പയ്യന്നൂർ: ശിൽപകലയിൽ 2022-23 വർഷത്തെ കേന്ദ്ര സർക്കാറിന്റെ ടാലന്റ് റിസോഴ്സ് അവാർഡ് പയ്യന്നൂരിലെ എ. അൻവിതക്ക്. ചെമ്പ്രകാനം ചിത്ര-ശിൽപകല അക്കാദമിയിലെ ചിത്ര-ശിൽപകല വിദ്യാർഥിനിയായ അൻവിത പത്താം ക്ലാസ് വിദ്യാർഥിയാണ്.
ചെറുപ്പം മുതൽ ചിത്ര-ശിൽപ കലയോട് താൽപര്യമുള്ള അൻവിത, കഴിഞ്ഞ മൂന്നു വർഷമായി അക്കാദമിയിലെ വിദ്യാർഥിയാണ്. പയ്യന്നൂർ തായിനേരിയിൽ താമസിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോ. വിശ്വനാഥന്റെയും ഡോ. ഹേമലതയുടെയും മകളാണ്. കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ പഠിക്കണമെന്ന ചിന്തയാണ് അൻവിതയെ ചിത്ര-ശിൽപകലാ പഠനത്തിന് വിടാൻ കാരണമെന്ന് ഈ ഡോക്ടർ ദമ്പതിമാർ പറയുന്നു. അൻവിതയുടെ ചിത്രശിൽപ പ്രദർശനം പയ്യന്നൂർ കേരള ലളിത കല അക്കാദമി ആർട്ട് ഗാലറിയിൽ അടുത്തമാസം നടക്കും.
ചിത്രശിൽപ കലാ അക്കാദമിയിൽ എഴുപതിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. എട്ടുവർഷം സൗജന്യമായി പഠിപ്പിച്ചുവരുന്ന ഈ സ്ഥാപനം കുട്ടികൾക്ക് ഭക്ഷണവും സൗജന്യമായാണ് നൽകിവരുന്നത്. ശിൽപിയും ചിത്രകാരനുമായ തൃക്കരിപ്പൂർ രവീന്ദ്രനാണ് സ്ഥാപനം നടത്തിവരുന്നത്. ചിത്ര,ശിൽപ കലകളിൽ അഭിരുചിയുള്ള കലാകാരന്മാരെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് രവീന്ദ്രൻ പറയുന്നു. 2017ൽ ഡൽഹിയിൽ നടന്ന ദേശീയ സാംസ്കാരികോത്സസവത്തിൽ ഇന്ത്യയിൽനിന്ന് ക്ഷണിക്കപ്പെട്ട ഏക ബാലശിൽപി ഇതേ സ്ഥാപനത്തിലെ വിദ്യാർഥി എം.വി. ചിത്രരാജാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.