പയ്യന്നൂർ: വെങ്കലത്തിൽ കവിത രചിക്കുന്നവരാണ് കുഞ്ഞിമംഗലത്തുകാർ. മെഴുകുപ്രതിമയിൽ 1,000 ഡിഗ്രി ചൂടാക്കിയ ലോഹക്കൂട്ട് പകർന്ന് തണുത്ത ശേഷം ശിൽപിയുടെ കൈകളും സർഗാത്മകതയും സമന്വയിക്കുമ്പോൾ കാഴ്ചയുടെ ഉത്സവമായി. ഓട്ടുരുളിയും ഓട്ടു വിളക്കും ഓട്ടുകിണ്ടിയുമില്ലാത്ത വീടുകൾ അപൂർവമായിരുന്നു കേരളത്തിൽ. ഇപ്പോഴും ഗൃഹപ്രവേശനത്തിന്റെ അടയാളപ്പെടുത്തലുകളായി മിക്കയിടങ്ങളിലും ഇവ നില നിൽക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ ആരാധിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങളും കുഞ്ഞിമംഗലത്തെ ശിൽപിയുടെ പണിശാലയിൽ പിറവി കൊണ്ടവ തന്നെ. എന്നാൽ മൂശാരിക്കൊവ്വൽ എന്ന ശിൽപഗ്രാമത്തിന് ഇന്ന് പഴയ പ്രൗഢിയില്ല. സർക്കാർ ഇടപെടൽ ഒരു പരിധിവരെ പൈതൃകം തിരിച്ചുപിടിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും അത് പൂർണമായ വീണ്ടെടുപ്പിന് പര്യാപ്തമല്ല.
ഇന്ത്യയിൽ ശിൽപികൾക്കായി മാത്രം ഒരു ഗ്രാമം എന്നത് അപൂർവമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് അത് യാഥാർഥ്യമായത് കുഞ്ഞിമംഗലത്താണ്. മൂശാരിക്കൊവ്വൽ എന്ന വിളിപ്പേരു ലഭിച്ച ഈ ഗ്രാമം ഇന്നും അതേ പേരിൽ തന്നെ നിലനിൽക്കുന്നു. കുഞ്ഞിമംഗലത്തിന്റെ ശിൽപ ഗ്രാമത്തിന് 9,00 വർഷത്തെ പഴക്കമുണ്ട്. മുമ്പ് നൂറോളം കുടുംബങ്ങൾ സജീവമായി ശിൽപ നിർമാണത്തിൽ വ്യാപരിച്ചിരുന്നു എന്നതും ചരിത്രം.
ഓട്ടുപാത്രങ്ങൾ, പഞ്ചലോഹ വിഗ്രഹങ്ങൾ, ക്ഷേത്ര കൊടിമരങ്ങൾ, വിളക്കുകൾ, കിണ്ടി, പൂജാ പാത്രങ്ങൾ, തെയ്യചമയങ്ങൾ, തിരുവായുധം, മുഖങ്ങൾ തുടങ്ങിയവ തികഞ്ഞ സൗന്ദര്യബോധത്തോടെ ഗ്രാമങ്ങളിലെ വീടുകളോട് ചേർന്ന പണിശാലയിൽ രൂപം കൊണ്ടു. നല്ല രീതിയിൽ ഇവ കേരളത്തിനകത്തും പുറത്തും വിപണനം നടത്തുകയും ചെയ്തു. ആധുനിക കാലത്ത് പുതിയ ഡക്കറേഷനുകളും നിർമിച്ച് വിൽപന നടത്തി വരുന്നു.
അലൂമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിവ കൊണ്ട് നിർമിക്കുന്ന സാധനങ്ങളുടെ വരവോടെയാണ് വെങ്കലത്തിന്റെ പ്രതാപത്തിരി കെട്ടുതുടങ്ങിയത്. നിർമാണത്തിലെ സങ്കീർണതയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം വെങ്കല ഉപകരണങ്ങൾ മറ്റ് വസ്തുക്കളോടു മത്സരിക്കാൻ സാധിക്കാത്ത സ്ഥിതിയായി. അതു കൊണ്ടു തന്നെ പുതിയ തലമുറ ഉപജീവനത്തിന് മറ്റ് തൊഴിലിടം തേടി. അപ്പോഴും 40 ഓളം കുടുംബങ്ങൾ പരമ്പരാഗത തൊഴിലുമായി ജീവിക്കുന്നു എന്നത് മൂശാരിക്കൊവ്വലിന്റെ പ്രത്യേകത.
