മനാമ: അന്യം നിന്നുപോകുന്ന നാടൻ കലകളെയും പാട്ടുകളെയും സംരക്ഷിക്കുക ജീവിതവ്രതമാക്കിയ കലാകാരനാണ് സുഭാഷ് അറുകര. അദ്ദേഹത്തിന്റെ നാട്ടുമൊഴികൾ കഴിഞ്ഞ രണ്ടുമാസം ബഹ്റൈനിലെ കലാസ്വാദകർക്കും അനുഭവവേദ്യമായി. പ്രതിഭ വേനൽതുമ്പി ക്യാമ്പ് ഡയറക്ടറായാണ് കാസർകോട് ചെറുവത്തൂർ അറുകര സ്വദേശി സുഭാഷ് അറുകര ബഹ്റൈനിലെത്തിയത്.
രണ്ടുമാസക്കാലയളവോളം കുട്ടികൾക്കും മുതിർന്നവർക്കും നാടൻ പാട്ടും നാടൻകളികളും പകർന്നുനൽകി. 21 വർഷക്കാലമായി നാടൻ കലാരംഗത്ത് പ്രവർത്തിക്കുന്ന സുഭാഷ് കേരളത്തിനകത്തും പുറത്തുമായി 3000 ത്തിലധികം വേദികളിൽ നാടൻപാട്ട് അവതരണവും നാടൻ കലകളെ സംബന്ധിച്ച് വിവിധങ്ങളായ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
ബഹ്റൈന് പുറമെ ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ കുട്ടികളുടെ ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തു. അന്യംനിന്ന് പോകുന്ന നാടൻ കലകളെയും പാട്ടുകളും ഉൾപ്പെടുത്തി 30 ഓളം നാടൻ കലാമേളകൾ സംവിധാനം ചെയ്തു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു.
സ്കൂളുകളിൽ കുട്ടികളുടെ പരിപാടികളുണ്ടെങ്കിൽ മലബാറിലെവിടെയും സജീവ സാന്നിധ്യമായ സുഭാഷ്, യുവജന സംഘടനാ പരിപാടികൾ, വായനശാല, ക്ലബ്, കുടുംബശ്രീ പരിപാടികൾ എന്നിവയിലും തന്റെ കഴിവുകൾകൊണ്ട് സഹൃദയരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ബാലസംഘം വേനൽതുമ്പി കലാജാഥയുടെ സംസ്ഥാന പരിശീലകനുമായി. അന്യം നിന്നുപോകുന്ന നാടൻ കലാമേളകളെക്കുറിച്ച് പഠിച്ച് അവ പുതുതലമുറക്ക് പകർന്ന് നൽകുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫോക് ക്ലബ് രൂപവത്കരിച്ച് അതിന്റെ പ്രവർത്തനങ്ങളിലാണ് സുഭാഷ് ഇപ്പോൾ.
നിർധന രോഗികൾക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് സംഗമ പരിപാടികളിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ പരിഗണിച്ച് 2016ലെ കേരള ഫോക്ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം ലഭിച്ചു. 2020ലെ കേരള ഫോക് ലോർ അക്കാദമി പുരസ്കാരവും കേരള സാംസ്കാരിക വകുപ്പ് ഫെലോഷിപ്പും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.