അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024ന് ഇന്ന് തിരിതെളിയും

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് -2024 വെള്ളിയാഴ്ച തുടങ്ങും. 16ന് അവസാനിക്കും. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് ഇത്തവണ നാടകോത്സവത്തിന്റെ ആശയം. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്ന​തെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ടു ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കും. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച ആക്ടർ മുരളി തിയേറ്ററിൽ ബ്രസീലിയൻ തദ്ദേശീയ രാഷ്ട്രീയ വിഷയങ്ങളെ നാല് ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ‘അപത്രിദാസ്’ എന്ന പോർട്ടുഗീസ് നാടകം വൈകീട്ട് 7.45ന് അരങ്ങേറും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ അരങ്ങേറുന്ന ‘മാട്ടി കഥ’ ഡൽഹിയിലെ ട്രാം ആർട്സ് ട്രസ്റ്റ് പ്രൊഡക്ഷനാണ് അവതരിപ്പിക്കുന്നത്. തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ ഡൽഹി ദസ്താൻ ലൈവിന്റെ ‘കബീര ഖദാ ബസാർ മേ’ കാണികൾക്ക് സൗജന്യമായി കാണാം. കബീർ സൂക്തങ്ങളെ കോർത്തിണക്കി റോക്ക് ഒപേറ സ്റ്റൈലിൽ എം. കെ റെയിന രൂപകല്പന ചെയ്‍ത നൂതന രംഗാവിഷ്‌ക്കാരമാണിത്.

മികച്ച സാങ്കേതിക മികവോടെ കാണികളിലേക്ക് എല്ലാ നാടകങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ആർടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ 23 നാടകങ്ങളുടെയും വേദികൾ സജ്ജമായി. കേരള സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ കാമ്പസുകളും തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടും ടൗൺ ഹാളും നാടകോത്സവത്തിന്റെ വേദികളാണ്.

‘അല്ലെ ആർമി’ എന്ന ഇറ്റാലിയൻ നാടകവും ‘ഹൗ ടു മേക്ക് എ റവൊല്യൂഷൻ’ എന്ന ഫലസ്തീൻ നാടകവും വരും ദിവസങ്ങളിൽ അരങ്ങിലെത്തും. നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകൾ, തിയറ്റർ ശിൽപ്പശാലകൾ എന്നിവയും അരങ്ങേറും. 10 മുതൽ 16 വരെ രാമനിലയം കാമ്പസിലെ ഫാവോസ് തിയറ്ററിൽ ഉച്ചക്ക് 1.30ന് വിവിധ വിഷയങ്ങളെ അധികരിച്ച പാനൽ ചർച്ചകളും സംവാദനാത്മക സെഷനുകളും നടക്കും.

നാടകോത്സവത്തിന്റെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ പ​ങ്കെടുക്കും. നടി രോഹിണി മുഖ്യാതിഥിയാകും. ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ പതിനാലാമതു അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആശയവും കാഴ്ച്ചപ്പാടുകളും അവതരിപ്പിക്കും.

വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, നിർവാഹകസമിതി അംഗം രേണു രാമനാഥ്‌, ഇറ്റ്ഫോക് കോ-ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പ​ങ്കെടുത്തു.

ടിക്കറ്റ് ബുക്കിങ്

ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും അന്നേ ദിവസത്തെ മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപ.

ഓൺലൈൻ ടിക്കറ്റിങുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് മെയിൽ വഴി ലഭിച്ച ടിക്കറ്റിന്റെ ബാർകോഡ് തീയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്‌തോ അല്ലെങ്കിൽ ടിക്കറ്റ് പ്രിന്റ് എടുത്ത് കൊണ്ട് വന്നോ നാടകം കാണാം. ഫെസ്റ്റിവൽ ദിവസങ്ങളിൽ ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റ് കൗണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്.

Tags:    
News Summary - International drama festival- ItFolk 2024 will kick off tomorrow in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.