ഇന്ത്യയിൽ പരമ്പരാഗത രീതിയിൽ ശിൽപ നിർമാണം നടത്തുന്ന പ്രദേശങ്ങളാണ് ഇന്നും കുഞ്ഞിമംഗലവും പയ്യന്നൂരിലെ ചില ശിൽപ ഗ്രാമങ്ങളും. ശിൽപശാസ്ത്ര വിധി പ്രകാരം മെഴുകിൽ രൂപമുണ്ടാക്കി വെങ്കലത്തിൽ ശിൽപം മെനയുന്ന തനതു ശൈലി ഇന്നും ഇവിടങ്ങളിൽ പിന്തുടരുന്നു.
വിഗ്രഹങ്ങളും ശിൽപങ്ങളും ആദ്യം മെഴുകിൽ നിർമിച്ചതിനു ശേഷം വിവിധതരത്തിലുള്ള മണ്ണുകൾ ഇതിനു പുറമേ തേച്ചുപിടിപ്പിച്ച് ഉറച്ചതിനുശേഷം അകത്തുള്ള മെഴുക് ചോർത്തി കളഞ്ഞ് അച്ചുണ്ടാക്കിയതിനു ശേഷം അതിന് അകത്തേക്ക് ഉരുകിയ ലോഹം ഒഴിച്ച് ലോഹത്തിൽ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു. ഓട്ടുപാത്രങ്ങൾ, വെള്ളോട്ടിൽ നിർമിച്ച തെയ്യത്തിന്റെ മെയ്യാഭരണങ്ങൾ,തലപ്പാളി, ചൂടകം, പറ്റും പാടും, ക്രിസ്ത്യൻ പള്ളികളിലേക്കുള്ള വലിയ മണികൾ, മുസ് ലിം പള്ളികളിൽ ഉള്ള വലിയ താഴികക്കുടം ബുദ്ധ വിഗ്രഹം തീർഥങ്കരന്മാരുടെ വിഗ്രഹം തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ആരാധന ആവശ്യങ്ങൾക്കായുള്ള സാധനങ്ങൾ കുഞ്ഞിമംഗലത്തെ ശിൽപികൾ പരമ്പരാഗത രീതിയിൽ നിർമിക്കുന്നു.
അതുകൊണ്ടുതന്നെ കുഞ്ഞിമംഗലത്തെ വിഗ്രഹങ്ങൾക്കും പാത്രങ്ങൾക്കും വിളക്കുകൾക്കും വിപണിയിൽ പ്രിയമേറെ. മറ്റ് പലയിടങ്ങളിലും ഈ മേഖല പൂർണമായും യന്ത്രവൽകൃതമായി മാറി. സ്വർണപണി പൂർണമായും യന്ത്രത്തിലേക്ക് മാറിയത് ആ മേഖലയിൽ ഉണ്ടാക്കിയ തൊഴിലില്ലായ്മ ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ വെങ്കലം പൂർണമായി ഇതുവരെ യന്ത്രങ്ങളിലേക്ക് മാറിയില്ല എന്നത് മൂശാരിക്കൊവ്വൽ സന്ദർശിച്ചാൽ വ്യക്തമാവും.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വൽ വെങ്കല പൈതൃകഗ്രാമമായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയത്. അന്നത്തെ കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷിന്റെ ശക്തമായ ഇടപെടലും ചരിത്ര ഗ്രാമത്തിന്റെ പുനർനിർമിതിക്ക് വളമിട്ടു. രാജേഷ് നിയമസഭയിൽ സബ്മിഷനായി വിഷയം ഉന്നയിച്ചു. സാംസ്കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് പച്ചക്കൊടി കാണിച്ചു. ഒടുവിൽ കുഞ്ഞിമംഗലം വെങ്കല പൈതൃകഗ്രാമമായി പ്രഖ്യാപിച്ചു. ഗ്രാമത്തിന്റെ പുനർനിർമിതിക്കാവശ്യമായ സെമിനാറുകളും ശിൽപശാലകളും ക്യാമ്പുകളും സംഘടിപ്പിച്ചു. വെങ്കല പൈതൃകഗ്രാമത്തിൽ 75 ദിവസം നീണ്ട പരിശീലന പഠന ക്യാമ്പ് വാർത്തെടുത്തത് നിരവധി പുതിയ ശിൽപ്പികളെ.
