കല്യാണമേളം ഉയരുന്നു. കുടുംബക്കാരും കൂട്ടുകാരും കുടുംബത്തോടെ വന്ന് വധൂവരന്മാരെ ആശീർവദിക്കുന്നു. ചേർന്നുനിന്ന് ഫോട്ടോയെടുക്കുന്നു. ഭക്ഷണം കഴിച്ചു പിരിയുന്നു. ഇങ്ങനെ ശാന്തനും സൗമ്യയും തമ്മിലുള്ള ശാന്തമായൊരു വിവാഹത്തോടെയാണ് നാടകം ആരംഭിക്കുന്നത്. പാലുമായി നാണം കുണുങ്ങിക്കുണുങ്ങി മണിയറയിലേക്കു വരുന്ന നവവധുവിനെ പ്രതീക്ഷിച്ച ശാന്തൻ കാണുന്നത് ഷർട്ടും ഷോട്സും ധരിച്ച് കൂളായി നടന്നുവരുന്ന നവവധുവിനെയാണ്. ശാന്തേട്ടാ എന്നു വിളിക്കാൻ നിർബന്ധിക്കുമ്പോഴും ശാന്താ എന്നു സൗമ്യയായി വിളിക്കുന്ന പുതുപ്പെണ്ണ് ഫസ്റ്റ് നൈറ്റിൽതന്നെ തന്റെ നിലപാട് വ്യക്തമാക്കുന്നു; നാടകത്തിന്റെയും.
ശാന്തമായി ആലോചിച്ചപ്പോൾ പരസ്പരധാരണയിലും പങ്കുവെച്ചും മുന്നോട്ടു പോകുന്നതാണ് ഉത്തമമെന്ന തിരിച്ചറിവ് ശാന്തനുമുണ്ടായി. അടുക്കളയിൽ പോയി പാലും മുട്ടയും കൊണ്ടുവന്ന് സൗമ്യക്കൊപ്പം കഴിച്ച് പാട്ടും വെച്ചൊരു സിറ്റ്വേഷൻ ക്രിയേറ്റ് ചെയ്തുവന്നപ്പോഴാണ് കട്ടിലിൽ പാമ്പ്. ഓടി അട്ടത്തുകയറി ഒളിക്കാൻ ശ്രമിക്കുന്ന ശാന്തനു മുന്നിൽ, സൗമ്യ ധൈര്യത്തോടെ പാമ്പിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പെട്ടിയിലാക്കി പറമ്പിൽ കൊണ്ടുപോയി കളയാൻ തുടങ്ങുമ്പോഴാണ് ഇരുട്ടിൽ കീരി ഗിരിയുടെ രൂപത്തിലൊരു ട്വിസ്റ്റ് കഥയിലേക്കു വരുന്നത്.
കള്ളനെ ഒറ്റയ്ക്കു പിടികൂടിയ പെണ്ണൊരുത്തി നാടാകെ താരമായി നാടകം കീഴടക്കുന്ന കാഴ്ചയാണ് തുടർന്നു കാണുന്നത്. മകന്റെ മുഖം അടിച്ചു പൊളിച്ചതിന്റെ കംപ്ലയിന്റുമായി വരുന്ന ഓപ്പോളിനോട് മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ വിഡിയോ എടുത്തതിന് ‘‘ആ കുട്ടി കേസുകൊടുത്താൽ ചെക്കൻ തൂങ്ങും’’ എന്ന് സൗമ്യ ഓർമപ്പെടുത്തുന്നു. അതോടെ മകന്റെ പക്ഷത്തല്ല, പെൺകുട്ടിയുടെ പക്ഷം ചേരുകയാണ് അമ്മ.
സൗമ്യ നൃത്തം ചെയ്യുമ്പോൾ നാടൻ കോഴിമുട്ടയുമായി അതുവഴി വരുന്ന സുബിത്തയും സൗമ്യക്കൊപ്പം ചുവടുവെക്കുന്നുണ്ട്. പിന്നീട് രാത്രിയിലുറക്കമുണർന്ന്, അട്ടത്തുവെച്ച പെട്ടിയെടുത്ത് തുറന്ന് സ്വകാര്യ സ്വപ്നം പോലെ സൂക്ഷിച്ചു വെച്ച ചിലങ്കയെടുത്തണിയുന്നുണ്ട് സുബിത്ത. ചിലങ്കയണിഞ്ഞ് സൗമ്യയുടെ നാടകത്തിലെ അരിക്കൊമ്പനായി നിറഞ്ഞാടുന്ന സുബിത്ത കാടിന്റെ കാവൽക്കാരനാവുന്നു. ആനച്ചുവടും ചിലങ്കക്കിലുക്കവും കേട്ട് ഞെട്ടിയുണരുന്ന ഭർത്താവ് ഖാദർ അവൾക്ക് ‘‘വല്യ മൂത്താപ്പ കൊടുത്ത പെട്ടി’’ വലിച്ചെറിയുന്നു. പ്രഭാത സവാരിക്കിടയിൽ അവിടെയെത്തുന്ന സൗമ്യ പഴമ്പെട്ടികളിൽ പതുങ്ങിയിരുന്ന് പേടിപ്പിക്കുന്ന കൂറകളെ തൂക്കിയെടുത്ത് ദൂരെക്കളയാൻ ഓർമിപ്പിക്കുന്നു.
