കായംകുളം: അരങ്ങിൽ തകർത്താടിയിരുന്ന നടൻ ജീവിതപ്രാരബ്ധങ്ങൾ മറികടക്കാൻ പപ്പട കച്ചവടക്കാരന്റെ റോളിൽ ജീവിതവേഷം കെട്ടിയാടുന്നു. നാടകരംഗത്ത് മികവാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് തൽക്കുളത്താൽ സത്യനാണ് (52) കോവിഡ് കാലത്ത് പപ്പടക്കാരന്റെ വേഷത്തിലേക്ക് മാറിയത്. അരങ്ങുകളിൽ നിറഞ്ഞുനിന്ന ഇദ്ദേഹം 'പപ്പടം വേണോ, പപ്പടം എന്ന് നീട്ടിയും കുറുക്കിയും കോമഡിയും സീരിയസും' കലർന്ന വിളികളുമായി നിരത്തുകളിൽ നിറഞ്ഞുനിൽക്കുകയാണ്. പൊരിവെയിലത്ത് വീടുകൾ തോറും കയറിയിറങ്ങിയുള്ള കച്ചവടം അത്ര മെച്ചമല്ലെന്നാണ് സത്യൻ പറയുന്നത്. 1000 രൂപയുടെ കച്ചവടം നടന്നുകിട്ടിയാൽ തുച്ഛവരുമാനമാണ് കിട്ടുന്നത്. ഉള്ളതുകൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടാമെന്ന് മാത്രം.
പ്രീഡിഗ്രി പഠനകാലം മുതൽ നാടകനടനായതാണ്. 36 വർഷത്തെ അഭിനയ ജീവിതത്തിൽ സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാലും അല്ലലില്ലാതെ കുടുംബത്തെ നയിക്കാൻ കഴിഞ്ഞിരുന്നുവെന്നതിലായിരുന്നു സംതൃപ്തി. കെ.പി.എ.സി, കൊല്ലം സംഘചേതന, ഒഡീസി, ഓച്ചിറ സരിഗ, നാടക രംഗം, ചങ്ങനാശ്ശേരി അണിയറ തുടങ്ങിയ സമിതികളുടെ 30ഓളം നാടകങ്ങളിലാണ് വേഷമിട്ടത്. ആയിരക്കണക്കിന് വേദികളിൽ നിറഞ്ഞാടി. സീരിയസും കോമഡിയുമായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച അഭിനേതാവ് എന്ന ഖ്യാതിയും നേടി. 60ഓളം നൃത്തനാടകങ്ങളിലൂടെ സംവിധായകന്റെ കുപ്പായവും അണിഞ്ഞു.
അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് നാടക മേഖലക്ക് തിരശ്ശീല വീഴ്ത്തിയതോടെ സത്യന്റെ ജീവിതവും പ്രതിസന്ധിയിലാകുകയായിരുന്നു. അഭിനയമായിരുന്നു ആകെ അറിയാവുന്ന പണി. ജീവിക്കാൻ മറ്റു മാർഗമില്ലാതെ നിന്നപ്പോഴാണ് പപ്പടക്കാരന്റെ റോൾ ഏറ്റെടുക്കുന്നത്. ഇരുളിന്റെ തണലിൽ അഭിനയം തൊഴിലാക്കിയ സത്യന് 'പൊരിവെയിലിലെ കച്ചവടക്കാരെൻറ വേഷം' ആദ്യമൊക്കെ ഉൾക്കൊള്ളാനാകുമായിരുന്നില്ല. പട്ടിണിയും പരിവട്ടവും മറികടക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് വന്നതോടെയാണ് ബാഗിൽ നിറച്ച പപ്പടവുമായി നിരത്തുകളിലും വീടുകൾക്ക് മുന്നിലും നിറസാന്നിധ്യമായത്. എത്ര കയറിയിറങ്ങിയാലും 1000 രൂപക്ക് അപ്പുറമുള്ള കച്ചവടം സാധ്യമാകാറില്ലെന്ന് സത്യൻ പറയുന്നു.
ഭാര്യ ബിന്ദുവും മക്കളായ അമൃതയും വിജയലക്ഷ്മിയും നൽകുന്ന പിന്തുണയും കച്ചവടവഴിയിലെ കരുത്തായാണ് സത്യൻ കരുതുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പൊതുരംഗത്തെ സജീവസാന്നിധ്യം കൂടിയാണ് ഇദ്ദേഹം. മഹാമാരി കാലം മറികടന്ന് നാടകവേദികളിൽ വീണ്ടും നിറഞ്ഞുനിൽക്കാനുമെന്ന പ്രതീക്ഷയും ഈ കലാകാരൻ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.