അന്യംനിന്നുപോകുന്ന വെങ്കല ശിൽപ നിർമാണം സംരക്ഷിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കേരള സാംസ്കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി 75 ദിവസം നീണ്ട് നിന്ന വെങ്കല ശിൽപ നിർമാണ പഠന ക്യാമ്പ് നടത്തിയത്. പുതിയ കലാകാരന്മാർക്ക് തൊഴിൽ വൈദഗ്ധ്യവും പരിശീലനവും നൽകുന്നതോടൊപ്പം ഉൽപന്നങ്ങൾക്ക് വിപണനത്തിനായി എക്സിബിഷനുകളും മറ്റും സംഘടിപ്പിക്കാൻ ഇതിലൂടെ സാധിച്ചു.
ശിൽപശാലയിൽ പങ്കെടുത്ത പലരും ഇപ്പോഴും തൊഴിൽ രംഗത്ത് സജീവമാണ് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു. ശിൽപശാലക്കു പുറമെ കരകൗശല വികസന കോർപറേഷൻ ക്ലസ്റ്റർ ഉണ്ടാക്കി ആധുനിക യന്ത്രം വിതരണം ചെയ്തു. എന്നാൽ കോവിഡ് വന്നതോടെ പ്രവർത്തനത്തിന് ചില തടസ്സങ്ങൾ നേരിട്ടു. സർക്കാർ ഇടപെടൽ വന്നതോടെ ഗ്രാമം ഇന്ത്യയിലും വിദേശങ്ങളിലും അറിയപ്പെടാൻ തുടങ്ങിയതായി വർഷങ്ങായി ഈ മേഖലയിലുള്ള വത്സൻ പറയന്നു. വിദേശികളും ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടെ പ്രതിവർഷം 5000 ഓളം പേർ ഇവിടെയിപ്പോൾ സന്ദർശനം നടത്തുന്നുണ്ട്. താമസിച്ച് ഗവേഷണം നടത്തുന്നവരും ഏറെ.
വെങ്കലത്തിന് 1950-60 കാലഘട്ടങ്ങളിൽ സർക്കാർ സബ്സിഡി നൽകിയിരുന്നു. ഇപ്പോഴിത് ഇല്ല. സബ്സിഡി പുനരാരംഭിച്ചാൽ ഉൽപന്നങ്ങൾ വില കുറച്ച് വിൽക്കാമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. വിറ്റഴിക്കാനുള്ള സംവിധാനം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമ പദ്ധതികൾ തുടങ്ങിയവയും നടപ്പാക്കിയാൽ വ്യവസായം സജീവമാക്കാമെന്നും ശിൽപികൾ പറയുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത് ബജറ്റിൽ 20 ലക്ഷം രൂപ പൈതൃക ഗ്രാമത്തിന് നീക്കിവെച്ചിരുന്നു. ഇത് ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്.
മേഖല കൂടുതൽ മെച്ചപ്പെടാൻ ശിൽപ ഗ്രാമം മികച്ച വിനോദസഞ്ചാര ഗ്രാമമാക്കി മാറ്റുകയും കേരളത്തിൽ ഉടനീളം വിൽപനക്ക് ഔട്ട് ലെറ്റുകൾ സ്ഥാപിക്കണമെന്നും വെങ്കലം കുഞ്ഞിമംഗലം ബെൽ മെറ്റൽ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സാംസ്കാരിക വകുപ്പിൽ രജിസ്റ്റർ ചെയ്ത സംഘടനയായ വിഗ്രഹ സ്വാശ്രയ സംഘം സെക്രട്ടറിയുമായ പി. വത്സൻ പറഞ്ഞു. അതുപോലെ കുറഞ്ഞ വിലക്ക് അസംസ്കൃത വസ്തുക്കൾ ലഭിക്കുകയും വേണം. ഇപ്പോഴും കുഞ്ഞിമംഗലത്തെ പാത്രങ്ങൾക്കും ശിൽപങ്ങൾക്കും വിപണിയിൽ ഡിമാൻഡുണ്ട്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നടപടികളാണ് അവശ്യംവേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.