ഉണ്ടായിരുന്ന ഗോതുരുത്തില്‍ ഇന്ന് പരിസര പ്രദേശത്തെക്കൂടി കണക്കിലെടുത്താല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണുള്ളത്.

അരങ്ങിലെ ആര്‍ഭാടവും വേഷങ്ങളുടെ ധാരാളിത്തവും അവഗണിക്കാനാകാത്ത ചെലവുകളായപ്പോള്‍ സംഘാടകര്‍ ജനപ്രീതിയുള്ള ചെലവ് കുറഞ്ഞ പരിപാടികളിലേക്ക് ചുവടുമാറ്റിയതും തിരിച്ചടിയായതായി അവര്‍ പറയുന്നു. ഏറെക്കാലം ത്യാഗം സഹിച്ച് നാടക പരിശീലനം നടത്താനുളള താല്പര്യം പുതിയ തലമുറക്കില്ല. കരവിരുതോടെ നാടകചമയങ്ങള്‍ തയാറാക്കുന്ന നാടന്‍ കലാകാരന്മാരില്ല. വളരെക്കാലമായി കേട്ടുമടുത്ത ചെന്തമിഴ് പാട്ടുകള്‍ വീണ്ടും കേട്ടിരിക്കാന്‍ ശ്രോതാക്കള്‍ക്ക് താല്പര്യമില്ല. എന്നാല്‍, സ്‌കൂള്‍ കലോത്സവങ്ങള്‍ ഈ കലക്ക് പുതു ജീവന്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് കടന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവന്‍ ചവിട്ടു നാടക സമിതി അംഗം അലക്‌സ് താളൂപാടത്ത് പറയുന്നു.

Tags:    
News Summary - Chavittu Nadakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.