ചേര്ത്തല: കൗമാര പ്രതിഭകളുടെ കലാ മാമാങ്കത്തിന് പ്രധാന വേദിയായ മുട്ടം ഹോളി ഫാമിലി സ്കൂളിൽ തിരിതെളിഞ്ഞു. വൈകുന്നേരം നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി തിരികൊളുത്തിയതോടെയാണ് ഔപചാരിക തുടക്കമായത്.
രാവിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.സി. കൃഷ്ണകുമാർ പതാക ഉയർത്തിയതോടെ രചനാ മത്സരങ്ങൾ അടക്കമുള്ളവ തുടങ്ങിയിരുന്നു. വൈകുന്നേരം ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ആന്റോ ചേരാംതുരുത്തി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഏലിക്കുട്ടി ജോൺ, മാധുരി സാബു, എ.എസ്. സാബു, മിത്രാ വിന്ദാഭായി, ജാക്സൺ മാത്യു, പി.എസ്. ശ്രീകുമാർ, പ്രമീളാദേവി, ആശാ മുകേഷ്, ചെങ്ങന്നൂർ റീജിയൻ ആർ.ഡി.ഡി പി.കെ അശോക് കുമാർ, ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.ജെ. ബിന്ദു, ഹോളിഫാമിലി എച്ച്.എസ്.എസ് പ്രിൻസിപ്പൽ എൻ.ജെ. വർഗീസ് , എഫ്.എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
ചേർത്തല: സങ്കട മനസ്സുകളുമായി അഭിനയ തട്ടിൽ നിറഞ്ഞാടിയ മിത്രക്കരി സെന്റ് സേവ്യേഴ്സിന് ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിന് ഒന്നാം സ്ഥാനം. കുസാറ്റ് കാമ്പസിലുണ്ടായ ദുരന്തമാണ് മിത്രക്കരിയുടെ സങ്കടത്തിന് കാരണമായത്.
ഒന്നാം സ്ഥാനം നേടാൻ ഇവരെ പ്രാപ്തരാക്കിയ ചവിട്ടുനാടക ഗുരു റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്തയും ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. ആശാന്റെ ഉള്ളുലച്ച സങ്കടം കുട്ടികളെയും ബാധിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കുന്ന പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്.
സാന്നിധ്യത്താൽ ആത്മവിശ്വാസം പകരാൻ ഗുരു ഇല്ലാത്തത് മത്സരത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന ദൃഢനിശ്ചയവുമായാണ് ഇവർ തട്ടിൽ കയറിയത്. ഫലപ്രഖ്യാപനം വന്നപ്പോൾ മികച്ച ഗുരു ദക്ഷിണയായി ഒന്നാം സ്ഥാനമാണ് ഗുരുവിന് സമർപ്പിച്ചത്. കുട്ടനാടൻ കാർഷികമേഖലയിൽ നിന്നും അരങ്ങിലെത്തി ആദ്യമായി ഒന്നാം സ്ഥാനം നേടാനായതിന്റെ സന്തോഷവും ഇവർക്കുണ്ട്.
62 ദിവസത്തെ പരിശീലനത്തിലൂടെയാണ് 12 ഓളം വിദ്യാർഥികളെ മികച്ച കലാകാരൻമാരായി റോയ് ജോർജ് കുട്ടി രൂപപ്പെടുത്തിയത്. വി. സെബസ്ത്യനോസിന്റെ മാതാപിതാക്കളോടുള്ള ഭയഭക്തി ബഹുമാനം വരച്ചുകാട്ടുന്ന നാടകത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചത്.
ഇദ്ദേഹത്തിന്റെ മികച്ച ശിക്ഷണമാണ് നേട്ടത്തിന് കാരണമായതെന്ന് പ്രധാനാധ്യാപിക ഷീനാ പോൾ പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ നായർ സമാജം സ്കൂൾ ഒന്നാം സ്ഥാനം നേടി. ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയുടെ കഥയായിരുന്നു ഇതിവൃത്തം. തമ്പി പയ്യമ്പള്ളിയായിരുന്നു പരിശീലകൻ.
ചേർത്തല: സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയായ ബിരിയാണി അറബി നാടകമായി അരങ്ങേറിയപ്പോൾ അത് കണ്ട് പ്രേക്ഷകർ മയങ്ങിപ്പോയി.
മത്സര ഫലംവന്നപ്പോൾ വിധികർത്താക്കൾ ബിരിയാണിക്ക് നൽകിയത് ഒന്നാം സ്ഥാനം. വിശപ്പിനെ ഓർമപ്പെടുത്തുന്നതാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയായ ബിരിയാണി. അത് നാടകമാക്കി അവതരിപ്പിച്ച് നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് നേടിയത് അറബി നാടകത്തിൽ രണ്ടാം തവണയും ഒന്നാം സ്ഥാനം. അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം മത്സരത്തിലാണ് ഇവർ ജയം നേടിയത്.
ബസുമതി അരിയുടെ ബിരിയാണി നാടെങ്ങും നൽകാൻ തീരുമാനിക്കുന്ന കലന്തൻഹാജിയും ബാക്കിയാകുന്നവ കുഴിച്ചിടാനായി എത്തിയ ഗോപാൽ യാദവും അദ്ദേഹത്തിന്റെ ഓർമകളും അതിലെ കഥാപാത്രങ്ങളെയും മനോഹരമായി ദൃശ്യവത്കരിക്കാൻ സി.ബി.എമ്മിലെ കുട്ടികൾക്കായി. നാടകത്തിന് നിറഞ്ഞ കൈയടിയാണ് ഉയർന്നത്.
ഇതിൽ ബ്രോക്കറുടെ വേഷമിട്ട ഐഷ അലി മികച്ച നടനായി. സിനാൻ, പാർത്ഥൻ, അസ്മിയ നൂർദി, നഫ്സിയ ഷാജി, സഫാന റജീഷ്, ഫാസില ഷാജി, സജ്ന ഷാനവാസ്, റസൽ റിയാസ്, അൽ ഫാത്തിമ എന്നിവരാണ് വേഷമിട്ടത്. അറബി അധ്യാപകനായ സുഹൈൽ അസീസാണ് നാടകാവിഷ്കാരം നിർവഹിച്ചത്. ഒന്നര പതിറ്റാണ്ട് തുടർച്ചയായി സി.ബി.എമ്മാണ് അറബി നാടക മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മണിപ്പൂർ കലാപം ഇതിവൃത്തമാക്കി കായംകുളം കിറ്റ് സ്കൂൾ അവതരിപ്പിച്ച നാടകത്തിനാണ് രണ്ടാം സ്ഥാനം. ഇതിൽ ഉമ്മയുടെ വേഷമിട്ട ആലിയ മികച്ച നടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.