കുടുംബശ്രീയിലെ പെണ്ണുങ്ങൾക്ക് സൗമ്യ ആവേശവും കരുത്തുമാവുമ്പോഴും വേറിട്ടുനിൽക്കാതെ അവരിലൊരാളായി ചേർന്നുനിൽക്കാനാണ് അവൾ ശ്രമിക്കുന്നത്. കുടുംബശ്രീ വാർഷികത്തിന് ഘോഷയാത്രയിൽ പതിവ് ഉണ്ണിയപ്പവും തിരുവാതിരക്കളിയും വിട്ട് പുലികളിയുമായി രംഗത്തെത്തുന്നുണ്ട് പെണ്ണുങ്ങൾ. പുലികളായും വേട്ടക്കാരനായും വേദി നിറഞ്ഞാടിയ പെണ്ണുങ്ങളെ കണ്ട് ‘‘അതു ഗംഭീരമായി’’ എന്ന് ഊറ്റം കൊള്ളുന്ന പുരുഷന്മാർ സ്വന്തം വീട്ടിലെ പെണ്ണുങ്ങളും ‘‘പുലിവേഷം കെട്ടി തുള്ളാനിറങ്ങി’’ എന്നറിയുന്നതോടെ ചീറ്റപ്പുലികളാവുന്നു.
‘‘എന്തൊക്കെയായാലും പുലിവേഷം കെട്ടിയപ്പൊ കിട്ടിയ ആ ആവേശം’’ സുബിത്ത പങ്കുവെക്കുന്നുണ്ട്. ‘‘നമ്മളെന്തിനാണ് മറ്റുള്ളവർക്കു വേണ്ടി സ്വപ്നം കാണാതിരിക്കുന്നത്?’’ എന്ന തിരിച്ചറിവ് അവർ ഉറക്കെ ചോദിക്കുന്നു. ‘ആചാരം തെറ്റിച്ച്’ തിരി ഉഴിച്ചിൽ നടത്തുന്ന പെൺകുട്ടിയെയും പെൺകൂട്ടുകാരെയും നാട്ടിലെ പുരുഷന്മാർ ചോദ്യം ചെയ്യാനെത്തുന്നതോടെ അതൊരു സ്ത്രീ പുരുഷ കലാപത്തോളം എത്തുമ്പോഴാണ് കോവിഡ് വന്ന് എല്ലാവരുടെയും മുഖം മറച്ച്, വീടുകൾക്കകത്തേക്കു തള്ളി വാതിലടയ്ക്കുന്നത്.
പിന്നീടൊരു ദിവസം, പഞ്ചായത്ത് പ്രസിഡണ്ട് കുപ്പായം തൈച്ചു നിൽക്കുന്ന കദർ രവിയുടെ വീട്ടുമുറ്റത്തെ ഉയരമേറിയ മരത്തിൽ പാറുന്ന പെൺകൊടി ആണധികാരത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങുന്നു. ആണുങ്ങളുടെ പകരക്കാരായി മാത്രം നിന്ന സ്ത്രീകൾ അധികാരത്തിൽ തുല്യാവകാശം ചോദിച്ചെത്തുന്നതോടെയുണ്ടാവുന്ന സംഘർഷം സ്ത്രീപുരുഷ സമത്വം പഠിക്കാൻ പുരുഷന്മാർക്കു മാത്രമായി ഒരു സ്കൂൾ തുടങ്ങണമെന്ന ആശയത്തിലാണ് ചെന്നെത്തുന്നത്. സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ഒരു ചതുരംഗക്കളത്തിലെ കരുനീക്കങ്ങളിലേക്ക് നന്നിവേശിപ്പിക്കുന്ന മനോഹരമായ ആവിഷ്‍കാരമുണ്ട് നാടകത്തിൽ.
