ദോഹ: വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കർ എന്നാണ് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫിയിലെ പുരസ്കാരം അറിയപ്പെടുന്നത്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫർമാർ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ പുരസ്കാരം. ആ നേട്ടത്തിന്റെ നെറുകെയിലാണ് ഖത്തറിൽനിന്നുള്ള ഒരു മലയാളി. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ആനിമൽ പോർട്രെയിറ്റ് ഫോട്ടോ ആയി തിരഞ്ഞെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്റെ സുന്ദരമായൊരു ക്ലിക്ക്.
25 ദശലക്ഷം വർഷത്തോളം പഴക്കമുള്ള വന്യജീവിവംശങ്ങളിൽ ഒന്നാണ് തെക്കേ അമേരിക്കൻ ടാപിർ. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിയെ ബ്രസീലിലെ അത്ലാന്റിക് മഴക്കാടിനുള്ളിൽനിന്നും തന്റെ കാമറയിൽ പകർത്തിയാണ് ഈ ഖത്തർ പ്രവാസി അന്താരാഷ്ട്ര പുരസ്കാര വേദിയിൽ തിളങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ലണ്ടനിൽ നടന്ന ചടങ്ങിൽ വിഷ്ണു ഗോപാലിനെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ബെസ്റ്റ് ആനിമൽ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 95 രാജ്യങ്ങളിലെ 50,000ത്തിലേറെ എൻട്രികളിൽനിന്നായിരുന്നു വിഷ്ണുവിന്റെ ‘ടാപിർ’ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിൽ നിർമാണ മേഖലയിലുള്ള എഫ്.കെ ടൂൾസ് എന്ന കമ്പനിയുടെ കൺട്രി മാനേജർ എന്ന തിരക്കേറിയ ജോലിക്കിടയിലാണ് ഫോട്ടോഗ്രഫി പാഷനായി കൊണ്ടുനടക്കുന്ന വിഷ്ണു നല്ല ചിത്രങ്ങൾ പകർത്തുന്നത്. തിരക്കും സമ്മർദവും വേണ്ടുവോളമുള്ള ജോലിയിൽനിന്നും ഒന്നും രണ്ടും ആഴ്ചകൾ അവധിയെടുത്ത് കൂട്ടുകാർക്കൊപ്പം വിദേശങ്ങളിലെ കാടുകളിലേക്ക് യാത്രചെയ്യുന്നത് ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്, അങ്ങനെയൊരു യാത്രയിലാണ് അവാർഡ് ചിത്രം മുന്നിലെത്തുന്നത്.
2022 ആഗസ്റ്റിൽ ഖത്തറിൽനിന്നുള്ള മൂന്നുപേർ ഉൾപ്പെടെ 10 പേരുമായാണ് ബ്രസീലിലെ മഴക്കാടുകളിലേക്ക് എത്തിയത്. കാടിനെയും പരിസ്ഥിതിയെയും വന്യജീവികളെയും അറിയാനുള്ള യാത്രയിൽ പക്ഷികളുടെ ചിത്രം പകർത്തുകയായിരുന്നു ലക്ഷ്യം. കാട്ടിനുള്ളിൽ ക്യാമ്പ് ചെയ്ത നാളിൽ ഇതിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി ‘ടാപിർ’മുന്നിലെത്തുന്നത്. സഹയാത്രികയായി രമ്യ തെളിയിച്ച ടോർച്ച് വെളിച്ചത്തിൽ വൈഡ് ലെൻസിലേക്ക് വിഷ്ണു ദശലക്ഷം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള അതിഥിയെ പകർത്തി.
കാഴ്ചയിൽ തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന ആനയെപോലെ തോന്നുന്ന ‘ടാപിർ’ന് പക്ഷേ, ആനയുമായി ഒരു കുടുംബബന്ധവുമില്ല. പ്രകൃതിദുരന്തങ്ങളെയെല്ലാം അതിജീവിച്ച്, ഇപ്പോഴും പിടിച്ചുനിൽക്കുന്ന ഈ ജീവിവർഗം ഇപ്പോൾ വംശനാശ ഭീഷണിയിലാണ്. ഇലയും പഴങ്ങളും ഭക്ഷിക്കുന്ന ഇവയെ മനുഷ്യരും വേട്ടയാടിയതോടെ അപൂർവമായി മാറി.
അങ്ങനെ ഏറെ ചരിത്രപ്രാധാന്യമുള്ള അതിഥിയുടെ ചിത്രം നാച്വറൽ ഹിസ്റ്ററി അവാർഡിനായി അപേക്ഷിക്കാനുള്ള വിഷ്ണുവിന്റെ തീരുമാനവും തെറ്റിയില്ല. തിരഞ്ഞെടുത്ത ശേഷം, നിരവധി അന്വേഷണങ്ങൾ നടത്തിയാണ് അവാർഡ് കമ്മിറ്റി അന്തിമ പ്രഖ്യാപനം നടത്തുന്നത്. വന്യജീവികൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകർത്തുന്ന ചിത്രങ്ങൾക്കു മാത്രമേ പുരസ്കാരം നൽകൂ എന്ന നിയമങ്ങളെല്ലാം പാലിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് വിഷ്ണുവിനെ വിജയിയായി പ്രഖ്യാപിച്ചത്. ഇനി, ലണ്ടനിൽ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രദർശന ഹാളിൽ വിഷ്ണുവിന്റെ ‘ടാപിർ’ തലപ്പൊക്കത്തോടെയുണ്ടാവും.
14 വർഷമായി ഖത്തറിലുള്ള വിഷ്ണു 12 വർഷമായി സജീവ ഫോട്ടോഗ്രഫിയിലുണ്ട്. ജോലിയുടെ ഇടവേളകളിൽ കാമറയുമായുള്ള സഞ്ചാരമാണ് പ്രധാനം. പ്രകൃതിയും വന്യജീവികളുംതന്നെ കാമറയിൽ പകർത്തുന്നതും. ഫോട്ടോഗ്രഫി ഖത്തർ എന്ന കൂട്ടായ്മയുടെ അമരക്കാരൻ കൂടിയായ വിഷ്ണു, നേരത്തെ ഖത്തറിൽ പ്രസിദ്ധീകരിച്ച കൂട് മാസികയുടെ ഫോട്ടോ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര തീർഥത്തിൽ ഗോപാലകൃഷ്ണ പിള്ളയുടെയും അംബികയുടെയും മകനാണ്. ഭാര്യ: സോണി. മക്കൾ: തീർഥ, ശ്രദ്ധ. കുടുംബത്തിനൊപ്പം വുകൈറിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.