കാലിഗ്രഫിയുടെ സർഗ്ഗവിസ്മയം

ചിത്രകലയെയും എഴുത്തിനെയും സമന്വയിപ്പിച്ച സൗന്ദര്യമാവിഷ്കാരമാണ് കാലിഗ്രഫി. മനോഹരം എന്നർത്ഥം വരുന്ന കല്ലി, എഴുത്ത് എന്നർത്ഥം വരുന്ന ഗ്രാഫി എന്നീ രണ്ട് ഗ്രീക്ക് വാക്കുകളുടെ സമന്വയമാണ് കാലിഗ്രാഫി. ചൈനയാണ് കാലിഗ്രഫിയുടെ ഉത്ഭവമെന്ന് പറയുമ്പോഴും പശ്ചാത്യ ലോകവും ഏഷ്യൻ രാജ്യങ്ങളും മാത്രമല്ല അറബികളെയും വല്ലാതെ ആകർഷിച്ച ഒരു കലാ സൃഷ്ടി കൂടിയാണു കാലിഗ്രാഫി.

ഖുർആനിക വചനങ്ങൾ, മതപരമായ മറ്റു വാക്യങ്ങൾ, കവിതകൾ, ഭരണാധികാരികൾക്കുള്ള സ്തുതിവാക്യങ്ങൾ, പഴഞ്ചൊല്ലുകൾ എന്നിവയെല്ലാമാണ് കാലിഗ്രാഫിയിലൂടെ വിരിയുന്ന സൗന്ദര്യസൃഷ്ടികൾക്ക്‌ നിദാനം. ജന്മസിദ്ധമായ കലാബോധവും സൗന്ദര്യബോധവും ഇഴുകിച്ചേർന്ന് മനസ്സിലൂടെ ഒഴുകിയെത്തുന്ന വിവിധ വർണ്ണച്ചായങ്ങൾ തന്‍റെ തൂലികയിലൂടെ ചാർത്തിയെടുക്കുകയാണു ഓരോ കാലിഗ്രാഫർമാരും.

ഒക്ടോബർ രണ്ട്​ മുതൽ നവംബർ 30 വരെ രണ്ടു മാസം നീണ്ടുനിൽക്കുന്ന ഷാർജ കാലിഗ്രാഫി ബയണിയൽ (Sharjah Calligraphy Biennial). ഇതിനോടനുബന്ധിച്ച് സ്വദേശത്തും വിദേശത്തുമുള്ള പ്രശസ്തരായ കാലിഗ്രാഫേഴ്സിന്‍റെ സൃഷ്ടികൾ ഷാർജ എമിറേറ്റിന്‍റെ വിവിധ എക്സിബിഷൻ സെന്‍ററുകളിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്‌. ഷാർജ കാലിഗ്രാഫി സ്ക്വയർ, ഷാർജ ആർട്ട്‌ മ്യൂസിയം ഇവിടങ്ങളിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട്‌ 7.30 വരെ പ്രദർശനം ഉണ്ട്‌. കൂടാതെ ഹൗസ്‌ ഓഫ്‌ വിസ്ഡം മുതലായ സ്ഥലങ്ങളിൽ ടെമ്പററി ആർട്ടും പ്രദർശനത്തിനായുണ്ട്‌. പതിനൊന്നാമത്‌ പതിപ്പായ ഇത്തവണത്തെ ഷാർജ കാലിഗ്രാഫി ബയണിയലിന്‍റെ വീക്ഷണം ‘ലിഖിതങ്ങൾ’ ( Inscriptions) എന്നതാണ്.

ഈ വീക്ഷണം മുന്നോട്ട്‌ വെക്കുന്നത്‌ അറബിക്‌ കാലിഗ്രാഫിയുടെ പാരമ്പര്യത്തിന്‍റെ പ്രാധാന്യവും ആലങ്കാരികതയുമാണ്. കാലിഗ്രാഫി എന്ന മഹത്തായ കലാസൃഷ്ടിയെക്കുറിച്ചും കലാവൈഭവത്തേയും അതിന്‍റെ അർത്ഥവും അർത്ഥതലങ്ങളും ഒരു കാലിഗ്രാഫർക്കുണ്ടാവേണ്ട ദീർഘവീക്ഷണവുമെല്ലാം ഈ പ്രാവശ്യത്തെ പ്രദർശനത്തിൽ ലക്ഷ്യമിടുന്നു. വിവിധ സംസ്കാര പാശ്ചാത്തലത്തിലെ ജനമനസ്സുകളിൽ ഇടം പിടിച്ച കാലിഗ്രാഫിയുടെ പ്രാധാന്യം വിളിച്ചോതുകയാണു അക്ഷരങ്ങളുടെ ഈ ഉത്സവം.

ലോകപ്രമുഖ കാലിഗ്രാഫേഴ്സിന്‍റെ എക്സിബിഷനും മൽസരങ്ങളും സമകാലിക കാലിഗ്രാഫി പ്രദർശനവും സമാന്തര അന്തർദേശീയ സെമിനാറുകളും ഈ പ്രാവശ്യത്തെ ബയേണിയേലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഷാർജ ഭരണാധികാരിയായ ഡോ. ശൈഖ്‌ സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഷാർജ കൾചറൽ പ്രോജക്ടിന്‍റെ കീഴിൽ രണ്ട് ദശകങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടി അറബിക്‌ കാലിഗ്രാഫിയുടെ പ്രാധാന്യം ഇതിനോടകം ആഗോളശ്രദ്ധ പിടിച്ചുപറ്റാൻ നിമിത്തമായിട്ടുണ്ട്. ഇമറാത്തി കാലിഗ്രാഫറായ ഖാലിദ്‌ അലി അൽ ജലാഫ്‌, ഇറാഖി റിസർച്ചർ ഇദ്ദാം ഖാലിദ്‌ ഹനീഷ്‌, സ്പാനിഷ്‌ ഹിസ്റ്റോറിയൻ ജോസ്‌ മിഷ്വൽ പൊയറ്റൊൽ എന്നിവരെ ആദരിക്കുന്ന വേദി കൂടിയാണു ഈ മഹാസംഗമം.

Tags:    
News Summary - Sharjah Calligraphy Biennial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.