ലണ്ടൻ: ബ്രിട്ടനിെല ലോകപ്രശസ്തമായ 'നാഷനൽ ഗാലറി'യിൽ പ്രദർശനത്തിന് വെക്കുകയും റെക്കോഡ് തുകക്ക് വിറ്റുപോകുകയും ചെയ്ത ലിയോനാർഡോ ഡാ വിഞ്ചിയുടെ 'സാൽവദോർ മുണ്ടി' എന്ന പെയിന്‍റിങ് ഒറിജിനലോ വ്യാജനോ? ആരോരുമറിയാതെ കിടന്ന് പെട്ടെന്നൊരുനാൾ പൊങ്ങിവരികയും അതിവേഗം ജനപ്രീതി നേടുകയും ചെയ്ത ഡാ വിഞ്ചി ചിത്രത്തെ ചൊല്ലിയാണിപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് നാഷനൽ ഗാലറിയിൽ സംഘടിപ്പിച്ച ഡാ വിഞ്ചി ചിത്ര പ്രദർശനത്തിലാണ് ആദ്യമായി ചിത്രം കാഴ്ചക്കെത്തുന്നത്. എവിടെനിന്ന് ലഭിച്ചുവെന്നോ ആരു നന്നാക്കിയെടുത്തുവെന്നോ വിശദാംശങ്ങൾ സംഘടിപ്പിക്കാതെയായിരുന്നു പ്രദർശനം. പക്ഷേ, അതിവേഗം ലോകം ഏറ്റെടുത്ത ചിത്രം പിന്നീട് 32 കോടി പൗണ്ടിന് അഥവാ 3300 കോടി രൂപക്ക് വിറ്റുപോകുകയും അതോടെ വീണ്ടും വിസ്മൃതിയിലേക്ക് പോകുകയും ചെയ്തു.
കോടികൾ മറിയുന്ന കലാവിപണിയുടെ ഉള്ളറകൾ തേടുന്ന പുതിയ ഡോക്യുമെന്‍ററിയിലാണ് ഇതേ കുറിച്ച വിശദാംശങ്ങളുള്ളത്. ജർമനിയിലെ ആർട് ഗാലറിയായ ജെമാൾഡ്ഗാലറിയിലാണ് ആദ്യം ഈ ചിത്രം എത്തുന്നത്. പെയിന്‍റിങ് വീണ്ടെടുത്തയാൾ നന്നായി മിനുക്കിയെടുത്തത് കണ്ട് താൽപര്യം തോന്നിയെങ്കിലും അതുകഴിഞ്ഞാണ് 2011ൽ നാഷനൽ ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. വിൽപനക്കുള്ള പെയിന്‍റിങ്ങുകൾ പ്രദർശനത്തിന് വെക്കരുതെന്നാണ് ചട്ടമെങ്കിലും അതുമാത്രം പ്രദർശനത്തിനെത്തി. അതോടെ വിപണി മൂല്യം കുത്തനെ ഉയരുകയും ചെയ്തു.
1900നപ്പുറത്തേക്ക് ചിത്രത്തിന്‍റെ പിന്നാമ്പുറ വിശേഷങ്ങൾ ഇതുവരെയും ലഭ്യമല്ല. അന്ന് ബെർണാഡിനോ ലൂയിനിയുടെ സൃഷ്ടിയായി വിൽപന നടന്നത് 120 പൗണ്ടിന്. അലക്സാണ്ടർ പാരിഷ്, റോബർട്ട് സൈമൺ എന്നിവർ ചേർന്ന് 2005ൽ 1,175 ഡോളറിന് വാങ്ങിയതും ലോകമറിയും. പിന്നീട് 2017 വരെ 12 വർഷം നീണ്ട അറ്റകുറ്റപ്പണികൾക്കൊടുവിലാണ് ഇന്ന് കാണുന്ന രൂപം പ്രാപിക്കുന്നത്. ആ വർഷം തന്നെ അത് 45 കോടി ഡോളറിന് (3300 കോടി രൂപ) വിറ്റുപോയി. പിന്നീട് പക്ഷേ, അതേ കുറിച്ച് വിവരമൊന്നുമുണ്ടായിട്ടില്ല.
പാരിസിലെ ലൂവ്റെ മ്യൂസിയം ഇത് ലിയോനാർഡോയുടെതല്ലെന്നും അടുത്തിടെയുള്ള ഏതോ ചിത്രകാരന്‍റെതാണെന്നും മുദ്രകുത്തുകയും ചെയ്തു. ലൂവ്റെ ഉൾപെടെ മുൻനിര കേന്ദ്രങ്ങളിലെത്തിക്കാൻ ആസൂത്രിതമായി നടന്ന ശ്രമങ്ങളും ഡോക്യുമെന്‍ററി പരാമർശിക്കുന്നുണ്ട്.
അതേ സമയം, പെയിന്‍റിങ് ശരിക്കും ലിയോനാർഡോയുടെത് ആയിരുന്നുവെന്ന് വിശ്വസിക്കുന്ന വിദഗ്ധർ ഇപ്പോഴുമുണ്ടെന്നത് വൈരുധ്യമാകാം.
ഡെൻമാർക്കുകാരനായ ആൻഡ്രിയാസ് കീഫീഡ് സംവിധാനം ചെയ്ത 'ലോസ്റ്റ് ലിയോനാർഡോ' സാൽവദോർ മുണ്ടിയുടെ മറ്റു വിൽപനകളുടെ കഥയും ഇതിൽ പങ്കുവെക്കുന്നുണ്ട്. ലാഭക്കൊതി മൂത്ത് വ്യാജന്മാരെ സൃഷ്ടിക്കുകയും കഥകൾ മെനയുകയും ചെയ്താണ് ഈ വിപണി സജീവമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.