കാപ്പി കുടിക്കുംപോലെ നിസ്സാരമല്ല ചായം ചാലിച്ച് ചിത്രം രചിക്കുന്നത്. കാപ്പിപ്പൊടി ഉപയോഗിച്ച് കാപ്പി കുടിക്കുന്ന ലഘവത്തോടെ മുഖ്യമന്ത്രിയുടെ കൂറ്റൻ ചിത്രമൊരുക്കിയിരിക്കുകയാണ് പുത്തൻപീടിക സ്വദേശി മിലൻ മോൻസി എന്ന വിദ്യാർഥി. ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയപ്പോഴാണ് കാപ്പിപ്പൊടിചിത്രം നിസ്സാരമെല്ലന്ന് മറ്റുള്ളവരും തിരിച്ചറിഞ്ഞത്. 10.5 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള കാൻവാസിലാണ് മുഖ്യമന്ത്രിയുടെ ചിത്രം മിലൻ മോൻസി വരച്ചത്. കോഫി ആർട്ട് ശൈലിയിൽ കാപ്പിപ്പൊടിയുടെ നിറം ഉപയോഗിച്ച് എട്ട് മണിക്കൂർകൊണ്ടാണ് ഒരുക്കിയത്. രണ്ടു കിലോയോളം കാപ്പിപ്പൊടി ഉപയോഗിച്ചു.
കുട്ടിക്കാലം മുതൽ ചിത്രം വരക്കുന്ന മിലന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് കോഫി ആർട്ട് എന്ന ശൈലി െതരഞ്ഞെടുത്തത്. പിണറായി വിജയനോടുള്ള സ്നേഹവും അദ്ദേഹം വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ സന്തോഷവും കാരണമാണ് വരക്കാൻ അദ്ദേഹത്തെതന്നെ തെരഞ്ഞെടുത്തതെന്ന് മിലൻ പറയുന്നു.
മുമ്പ് റെക്കോഡ് നേടിയ പന്തളം സ്വദേശിയായ സുഹൃത്താണ് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. ഇതനുസരിച്ച് ഇലന്തൂർ സെൻറ് തോമസ് ബഥനി സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചിത്രരചന നടത്തിയത്. ഇതിെൻറ മുഴുവൻ സമയവും വിഡിയോയിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചുനൽകുകയായിരുന്നു. മിലെൻറ പെർഫോമൻസിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഇ-മെയിൽ ഈ മാസം എട്ടിനാണ് ലഭിച്ചത്.
വിവരം അറിഞ്ഞ് പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. അജിത് കുമാറിനൊപ്പം മിലനെ വീട്ടിലെത്തി അഭിനന്ദിച്ചു. തെൻറ ചിത്രം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തണമെന്ന മിലെൻറ ആഗ്രഹം സഫലമാക്കാൻ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
പുത്തൻപീടിക തുണ്ടുമണ്ണിൽ മോൻസി തോമസിെൻറയും മിനിയുടെയും മകനാണ് മിലൻ. കാൻവാസ് ഒട്ടിച്ചുതയാറാക്കാനും ഇതിെൻറ വിഡിയോ പകർത്താനും ഒക്കെ ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായ സജിൻ ജോൺ എബ്രഹാം, അഭിഷേക് മധു, ജിബിൻ റെജി, അനന്തു വിശ്വനാഥ് എന്നിവരാണ്. മിലന് പിന്തുണയും പ്രോത്സാഹനവും ആത്മവിശ്വാസവുമേകി കൂടെയുള്ളത് ഇരട്ടസഹോദരൻ മെൽവിൻ മോൻസിയാണ്. ഇരുവരും കോന്നി എം.എം.എൻ.എസ് കോളജിലെ ബി.കോം അവസാനവർഷ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.