കൊച്ചി: മലയാളി കലാകാരൻ ജിതീഷ് കല്ലാട്ടിന്റെ രണ്ടു പ്രദർശനമുണ്ട് ബിനാലെയിൽ. ‘കവറിങ് ലെറ്റർ’ എന്ന ഇൻസ്റ്റലേഷനാണ് ഒന്ന്. അദ്ദേഹം ക്യൂറേറ്റ് ചെയ്ത ‘ടാംഗിൾഡ് ഹയരാർക്കി 2’ മറ്റൊന്ന്. മഹാത്മാഗാന്ധി ഉൾപ്പെട്ട ചരിത്ര പ്രധാന വിഷയമാണ് സൃഷ്ടികൾക്ക് പ്രമേയം. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകൾക്കുമുമ്പ് മനുഷ്യരാശിയുടെ നിലനിൽപിൽ ആശങ്കാകുലനായി മഹാത്മാഗാന്ധി അഡോൾഫ് ഹിറ്റ്ലർക്ക് ഒരു കത്തെഴുതി.
മഹാത്മാവിന്റെ സമാധാനദർശനവും അഹിംസാവാദവും അതിന്റെ സമഗ്രതയിൽ പ്രതിഫലിപ്പിക്കുന്ന എക്കാലത്തേക്കും പ്രസക്തമായ ആ ചരിത്രപ്രധാന കത്ത് ജിതീഷ് കല്ലാട്ട് പുനരാഖ്യാനം ചെയ്യുകയാണ് ‘കവറിങ് ലെറ്റർ’ എന്ന ഇൻസ്റ്റലേഷനിൽ. ഗാന്ധിജിയുടെ വിലാസമെഴുതിയ ഉപയോഗിച്ച അഞ്ച് കവറുകളുടെ ദൃശ്യങ്ങൾ കേന്ദ്രമായി വിന്യസിച്ചതാണ് ജിതീഷ് ക്യൂറേറ്റ് ചെയ്ത ‘ടാംഗിൾഡ് ഹയരാർക്കി 2’ എന്ന ആവിഷ്കരണം. വെറും കാലിക്കവറുകളാണ് മർമമെങ്കിലും മൂല്യമുറ്റ സൃഷ്ടി.
ഉപയോഗിച്ച കവറുകളിൽ കുറിപ്പെഴുതുന്ന ശീലമുണ്ടായിരുന്ന മഹാത്മാഗാന്ധി, അവസാന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണെ സംബോധന ചെയ്തുകുറിച്ചതും ഇവയിൽ കാണാം. മൗണ്ട് ബാറ്റൺ ഇന്ത്യവിഭജനം പ്രഖ്യാപിക്കുന്നതിന് ഒരു നാൾ മുമ്പ് 1947 ജൂൺ രണ്ടിന് തിങ്കളാഴ്ചയാണ് ഗാന്ധിജി കവറിലെ കുറിപ്പുകളിലൂടെ വൈസ്രോയിയുമായി ആശയവിനിമയം നടത്തിയത്. തിങ്കളാഴ്ചകളിൽ മഹാത്മാവ് മൗനവ്രതം അവലംബിച്ചിരുന്നു. അതുകൊണ്ടാണ് വിഭജനത്തോടുള്ള വിയോജിപ്പ് അറിയിച്ച് ഗാന്ധിജി കുറിപ്പുകളിലൂടെ സംസാരിച്ചത്. ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദർശനത്തിൽ മട്ടാഞ്ചേരി ടി.കെ.എം വെയർഹൗസിലെ കിരൺ നാടാർ ആർട്ട് മ്യൂസിയത്തിലാണ് ജിതീഷിന്റെ അവതരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.