പയ്യന്നൂർ: തുലാമാസം പിറന്നതോടെ പ്രതീക്ഷയുടെ ചിലമ്പൊലിയുമായി തെക്കടവൻ തറവാട്ടിൽ കുണ്ടോർചാമുണ്ഡിയുടെ പുറപ്പാട്. ഉത്തര കേരളത്തിൽ ഇടവപ്പാതി വരെയുള്ള രാപ്പകലുകൾ കളിയാട്ടക്കാലത്തിന്റെ ആരവമുയരുന്നതിന്റെ ചിലമ്പൊലി താളമാണ് തുലാം ഒന്നിന് തെക്കടവൻ തറവാട്ടിൽ മുഴങ്ങിയത്.
അത്യുത്തരകേരളത്തിൽ കളിയാട്ടക്കാലത്തിന്റെ വാചാലുകളുണരുന്നത് തുലാമാസം മുതലാണ്. തുടർന്ന് ആറു മാസത്തിലധികം ക്ഷേത്രങ്ങളും തറവാടുമുറ്റങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളും ചെണ്ടയുടെയും ചിലമ്പിന്റെയും രൗദ്രതാളം കൊണ്ട് മുഖരിതമാവും.
പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് തെക്കടവൻ തറവാടുക്ഷേത്രത്തിൽ കുണ്ടോർ ചാമുണ്ഡിയുടെ നടനകാന്തിയോടെയാണ് തെയ്യാട്ടക്കാലത്തിന് തിരിതെളിഞ്ഞത്. തുലാപത്തിന് നീലേശ്വരം മന്ദംപുറത്ത് കാവിൽ കളിയാട്ടം തുടങ്ങുന്നതോടെയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ കാവുകൾ സജീവമാവുക.
എന്നാൽ, പത്തിന് മുമ്പുതന്നെ പയ്യന്നൂരിലെ തെക്കടവൻ തറവാട്ടിൽ കുണ്ടോർ ചാമുണ്ഡിയും കൂടെയുള്ളോരും ഉറഞ്ഞാടി തുടക്കമിടുന്നു. തുലാം ഒന്നിന് തുടങ്ങി രണ്ടിനാണ് ഇവിടെ അവസാനിക്കുന്നത്. ഇടവപ്പാതിയിൽ വളപട്ടണം കളരി വാതിൽക്കൽ കളിയാട്ടത്തോടെ കളിയാട്ടക്കാലത്തിന് തിരശീല വീഴും.
കർണാടകയിലെ കാവേരിയിൽ നിന്ന് യാത്ര തിരിച്ച ശിവചൈതന്യ സ്വരൂപിണിയായ ദേവി കീഴും ശാസ്താവിന്റെ സങ്കേതത്തിൽ എത്തുകയും തുടർന്ന് കാസർകോടിന് കിഴക്കു മാറി കുണ്ടോറ ഗ്രാമത്തിൽ താമസിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇവിടെ നിന്ന് മലനാട്ടിലെത്തിയ ദേവി പയ്യന്നൂർ പെരുമാളിന്റെ ഊരിലും തുടർന്ന് കൊറ്റി പഴശി കാവിലും കണ്ണങ്ങാട്ട് ക്ഷേത്രത്തിലും എത്തിയത്രെ.
കുണ്ടോർ ചാമുണ്ഡിയുടെ പരിപാലനാവകാശം തെക്കടവൻ തറവാട്ടുകാർക്കാണ്. ഇതാണ് ഈ തറവാട്ടിൽ നിന്ന് തുടക്കം കുറിക്കാൻ കാരണം. വേല സമുദായത്തിൽപ്പെട്ടവരാണ് കോലധാരി. വേലൻ രാമന്റെ കുടുംബത്തിനാണ് ഇവിടെ ജന്മാവകാശം. തുടർ ദിവസങ്ങളിൽ മറ്റ് തറവാടുകളിലും കെട്ടിയാടും. ഉത്തരകേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പായ കളിയാട്ടം കൂടാൻ ജാതി മതത്തിനതീതമായി നാട്ടുകാർ എത്തിച്ചേരുന്നു എന്നും തെയ്യത്തിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.