ഡു യു നോ ദിസ് സോങ് നാടകത്തിൽ നിന്ന് 

കാണികളെ കൊണ്ട് പാട്ടുപാടിച്ചും അഭിനയിപ്പിച്ചും ‘ഡു യു നോ ദിസ് സോങ്’

തൃശൂർ: സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം നിറഞ്ഞ വേദികളിൽ പുരോഗമിക്കുകയാണ്. ഒരു നാടകം കാണാൻ പക്ഷേ, ഒരാൾ പോലുമില്ല!. കാരണമാണ് രസകരം. ഈ നാടകം കാണാൻ വന്നാൽ നിങ്ങളും നാടകത്തിൽ അഭിനയിക്കേണ്ടിവരും. പാട്ടു പാടേണ്ടിയും വരും. 60 മിനിട്ട് കഴിയുമ്പോൾ നിങ്ങൾ ഒരു നാടകത്തിൽ പരിപൂർണമായും അഭിനയിച്ച ശേഷമാകും തീയറ്റർ വിട്ട് പുറത്തേക്ക് വരിക.

പ്രമുഖ തീയറ്റർ ആർട്ടിസ്റ്റ് മല്ലിക തനേജയുടെ ‘ഡു യു നോ ദിസ് സോങ്’ എന്ന എകാംഗ നാടകമാണ് കാണികളെ മുഴുവനായും കൂടെ കൂട്ടിയത്. തോപ്പിൽ ഭാസി ബ്ലാക് ബോക്സ് തീയറ്ററിൽ നിറഞ്ഞ കാണികൾക്ക് മുന്നിലാണ് ‘ഡു യു നോ ദിസ് സോങ്’ മൂന്നു തവണയും അരങ്ങേറിയതും. ശബ്ദവും വെളിച്ചവും സംഗീതവും കാണികളുടെ ഇട​പെടലും എല്ലാം കൊണ്ടും കാഴ്ചയിൽ നവ്യാനുഭവമായിരുന്നു നാടകം.

പാട്ടുപാടിയും നൃത്തം ചെയ്തും ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന മല്ലിക നാട്ടുനടപ്പും കുടുംബ വ്യവസ്ഥയും ഒക്കെ കാരണം എല്ലാ സ്ത്രീകളെയും പോലെ പരമ്പരാഗത രീതിയിൽ ജീവിക്കേണ്ടി വരുന്നതിന്റെയും മറ്റും ചിത്രീകരണമാണ് നാടകം. നാടകത്തിന് തീയറ്ററിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കാണികൾക്ക് നാടകത്തിലെ പാട്ടിന്റെ വരികൾ വിവിധ ഭാഷയിൽ പരിഭാഷകൾ അടക്കം നൽകിയിരുന്നു.

തീയറ്ററിൽ കടക്കുന്ന കാണികൾ കാണുക വേദിയിൽ പെൺപാവകൾ നിരത്തുന്ന മല്ലികയെ ആകും. വശ്യമായ ഒരു ചിരിയോടെ അവർ നമ്മളെ സ്വീകരിക്കും. മികച്ച ഗായികയായ മല്ലിക കാണികൾക്കൊപ്പം അതിസുന്ദരമായി പാട്ടുപാടും. മല്ലികയുടെ സഞ്ചാരവഴികളിലൂടെ കാണികളും പിന്നാലെ ചെല്ലും. മല്ലിക പൊട്ടിച്ചിരിക്കുമ്പോൾ കാണിയും പൊട്ടിച്ചിരിക്കും.

മല്ലികയുടെ കണ്ണ് നനയുമ്പോൾ കാണിയുടെയും. സ്ത്രീ ജീവിതത്തിന്റെ മാറ്റമില്ലാത്ത വഴികളിലൂടെയാണ് മല്ലികയും സഞ്ചരിക്കുന്നത്. അതിൽ നിന്നും കുതറി മാറി നടക്കേണ്ടതിന്റെ ആവശ്യകതയും നാടകം പറഞ്ഞുവെക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ഡൽഹി സരസ്വതി സംഗീത കോളജിൽ നാടകം അവതരിപ്പിച്ചിരുന്നു.

Tags:    
News Summary - Drama 'Do You Know This Song' by singing and acting with the audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.