പാടിയും പഠിപ്പിച്ചും ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് സംഗീത സംവിധായകന്‍ ശരത്

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്‌സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ട് പാടിയും പഠിപ്പിച്ചും പ്രശസ്ത സംഗീത സംവിധായകന്‍ ശരത് തന്റെ ജന്മദിനാഘോഷം വ്യത്യസ്തമാക്കി. കനത്ത മഴയിലും ആവേശം ചോരാതെ ചലച്ചിത്ര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ആഘോഷ ദിനമായിരുന്നു ഇന്നലത്തേത്.

തന്റെ ജീവിതത്തില്‍ ഇത്രയധികം സന്തോഷം നിറഞ്ഞ ഒരു ജന്മദിനാഘോഷം ഉണ്ടായിട്ടില്ലെന്ന് ശരത് അഭിപ്രായപ്പെട്ടു. ഡിഫറന്റ് ആര്‍ട് സെന്ററിലുള്ളത് ഭിന്നശേഷിക്കാരല്ലെന്നും തികഞ്ഞ സര്‍ഗപ്രതിഭകളാണെന്നും അവരുടെ കലാപ്രകടനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ശരത് അഭിപ്രായപ്പെട്ടു. ശരത് ഈണമിട്ട ഗാനങ്ങള്‍ സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ആലപിച്ചുകൊണ്ടാണ് അദ്ദേഹത്തെ വരവേറ്റത്.

ആകാശദീപമെന്നുമുണരുമിടമായോ.. ശ്രീരാഗമോ.. തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന് ജന്മദിന സമ്മാനമായി കുട്ടികള്‍ ആലപിച്ചു. ആലാപനത്തിനിടെ ശരത് വേദിയില്‍ കയറി കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയതോടെ ആഘോഷം ആവേശമായി മാറി. കേക്ക് മുറിച്ച് ആഘോഷിച്ച ശരത് കുട്ടികള്‍ക്കായി ഗാനാര്‍ച്ചന കൂടി നടത്തി. കുട്ടികള്‍ക്കൊപ്പം പിറന്നാള്‍സദ്യകൂടി കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ശരത് ഫാന്‍സ് ക്ലബ് ചടങ്ങിന് നേതൃത്വം നല്‍കി.

പിന്നണിഗായിക അഖില ആനന്ദ്, എസ്.എഫ്.സി അഡ്മിന്‍മാരായ കേശവന്‍ നമ്പൂതിരി, സുജിത്ത് നായര്‍, ഷെറിന്‍ജോര്‍ജ് കലാക്ഷേത്ര, അംഗങ്ങളായ അരുണ്‍ ജി.എസ്, സുജീഷ്, വിജി.സി.സി, ഹരി നവനീതം, സൈന, പ്രമീള, ഷൈലേഷ് പട്ടാമ്പി, രതീഷ് ഉണ്ണിപ്പിള്ള, വിഷ്ണു രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് ശരത് ഫാന്‍സ് ക്ലബ് ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശരത്തും ശരത് ഫാന്‍സ് ക്ലബും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

Tags:    
News Summary - Music director Sarath celebrated his birthday with differently-abled children by singing and teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.