ചേർപ്പ്: പ്രായം വെറുമൊരു അക്കം മാത്രമാണെന്നുതന്നെ തെളിയിച്ചിരിക്കുകയാണ് എഴുപതിലെത്തിയ ഏതാനും വീട്ടമ്മമാർ. നൃത്തത്തിൽ അരങ്ങേറ്റം കുറിക്കാൻ പ്രായം പ്രശ്നമല്ലെന്നുറപ്പിച്ച് 30 ഓളം വീട്ടമ്മമാരാണ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്.
നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ വാര്യർ, എസ്.എൻ.ഡി.പി പെരിങ്ങോട്ടുക്കര യൂനിയൻ വനിത സംഘം സെക്രട്ടറി ഷിനി ഷൈലജൻ, ജലജ രാജൻ, ശാന്ത വാരിയർ എന്നിവരടങ്ങുന്ന വീട്ടമ്മ സംഘം വല്ലച്ചിറ കൈരളി റീജൻസി ക്ലബിൽ അരങ്ങേത്തിനായി നൃത്ത യോഗ എന്ന കലാരൂപത്തിന്റെ പരിശീലനത്തിൽ സജീവമാണ്.
യോഗയെ കൂടുതൽ ആസ്വാദ്യകരവും ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 18ന് വൈകീട്ട് 5.30ന് തിരുവുള്ളക്കാവ് ക്ഷേത്രസന്നിധിയിലെ വേദിയിലാണ് അര മണിക്കൂർ നീളുന്ന നൃത്ത യോഗ അവതരണം. യോഗ അധ്യാപകൻ കാട്ടൂർ സ്വദേശി സുജിത്ത് ബാലാജിയാണ് 25 മിനിറ്റ് വരുന്ന നൃത്ത യോഗ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ദൈവദശകം, ഹരിവരാസനം തുടങ്ങി നാല് കീർത്തനങ്ങൾക്കനുസരിച്ചാണ് യോഗ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുറച്ച് പ്രായമുള്ളവർക്ക് കൂടി വഴങ്ങുന്ന രീതിയിലാണ് യോഗ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഇരിങ്ങാലക്കുട, തൃശൂർ എന്നിവടങ്ങളിൽ ദൈവദശകം, പ്രാചീന നൃത്ത കലാരൂപങ്ങൾ ഉൾപ്പെടെ മെഗാ നൃത്താകലാരൂപങ്ങൾക്ക് അവതരണ നേതൃത്വം വഹിച്ചിട്ടുള്ള സുജിത്ത് ബാലാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.