ശാസ്താംകോട്ട: ചിരട്ടയിൽ അത്ഭുതങ്ങൾ തീർത്തും മേളകളിൽ വിജയക്കൊടി പാറിച്ചും മുന്നേറുകയാണ് മൈനാഗപ്പള്ളി കടപ്പ അജിതാ ഭവനത്തിൽ സരള (61). കുടുംബശ്രീ അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമായിരുന്ന സരള നിലവിലെ തൊഴിലിനോടൊപ്പം എങ്ങനെ അധിക വരുമാനം നേടാമെന്ന ചിന്തയിൽനിന്നാണ് ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്ന തീരുമാനത്തിലെത്തുന്നത്.
ഇതിന് പിന്തുണയുമായി ഭർത്താവ് ശിവൻകുട്ടിയും ചേർന്നതോടെ പിന്നീട് ഇരുവരും ഈ രംഗത്തേക്ക് കടക്കുകയായിരുന്നു. കൺസ്ട്രക്ഷൻമേഖലയിൽ പ്രവർത്തിച്ചിരുന്ന ശിവൻകുട്ടിക്ക് 2019ൽ ഹൃദ്രോഗം വന്നതോടെ മറ്റ് തൊഴിലുകൾ ചെയ്യാൻ കഴിയാതെ വന്നു. ഇതോടെ പൂർണ സമയം സരളയോടൊപ്പം ചിരട്ട കൊണ്ടുള്ള ഉൽപന്ന നിർമാണത്തിന് സഹകരിക്കുകയായിരുന്നു.
ഈ മേഖലയിൽ ഒരു മുൻപരിചയവുമില്ലാത്ത ഇവർ ആദ്യം കൗതുകത്തിന് വീട്ടിലേക്ക് ആവശ്യമുള്ള ചിരട്ട തവികളും സ്പൂണുകളും നിർമിച്ചു. നിർമിച്ചവയിൽ ചിലത് സരള തൊഴിലുറപ്പിന് പോകുന്നിടത്തും മറ്റും വിറ്റു. ഇവക്കൊക്കെ ആവശ്യക്കാരേറിയതോടെ കൂടുതൽ നിർമിക്കാൻ തുടങ്ങി.
ചിലർ മറ്റ് ചില സാധനങ്ങൾ ആവശ്യപ്പെട്ടു. പുട്ടുകുറ്റി, കറിത്തൂക്ക്, മൊന്ത, ജഗ്, ഫ്ലവർവേയ്സുകൾ തുടങ്ങി പലതും. ആളുകൾ ആവശ്യപ്പെടുന്നത് പോലെ ഇവർ നിർമിച്ചും നൽകി. ഇവരുടെ പുതിയ സംരംഭത്തെകുറിച്ച് കേട്ടറിഞ്ഞ പൊതുപ്രവർത്തകൻ രവി മൈനാഗപ്പള്ളി ചില ഉൽപന്നങ്ങൾ സംസ്ഥാന കരകൗശല വികസന കോർപറേഷന്റെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് കരകൗശല വികസന കോർപറേഷൻ ഇവർക്ക് ഹൃസ്വമായ ഒരുപരിശീലനവും അംഗീകാരപത്രവും നൽകി. ഇന്ന് ഇവർ 20 രൂപ മുതൽ 25,000 രൂപയുടെ വരെയുള്ള നിർമിതികൾ സൃഷ്ടിക്കുന്നു. ആളുകളുടെ ആവശ്യമനുസരിച്ച് നിർമിക്കുന്നവയുടെ എണ്ണവും വർധിച്ചു. പക്ഷിമൃഗാദികൾ, വൃക്ഷങ്ങൾ, വിഗ്രഹങ്ങൾ, വാൽക്കണ്ണാടി പട്ടിക നീണ്ടുപോവുകയാണ്.
