"ഗദ്ദർ സ്മരണ" സാഹിത്യ അക്കാദമി ഹാളിൽ നാളെ

തൃശൂർ: വിപ്ലവ കവി ഗദ്ദറിനെ അനുസ്മരിക്കുന്നു. 'ഗദ്ദർ സ്മരണ' എന്ന പേരിൽ തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിലാണ് ബുധനാഴ്ച പരിപാടി നടത്തുന്നത്. ടി.ഡി രാമകൃഷ്ണൻ, പി.എൻ ഗോപീകൃഷ്ണൻ, റഫീക്ക് അഹമ്മദ്, വി. വിജയകുമാർ, പി.സി ഉണ്ണിച്ചെക്കൻ, പി.കെ വേണുഗോപാൽ, ടി.ആർ രമേഷ്, കെ.എ മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.

1990 ൽ തൃശൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗദ്ദർ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച വിപ്ലവ സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായിരുന്ന എ.ഐ.എൽ.ആർ.സി (ആൾ ഇന്ത്യ ലീഗ് ഫോർ റവല്യൂഷനറി കൾച്ചർ) യുടെ 4ാം അഖിലേന്ത്യാ കോൺഫറൻസിൽ പങ്കെടുക്കാനാണ് ഗദ്ദർ കേരളത്തിൽ വന്നത്.

 


 ആന്ധ്രയിൽ പ്രവർത്തിച്ചിരുന്ന വിപ്ലവ രചയിതലു സംഘം (വിരസം) എന്ന എഴുത്തുകാരുടെ സംഘടനയും പാട്ടുകാരുടേയും നർത്തകരുടേയും സംഘടനയായ ജനനാട്യമണ്ഡലിയും ചേർന്നാണ് എ.ഐ.എൽ.ആർ.സി രൂപീകരിക്കാൻ മുൻകൈയെടുത്തത്. എ.ഐ.എൽ.ആർ.സി യുടെ കേരളത്തിൽ നിന്നുള്ള ഘടക സംഘടനയായിരുന്ന 'ജനകീയ കലാ സാഹിത്യ വേദി'യാണ് തൃശൂർ സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്.

ആന്ധ്രയുൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിലും നിന്നുള്ള സംഘടനകൾ സി.പി.ഐ (എം.എൽ) പീപ്പിൾസ് വാർ വിഭാഗവുമായി ബന്ധപ്പെട്ടവരായിരുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സമ്മേളനം നടന്നത്. ഒക്റ്റോബർ 19 ന് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന കോവിലനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

 


ജനറൽ സെക്രട്ടറിയായിരുന്ന കെ.വി.ആർ (കെ.വി രമണ റെഡി - തെലുഗു കവി) പതാക ഉയർത്തി. ഉച്ച കഴിഞ്ഞ് തൃശൂർ നഗരത്തിൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനം നടന്നു. പ്രകടനത്തിൽ ഗദ്ദറിന്റെ നേതൃത്വത്തിൽ ആന്ധ്രയിൽ നിന്നുള്ള പ്രവർത്തകരാണ് ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ചത്. പ്രകടനത്തിനു ശേഷം വിദ്യാർത്ഥി കോർണറിൽ പൊതു സമ്മേളനവും കലാപരിപാടികളും നടന്നു. അതിനും നേതൃത്വം നൽകിയത് ഗദ്ദറാണ്. 21 ന് സമ്മേളനം അവസാനിച്ചുവെങ്കിലും രണ്ടു ദിവസം കൂടി തൃശൂരിൽ താമസിച്ചതിനു ശേഷമാണ് ഗദ്ദർ മടങ്ങിയത്. ആ തൃശൂരിലെ മണ്ണിൽ ഗദ്ദർ നാളെ അനുസ്മരിക്കുകയാണ്. 

Tags:    
News Summary - "Gaddar Smrana" tomorrow at Sahitya Akademi Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.