സ്ത്രീപുരുഷ സമത്വത്തിന്റെ കരുത്തുറ്റ പതാക വാഹകരാവുകയാണ് കുരുത്താലി-The Profile Unlocked നാടകം. ശാന്തവും സൗമ്യവുമായി ഈ വിഷയത്തെ സമീപിക്കാനാണ് ശ്രമിക്കുന്നത് എന്ന പ്രഖ്യാപനം നായക കഥാപാത്രപ്പേരുകളിൽതന്നെ കാണാം. മറ്റാരും കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന ഒരാശയവും ഈ കഥാപാത്രങ്ങളെ ഒരിക്കലും സ്വാധീനിക്കുന്നില്ല എന്നതും ശ്രദ്ധേയം. രംഗത്തെത്തുന്ന ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ഓർമയിൽ തങ്ങുംവിധം പെർഫോം ചെയ്യാനുള്ള സാഹചര്യം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. മൂന്നു കോണികൾ പ്രധാന പ്രോപ്പർട്ടിയായുപയോഗിച്ച് വേദിയിലെ എല്ലാ ആവശ്യങ്ങളും വിദഗ്ധമായി നിറവേറ്റുന്നത്, വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും നിയന്ത്രണം, അതിവേഗത്തിലുള്ള വസ്ത്രവിധാന മാറ്റങ്ങൾ, അർഥവത്തായ ഗൗരവമേറിയ സംഭാഷണങ്ങൾ, കുറിക്കു കൊള്ളുന്ന നർമവും ആക്ഷേപഹാസ്യവും...
രചനയും സംവിധാനവും നിർവഹിച്ച അസീസ് പെരിങ്ങോട് തന്നെയാണ് കൈയടി അർഹിക്കുന്നതെന്ന് നാടകാവസാനം പ്രശസ്ത നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ടുകര പറഞ്ഞതു കൃത്യമാണ്. ‘‘ഈ നാടകം ഞങ്ങൾ നാടൊട്ടുക്കു കളിക്കും’’ എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് നാടകാന്ത്യം. അതിനുകൂടിയായിരിക്കണം, ആറങ്ങോട്ടുകര പാടത്ത് കൊയ്ത്തുത്സവത്തിനെത്തിയവരുടെ നിറഞ്ഞ കൈയടിയുയർന്നത്.
അരങ്ങിൽ കഥാപാത്രങ്ങളായെത്തിയ കലാപാഠശാലയിലെ താരങ്ങളേറെയും വിദ്യാർഥികളാണ്. ഇപ്രാവശ്യത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (iffk) മികച്ച നവാഗത സംവിധായകനും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ നേടിയ ‘തടവ്’ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ. ചന്ദ്രനാണ് സുബിത്തയായി വേഷമിടുന്നത്. ശാന്തനും സൗമ്യയുമായെത്തുന്നത് ശ്രീജിത്തും സാവിത്രിയുമാണ്. ശ്രീജ ആറങ്ങോട്ടുകര, മനോജ് കുരഞ്ഞിയൂർ, സി.എം. നാരായണൻ, നിവ്യ കൃഷ്ണ, ഹരിത, അനുഷ, നവീൻ പയ്നിത്തടം, അനീഷ്, സുനിൽ, രാമകൃഷ്ണൻ ആറങ്ങോട്ടുകര, വിപിൻ എന്നിവരും അഭിനയിക്കുന്നു.
സംഗീത സംവിധാനം: ഷമേജ് ശ്രീധർ, സംഗീത നിർവഹണം: സോനു, കലാസംവിധാനം: പ്രമോദ് ഗോപാലകൃഷ്ണൻ, രംഗവസ്തുക്കൾ: നിതിൻ, കിഷൻ കാർത്തിക്, വെളിച്ചം: ആബിദ് മംഗലം, സ്റ്റിൽസ്: മണികണ്ഠൻ ദേശമംഗലം, സ്റ്റേജ് മാനേജർ: കെ. രാമകൃഷ്ണൻ, പോസ്റ്റർ: അലിഫ് ഷാ. അവതരണം: കലാപാഠശാല ആറങ്ങോട്ടുകര. 2021ലെ സംഗീതനാടക അക്കാദമി നാടക മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘തളപ്പ്’ നാടകത്തിന്റെ സംവിധായകനാണ് അസീസ് പെരിങ്ങോട്. 35ലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 30 നാടകങ്ങൾക്ക് രചനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.