ചിരട്ടയും ചിരട്ടപ്പൊടിയും പശയും മാത്രമേ ഇവയുടെ നിർമാണത്തിന് ഉപയോഗിക്കാറുള്ളൂ. എന്നാൽ, എല്ലാ ചിരട്ടയും ഉപയോഗിക്കാൻ കഴിയില്ല. ചിരട്ട വിൽക്കുന്നിടത്ത് പോയി അനുയോജ്യമായത് തെരഞ്ഞെടുക്കുകയാണ് പതിവ്. ചില നിർമിതികൾക്ക് ഉടയ്ക്കാത്ത ചിരട്ട വേണ്ടി വരുമെന്നതിനാൽ തേങ്ങ തന്നെ വാങ്ങിക്കും.
തവികളും സ്പൂണുകളും ഒരു ദിവസം തന്നെ നിരവധി എണ്ണം നിർമിക്കാൻ കഴിയുമെങ്കിലും ചില നിർമിതികൾക്ക് ഒന്ന് മുതൽ നാല് ദിവസം വരെ വേണ്ടി വരും. ആളുകൾ വീട്ടിൽ വന്ന് വാങ്ങുന്നതാണ് പതിവ്. ഒപ്പം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ഓണം-ക്രിസ്മസ് മേളകളിലും കുടുംബശ്രീ വിപണനമേളകളിം വിപണി കണ്ടെത്തും.
കഴിഞ്ഞവർഷം ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സ്റ്റാൾ പ്രവർത്തിപ്പിച്ചത് വലിയ വഴിത്തിരിവായി. ഇവിടുത്തെ ഉൽപന്നങ്ങൾ കണ്ട വ്യവസായ വകുപ്പ് പിന്നീട് അവർ നടത്തുന്ന മേളകളിലേക്ക് ഇവരെ സ്ഥിരം ക്ഷണിതാക്കളാക്കിയിരിക്കുകയാണ്.
അവിടെ നിന്നാണ് കോട്ടയത്തെ സരസ് മേളയിലേക്ക് ക്ഷണിച്ചത്. ജില്ലാതലത്തിലെ ഒന്നാം സമ്മാനം ഇവർക്ക് ലഭിച്ചു. തുടർന്ന് കൊല്ലത്തെ സരസ് മേളയിലും പങ്കെടുക്കുകയും ജില്ലാതല ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. മേളകളിൽ ഇവരുടെ നിർമിതികൾ ചൂടപ്പം പോലെ വിറ്റ് പോവുകയായിരുന്നു.
സാധനങ്ങൾ തികയാതെ വന്നതോടെ ശിവൻകുട്ടി വീട്ടിലെത്തി നിർമിച്ചു കൊണ്ടുപോവുകയായിരുന്നു. ഇനി ഈമാസം 18 മുതൽ കൊല്ലത്ത് തന്നെ നടക്കുന്ന എൻറെ കേരളം മേളയിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇരുവരും.
ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങളുടെ വിപണനത്തിലൂടെ മോശമല്ലാത്ത വരുമാനം ലഭിക്കുന്നതായി ഇവർ പറയുന്നു. നമ്മുടെ സമയത്തും സൗകര്യത്തിനും ജോലി ചെയ്താൽ മതിയെന്ന പ്രത്യേകതയുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇവരുടെ ഉൽപന്നങ്ങളെക്കുറിച്ചറിഞ്ഞ് വിദൂരസ്ഥലങ്ങളിൽനിന്നുപോലും അന്വേഷണങ്ങൾ വരുന്നുണ്ട്.
ഇവർക്കൊക്കെ ആവശ്യപ്പെട്ടുന്ന തരത്തിൽ സാധനങ്ങൾ നിർമിച്ചു നൽകുന്നതിനും ഇവർ തയാറാണ്. പക്ഷേ ഇവർ നിർമിക്കുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല എന്നതാണ് അലട്ടുന്ന പ്രശ്നം. ചെറിയ വീട്ടിനുള്ളിൽ ഇവ സൂക്ഷിക്കാൻ ഇടമില്ല. അതുകൊണ്ട് തന്നെ സാധനങ്ങൾ വീടിന്റെ തിണ്ണയിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണ്.
സാധനങ്ങൾ സൂക്ഷിക്കാൻവിധത്തിലുള്ള ഒരു ഷെഡ് വേണമെന്നുള്ളതാണ് ഇവരുടെ ആവശ്യം. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ ഇതുപെടുത്തിയിട്ടുണ്ട്. സാധ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.