'സൂം' പുലികൾക്കു ആവേശമായി; അച്ഛന് വേഷം വരച്ചു പാർവതി

തൃശൂർ: കോവിഡിനെ തോൽപ്പിച്ച് രംഗത്തിറങ്ങിയ പുലിക്കൂട്ടത്തിന് ആവേശം പകർന്നത് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി. പുലിവേഷം കെട്ടിയ അച്ഛൻ ഷാജി ഗോവിന്ദന് വേഷം വരച്ചാണ് പാർവതി താരമായത്. ഇതാദ്യമായാണ് അച്ഛൻ പാറു എന്ന് വിളിക്കുന്ന പാർവതി പുലികളിക്ക് മെയ്യെഴെത്തു ചെയ്യുന്നത്.

നാലോണ ദിവസം നഗരത്തെ ത്രസിപ്പിച്ച് ഇറങ്ങാറുള്ള പുലിക്കൂട്ടം ഇക്കുറിയില്ല. കോവിഡ് മൂലം പുലിക്കളി അധികൃതർ വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ അയ്യന്തോൾ ദേശക്കാർ സൂം ആപ്പിൽ പുലിക്കളി അവതരിപ്പിക്കാൻ തയാറായി.

അയ്യന്തോൾ ദേശം പുലിക്കളി സംഘം ഭാരവാഹിയായ ഷാജി ഈ സാഹചര്യത്തിൽ വേഷം കെട്ടാൻ തയാറായി. 16 പുലികളാണ് സൂമിൽ എത്തിയത്. എല്ലാവരും സ്വന്തം വീട്ടിൽ നിന്നുതന്നെയാണ് കളിച്ചത്. സൂമിൽ എത്തിയപ്പോൾ ആറ് സംഘമായി. അങ്ങനെ സംവിധാനം ഒരുക്കുകയായിരുന്നു.

കോവിഡ് മൂലം മെയ്യെഴുത്തിനു ആർട്ടിസ്റ്റുകളെ കിട്ടാതായപ്പോഴാണ് ഷാജിക്കുവേണ്ടി പാറു പെയിൻറിങ്ങിനു തയാറായത്. ചിത്രകാരി കൂടിയായ പാർവതിക്ക് പണി എളുപ്പവുമായി.

ഒല്ലൂർ അടുത്ത് മരത്താക്കരയിൽ ഹോട്ടൽ നടത്തുകയാണ് സിമൻറ് കച്ചവടക്കാരൻ കൂടിയായ ഷാജി.

ഭാര്യ ശ്രീരേഖ. ഹരിശ്രീ വിദ്യാനികേതനിലാണ് പാർവതി പഠിക്കുന്നത്. ഇതേസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി അനുജനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.