കളമശ്ശേരി: കാഴ്ചപരിമിതരും കേൾവി പരിമിതരും പ്രതിഭകൊണ്ട് പോരാടിയ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിലെ രണ്ടാം ദിനം 363 പോയൻറുമായി തൃശൂർ ജില്ല മുന്നേറുന്നു. തൊട്ടുപിന്നിൽ 305 പോയൻറുമായി തിരുവനന്തപുരം ജില്ലയുണ്ട്. 286 പോയൻറുകളോടെ മലപ്പുറമാണ് മൂന്നാമത്.
കോട്ടയം (262), കോഴിക്കോട് (256) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ 84 പോയന്റുമായി ആതിഥേയരായ എറണാകുളമാണ് മുന്നില്‍. ഇടുക്കി (82), പത്തനംതിട്ട (80), തിരുവനന്തപുരം (79), തൃശൂര്‍ (78) ജില്ലകളാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിൽ.
കേള്‍വി പരിമിതരുടെ വിഭാഗത്തിലും 161 പോയന്റോടെ തൃശൂരാണ് മുന്നില്‍. ഈ വിഭാഗത്തിലെ സ്കൂളുകളില്‍ 48 പോയന്റോടെ മാണിക്യമംഗലം സെന്റ് ക്ലെയര്‍ ഓറല്‍ സ്കൂള്‍ ഫോര്‍ ദ ഡെഫാണ് ഒന്നാമത്. 43 പോയന്റോടെ തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ്, 42 പോയന്റുമായി കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലായി തൊട്ടുപിന്നാലെയുണ്ട്.
കാഴ്ച പരിമിതരുടെ വിഭാഗത്തില്‍ 144 പോയന്റുമായി കോട്ടയം ജില്ലയാണ് മുന്നിട്ടുനില്‍ക്കുന്നത്. സ്കൂളുകളില്‍ 63 പോയന്റുമായി കോട്ടയം ഒളശ്ശ ഗവ. സ്കൂള്‍ ഫോര്‍ ദ ബ്ലൈൻഡ് ഒന്നാമതും കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ദ ഹാന്‍ഡിക്യാപ്ഡ് (48) രണ്ടാമതും പാലക്കാട് എച്ച്.കെ.സി.എം.എം ബ്ലൈന്‍ഡ് സ്കൂള്‍ (40) മൂന്നാമതുമുണ്ട്.
ഒപ്പന, മോണോആക്ട്, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, തുടങ്ങിയ ഇനങ്ങളിലായി കേൾവി പരിമിതരും കാഴ്ചപരിമിതരുമായ വിദ്യാർഥികൾ കലാപ്രകടനം നടത്തിയ ദിനമായിരുന്നു വെള്ളിയാഴ്ച. സമാപനദിനമായ ശനിയാഴ്ച തിരുവാതിര, മൈം, മോണോആക്ട്, കഥാകഥനം തുടങ്ങിയവയാണ് അരങ്ങേറുക. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.