പയ്യന്നൂർ: പിതാവ് സന്തോഷ് പെരുവണ്ണാൻ മുന്നിൽനിന്ന് ധൈര്യം പകർന്നപ്പോൾ സഞ്ജയ് കൃഷ്ണ എന്ന പതിനൊന്നുകാരന് ചെണ്ടയുടെ രൗദ്രതാളത്തിൽ ചുവടുവെക്കാൻ പ്രയാസമുണ്ടായില്ല. മുറുകിയ താളത്തിൽ പുലിയൂരുകണ്ണൻ ദൈവത്തിന്റെ ദ്രുതചലനവും വാചാലും വിശ്വാസികൾ ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ടാം കളിയാട്ടരാവ് അത്യുത്തര കേരളത്തിലെ കടുംവർണങ്ങളുടെ കളിയാട്ട വേദികൾക്ക് നൽകിയത് പുതിയൊരു കോലധാരിയെ.
കാവുകളിൽ നിരവധി തെയ്യങ്ങൾ ഉറഞ്ഞാടി പട്ടും വളയും വാങ്ങിയ സന്തോഷ് പെരുവണ്ണാൻ ഫോക്ലോർ അക്കാദമി അവാർഡ് ജേതാവാണ്. പിതാവിന്റെ കളരിയിൽനിന്ന് ചുവടും താളവും കൈക്കൊണ്ട മകൻ സഞ്ജയ്, കടന്നപ്പള്ളി യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയാണ്. പാരമ്പര്യമുള്ളതിനാൽ, ചെണ്ടയുടെ അസുരതാളം മുറുകുമ്പോൾ കനകം വാരിവിതറുന്ന ചൂട്ടുവെളിച്ചത്തിൽ ഈ ഇളമുറക്കാരന് രൗദ്രനൃത്ത ചുവടുകൾ പിഴക്കില്ല. മുറ്റത്തെ കല്ലിൽ തല്ലിക്കെടുത്തിയ ഓലച്ചൂട്ടിൽനിന്ന് ചിതറിയ തീപ്പൊരിക്കിടയിലുയർന്ന പുലിയൂർ കണ്ണന്റെ ഗർജനം ഇരുത്തംവന്ന തെയ്യക്കാരന്റേതുതന്നെ.
കൈകാലുകൾ ആകാശത്തിലുയർത്തി നടനമാടുന്ന പുലിയൂരുകണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം കാണാൻ നിരവധി പേർ എത്തിയിരുന്നു. കോവിഡ് കാരണം കഴിഞ്ഞ വർഷം കളിയാട്ടം മുടങ്ങിയ ക്ഷേത്രത്തിൽ പുതുവർഷപ്പുലരിയിലാണ് തിരിതെളിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി വെറ്റിലാചാരത്തോടെ കൊടിയിറങ്ങും. രാവിലെ മുതൽ ദൈവം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂരുകാളി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി തെയ്യങ്ങൾ അരങ്ങിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.