നിലമ്പൂർ ആയിഷ

നാടകമായിരുന്നു നിലമ്പൂർ ആയിഷക്ക് എല്ലാം

തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് നാടകാഭിനയ കാലത്ത് താൻ അനുഭവിച്ച തീക്ഷ്ണമായ അനുഭവങ്ങൾ ഓർ​​ത്തെടുത്ത് ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് മുതിർന്ന നടി നിലമ്പൂർ ആയിഷ. നാടകം എന്ന് കേൾക്കുമ്പോൾ മലയാളിക്ക് ഓർമവരുന്ന ആദ്യ പേരുകളിൽ ഒന്നായി നിലമ്പൂർ ആയിഷയുടെ പേരുണ്ട്. മലയാള നാടകവേദിക്ക് അവർ നൽകിയ സംഭാവനകൾ എത്ര വാഴ്ത്തിപ്പറഞ്ഞാലും മതിയാവാത്തതുമാണ്. 1950കളുടെ തുടക്കത്തിലാണ് നിലമ്പൂർ ആയിഷ നാടക രംഗത്തേക്ക് കടന്നുവരുന്നത്. അന്ന് നാടകത്തിന് പോയിട്ട് പെൺകുട്ടികൾ പഠിക്കാൻ പോലും വ്യാപകമായി പോയിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. എല്ലാ എതിർപ്പുകളെയും മറികടന്ന് അവർ തട്ടിൽ കയറി.

1935ൽ നിലമ്പൂരിലെ സമ്പന്ന കുടുംബത്തിലാണ് ആയിഷയുടെ ജനനം. പിതാവിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെ തളർത്തി. ബന്ധുവിന്റ നിർബന്ധത്തിനു വഴങ്ങി 13-ാം വയസ്സിൽ 47കാരനുമായി വിവാഹിതയായി. അഞ്ച് ദിവസം നീണ്ട ബന്ധത്തിൽ ഒരു പെൺകുഞ്ഞ് പിറന്നു. നെല്ലുകുത്തി അരിയാക്കി വിറ്റാണ് ആയിഷ കുഞ്ഞിനെ പോറ്റിയത്. ആയിടക്കാണ് നിലമ്പൂർ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകത്തിൽ അഭിനയിക്കാൻ നാടകത്തിന്റെ രചയിതാവ് ഇ.കെ. അയമു ആയിഷയെ ക്ഷണിച്ചത്. സഹോദരൻ മാനു മുഹമ്മദ് പെങ്ങൾക്കു പിന്തുണ നൽകി. ഉമ്മ എതിർപ്പ് അറിയിച്ചു. ‘രക്ഷിക്കാൻ കഴിയാത്ത ആരും നമ്മളെ ശിക്ഷിക്കുകയും വേണ്ട’ എന്ന പ്രസ്താവനയിലൂടെ അവർ നാടകവേദികളിൽ നിന്നും വേദികളിലേക്ക് കഠിന വഴികൾ താണ്ടി. മറ്റൊരു നാടക പ്രവർത്തകനും നേരിടേണ്ടി വന്നിട്ടില്ലാത്ത എതിർപ്പുകളും ആക്രമണങ്ങളും ആയിഷ നേരിട്ടു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഫറോക്കിൽ ലക്ഷ്മി ടാക്കീസിലാണ് ആയിഷ ആദ്യമായി അരങ്ങിലെത്തിയത്. മുസ്‍ലിം സ്ത്രീ നാടകത്തിൽ അഭിനയിക്കുന്നത് അന്ന് വലിയ വാർത്തയായി. നാദാപുരത്ത് നാടകം അവതരിപ്പിക്കവെ അവർക്കു നേരെ കല്ലേറുണ്ടായി. നെറ്റിയിൽ നിന്ന് ചോരയൊലിച്ചിട്ടും നാടകം അവസാനിപ്പിച്ചില്ല. മഞ്ചേരിയിൽ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെ വെടിവെപ്പുണ്ടായി. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്. ഒരിക്കൽ മേക്കപ്പ് മുറിയിൽ അതിക്രമിച്ചു കടന്ന ഒരാൾ കവിളത്ത് ആഞ്ഞടിച്ചു. ഇതിനെയൊക്കെയും അതിജീവിച്ചാണ് നാടക ജീവിതം കരുപിടിപ്പിച്ചത്.

അമർനാഥിന്റെ നായികയായി ‘എലിഫന്റ് ക്വീൺ’ എന്ന ഹിന്ദി സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്ന് ആയിഷ പറയുന്നു. കണ്ടംവെച്ച കോട്ട്, കാവ്യമേള, കുട്ടിക്കുപ്പായം, ഓളവും തീരവും, പാലേരി മാണിക്യം അടക്കമുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. കെ.ടി. മുഹമ്മദിന്റെ കലിംഗ തീയറ്റർ അടക്കം നിരവധി നാടക സമിതികളിലും അഭിനയിച്ചു. ‘കുരങ്ങു രസായനം’ എന്ന നാടകത്തിൽ നാല് റോളുകളിൽ ആയിഷ അഭിനയം കാഴ്ചവെച്ചു.

സാമ്പത്തിക ഞെരുക്കം വല്ലാതെ വീർപ്പുമുട്ടിച്ചപ്പോൾ പത്തൊമ്പതര കൊല്ലം സൗദിയിലെ റിയാദിൽ അറബിയുടെ വീട്ടുവേലക്കാരിയായി ജോലി നോക്കി. തിരിച്ചുവന്നും നാടകത്തിൽ സജീവമായി. ഇതിനകം 29000ലധികം വേദികളിൽ നാടകം കളിച്ചു. ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയറ്റഴ്സ് അവതരിപ്പിച്ച ‘ഉള്ളതു പറഞ്ഞാൽ’ എന്ന നാടകത്തിലാണ് അവസാനം അഭിനയിച്ചത്.

ആയിഷയുടെ ജീവിത, നാടകാനുഭവങ്ങൾ ബിരുദ വിദ്യാർഥികൾക്ക് പാഠഭാഗമായി പഠിക്കാനുമുണ്ട്. എഴുത്തുകാരനായ ബഷീർ ചുങ്കത്തറ ആയിഷയെക്കുറിച്ചെഴുതിയ ‘തോക്കിനെ ഭയക്കാത്ത കലാകാരി’ എന്ന ലേഖനം മമ്പാട് എം.ഇ.എസ്. ഓട്ടോണമസ് കോളജിൽ ബി.എ, ബി.എസ്‌.സി മൂന്നാം സെമസ്റ്ററിന്റ മലയാളം കോമൺ കോഴ്സ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ മുസ്‌ലിം സമുദായത്തിലെ ആദ്യ നാടക നടിയെന്നതാണ് സംസ്ഥാനത്തിന്റ നാടക ചരിത്രത്തിൽ നിലമ്പൂർ ആയിഷയുടെ സ്ഥാനം. 2002ലെ മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സമഗ്ര സംഭാവനക്കുള്ള എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം, 2011ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. നടി മഞ്ജു വാര്യർ അഭിനയിച്ച ‘ആയിഷ’ എന്ന സിനിമ നിലമ്പൂർ ആയിഷയുടെ ഗൾഫ് ജീവിതം പ്രമേയമാക്കിയുള്ളതാണ്.

Tags:    
News Summary - Drama was everything for Nilambur Ayisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.