കേരള സംഗീത നാടക അക്കാദമി പരിസരത്ത് നാടകമേളയുടെ ഒരുക്കങ്ങൾ കാണാനെത്തിയ ആൽബർട്ടോ

തൃശൂരിൽ ഇനി ‘നാടകമേ’ ഉലകം; വിവിധ ദേശങ്ങളിൽ നിന്നും കാണികളെത്തിത്തുടങ്ങി

തൃശൂർ: ആൽബെർട്ടോക്ക് 62 വയസ്സുണ്ട്. സ്​പെയിനിലെ ബാർസലോണയിൽ നിന്നാണ് വരുന്നത്. നാടകം കാണാൻ മാത്രമായി എത്തിയതാണ്. നാടകോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പുതന്നെ ആൽബെർട്ടോ തൃശൂർ നഗരത്തിലെത്തി. ദിവസവും സംഗീത നാടക അക്കാദമിയുടെ ആസ്ഥാനത്തെത്തും. നാടകത്തിനുള്ള ഒരുക്കങ്ങൾ കണ്ടിരിക്കും.

അവിടെയുള്ള കലാകാരൻമാരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. നാടകം അത്രത്തോളം ആൽബർട്ടിന്റെ ജീവിതത്തോട് ചേർന്നു കിടക്കുകയാണ്. കഴിഞ്ഞ വർഷവും ആൽബെർട്ടോ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ പ​ങ്കെടുക്കാൻ എത്തിയിരുന്നു. ശരിക്കും അത്ഭുതപ്പെട്ടു പോയെന്ന് അദ്ദേഹം പറയുന്നു.

ലോക നാടകങ്ങൾ ഒരു വേദിയിൽ ​തന്നെ കാണാൻ പറ്റി എന്നത് വിസ്മയകരമായിരുന്നു. അതാണ് ഇത്തവണയും അതിന്റെ സമയം ഷെഡ്യൂൾ ചെയ്ത് യാത്രക്കിറങ്ങിയത്. ഇക്കുറി കേരളത്തിൽ, പ്രത്യേകിച്ചും തൃശൂരിൽ താങ്ങാനാവാത്ത ചൂടാണ്. എന്നാലും നാടകം കാണാനുള്ള അവസരം പാഴാക്കില്ല. സാധ്യമായ എല്ലാ നാടകവും കാണും. സ്​പെയിനിൽ ധാരാളം നാടക തിയറ്ററുകൾ ഉണ്ട്. ബാർസലോണയിൽ മാ​ത്രം പത്തിലധികം അറിയപ്പെടുന്ന നാടക തീയറ്ററുകൾ ഉണ്ട്.

ഇവിടെയൊക്കെ സാധാരണക്കാർക്കും ചെറു വരുമാനം ഉള്ളവർക്കും നാടകം കാണാൻ കഴിയാറില്ല. ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെയാണ് തടസ്സം. ഒരു നാടകം കാണണ​മെങ്കിൽ 30 യൂറോ നൽകണം. 2700 ഇന്ത്യൻ രൂപ. ആ സ്ഥാനത്ത് അതേനാടകം അതേ നിലവാരത്തിൽ കേവലം 70 രൂപ ടിക്കറ്റ് നിരക്കിൽ കാണാൻ കഴിയുന്നു എന്നത് നാടകോത്സവത്തെ വളരെയേറെ ആകർഷകമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാർസലോണയിൽ തീയറ്റർ ഫെസ്റ്റുകൾ ഇത്ര പ്രാധാന്യത്തോടെ നടക്കാറി​ല്ലെന്നും ആൽബർട്ടോ പറഞ്ഞു.

സ്പാനിഷ് ഭാഷയിൽ ഇറങ്ങുന്ന കൾച്ചറൽ ബുക്കുകളുടെ എഡിറ്ററാണ് ആൽബർട്ടോ. ജോലിയുടെ ഇടവേളകളിൽ ലോകം കാണാൻ യാത്രക്കിറങ്ങും. രണ്ട് വർഷമായി ആ യാത്ര കേരളത്തിലേക്കാണ്. പ്രത്യേകിച്ചും തൃശൂരിലേക്ക്. ഇറ്റ്ഫോക്കിൽ നാടകങ്ങൾ കാണുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം നാടക വേദിയിൽ കണ്ടുമുട്ടിയവർക്ക് സമൂഹമാധ്യമങ്ങളിലൂടെ താനിവിടെ എത്തിയെന്ന വിവരം പങ്കുവെച്ച് ലോകനാടകങ്ങളുടെ കാഴ്ചക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ് ഈ നാടകപ്രേമി. നാടകോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. 

Tags:    
News Summary - International Drama Festival- itfok 2024 in Thrissur; Spectators started coming from different countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.